"ഫയർമാൻ' തീയണയ്ക്കും യന്തിരന്‍

കൊച്ചി
തീയണയ്‌ക്കാൻ അഗ്നി രക്ഷാസേനയ്‌ക്ക് ഇനി റോബോട്ടും. ഗാന്ധിനഗർ ഫയർ സ്‌റ്റേഷനിലേക്ക് സർക്കാർ നൽകിയ റോബോട്ടിക് ഫയർ ഫൈറ്ററിന്റെ പ്രദർശനം വൈറ്റില മെട്രോ സ്‌റ്റേഷനുസമീപം നടത്തി. പാചകവാതക സിലിണ്ടറിലെ തീപിടിത്തം ഉൾപ്പെടെ റോബോട്ട് കെടുത്തിയപ്പോൾ പ്രദർശനം കണ്ടവർ പറഞ്ഞു, ഇവനാള് കേമൻ തന്നെ..!
സേനാംഗങ്ങൾക്ക് നേരിട്ട് എത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ എത്തി 100 മീറ്റർ ദൂരത്തുനിന്ന് തീയണയ്ക്കാന്‍ ഈ യന്തിരനാകും. ജർമനിയിൽനിന്നാണ് ഇറക്കുമതി ചെയ്തത്. റിമോട്ട് കൺട്രോൾവഴിയാണ് നിയന്ത്രണം.
രാത്രിയിലും പുകനിറഞ്ഞ് കാഴ്ചമങ്ങിയ അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന് തെർമൽ ഡിക്ടറ്റർ കാമറയിലൂടെ തീപിടിത്തമുണ്ടായ സ്ഥലം കണ്ടെത്താനും സാധിക്കും. ചില മാറ്റങ്ങൾ വരുത്തിയാൽ കെട്ടിടങ്ങളിലെ കോണിപ്പടികള്‍ കയറിപ്പോകാനും സാധിക്കും. തീ കെടുത്താൻ ആവശ്യമായ വെള്ളം ഹോസ് വഴി ഫയർ എൻജിനിൽനിന്നാണ് റോബോട്ടിനെത്തിക്കുന്നത്. ഇതിന്റെ സഞ്ചാരപഥം മോണിറ്ററിലൂടെ വീക്ഷിക്കാം. ഗാന്ധിനഗർ ഫയർസ്റ്റേഷൻ ഓഫീസർ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന രണ്ടുമണിക്കൂർ പ്രദർശനത്തിൽ ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പങ്കെടുത്തു.









0 comments