സുന്ദരമത്സ്യങ്ങളെ കൃത്രിമപ്രജനനം നടത്തി സിഎംഎഫ്ആർഐ

കൊച്ചി
സമുദ്ര അലങ്കാരമത്സ്യമേഖലയിൽ നിർണായകനേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണിമൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപ്പെട്ട മീനുകളുടെ കൃത്രിമ വിത്തുൽപ്പാദനം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. അക്വേറിയങ്ങളിലെ കടൽസുന്ദരികളായ അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപ്പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശികകേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്.
അക്വേറിയം ഇനങ്ങളിൽ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യപ്രേമികളുടെ ഇഷ്ടമീനുകളുമാണ് ഇവ രണ്ടും. കടലിൽ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസൽ ജീവിക്കുന്നത്. കടുംനീല, -മഞ്ഞ നിറങ്ങളിലാണ് ഇവയുള്ളത്. ചൂഷണഫലമായി വംശനാശഭീഷണിക്കരികിലാണ്. ഒരു മീനിന് വിദേശവിപണിയിൽ 25 ഡോളറും പ്രാദേശികവിപണിയിൽ 350 രൂപയുമാണ് വില.
മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയമീനാണ് ഓർണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്, -ചുവപ്പ്, -വെള്ള നിറങ്ങളിലുള്ള പുള്ളികൾകൊണ്ട് അലങ്കരിച്ച ശരീരവുമാണ് ഈ മീനിന്റെ ദൃശ്യഭംഗി കൂട്ടുന്നത്. അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുക്കുകയും ചെയ്യും. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്. ഉൽപ്പാദനം കൂട്ടാനും കടലിൽ ഇവയുടെ അമിതചൂഷണം തടയാനും സിഎംഎഫ്ആർഐയുടെ പ്രജനന സാങ്കേതികവിദ്യ വഴിയൊരുക്കും. കർഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്ആർഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശികകേന്ദ്രം മേധാവി ഡോ. ബി സന്തോഷ് പറഞ്ഞു.









0 comments