കേന്ദ്ര അവഗണനയ്‌ക്ക് ജനകീയ താക്കീത്

കൊച്ചി
വയനാട് ദുരന്തം സംഭവിച്ച് നാലുമാസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ ധനസഹായം നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ജനകീയ പ്രതിഷേധം അലയടിച്ചു. എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ബിഎസ്‌എൻഎൽ ഭവൻ ഉപരോധത്തിൽ അണിനിരന്നത് ആയിരങ്ങൾ. ദുരന്തത്തിൽ നാനൂറിലേറെ ജീവൻ നഷ്ടപ്പെടുകയും മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം തുടങ്ങിയ ഗ്രാമങ്ങൾ നിശേഷം കുത്തിയൊലിച്ചുപോകുകയും ചെയ്‌തു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ഉണ്ടായിട്ടും കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്‌ക്കെതിരെയാണ് ജനരോഷം ഉയർന്നത്. സമരകേന്ദ്രത്തിലേക്ക് സ്‌ത്രീ–-പുരുഷ ഭേദമെന്യേ നാടാകെ ഒഴുകിയെത്തി.
എറണാകുളം മേനക ജങ്‌ഷനിൽനിന്ന് എൽഡിഎഫ് പ്രവർത്തകർ ബോട്ടുജെട്ടിക്കുസമീപത്തെ ബിഎസ്‌എൻഎൽ ഭവനിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ഉപരോധം എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്‌തു. ഭരണഘടനാപരമായി കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട സഹായം ലഭിച്ചേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുന്ന ഉടനെ ധനസഹായം നൽകുന്ന കേന്ദ്രസർക്കാർ, കേരളത്തെ മാത്രം തിരഞ്ഞുപിടിച്ച് അവഗണിക്കുകയാണ്. മൂന്നരക്കോടി ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് കേന്ദ്രം ചോദ്യംചെയ്യുന്നത്. ഗൗരവകരമായ വിഷയമായിട്ടും കേരളത്തിലെ പ്രതിപക്ഷം നോക്കുകുത്തിയായിരിക്കുകയാണെന്നും പി സി ചാക്കോ പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ധനഹായം ഉടൻ അനുവദിക്കുക, ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, കെ കെ അഷറഫ് (സിപിഐ), ബാബു ജോസഫ് (കേരള കോൺഗ്രസ് എം), സാബു ജോർജ്, ജബ്ബാർ തച്ചയിൽ (ജനതാദൾ എസ്), ടി പി അബ്ദുൾ അസീസ് (എൻസിപി), ജോൺ ഫെർണാണ്ടസ്, സി ബി ദേവദർശനൻ, എം പി പത്രോസ്, സി കെ പരീത്, പുഷ്‌പ ദാസ്, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ (സിപിഐ എം), അനിൽ കാഞ്ഞിലി, (കോൺഗ്രസ് എസ്), എൻ എ മുഹമ്മദ് നജീബ് (ഐഎൻഎൽ), പൗലോസ് മുടക്കന്തല (ജനാധിപത്യ കേരള കോൺഗ്രസ്), ജീവൻ ജേക്കബ് (കേരള കോൺഗ്രസ് എസ്), പി കെ രാഘവൻ (കേരള കോൺഗ്രസ് ബി), ജയ്‌സൺ പാനികുളങ്ങര (ആർജെഡി) തുടങ്ങിയവർ സംസാരിച്ചു.









0 comments