കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിറ്റ 2 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 02:26 AM | 0 min read


തൃക്കാക്കര
ഭാരതമാതാ കോളേജിനുസമീപം കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിറ്റ രണ്ടുപേരെ എക്സൈസ് പിടികൂടി. തേവയ്‌ക്കലിൽ താമസിക്കുന്ന പുക്കാട്ടുപടി സ്വദേശി മണലിക്കാട്ടിൽ സന്തോഷ് (54, അങ്കിൾ), കാക്കനാട് കൊല്ലംകുടിമുകൾ മണ്ണാരംകുന്നത്ത് കിരൺകുമാർ (35, വാറ്റാപ്പി) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളിൽനിന്നും വാടകവീട്ടിൽനിന്നുമായി 20 ലിറ്റർ ചാരായം കണ്ടെത്തി. 950 ലിറ്റർ വാഷ്,  വാറ്റുപകരണങ്ങൾ, 700 പ്ലാസ്റ്റിക്‌ കാലിക്കുപ്പികൾ എന്നിവയും കണ്ടെടുത്തു.

സന്തോഷാണ് തേവയ്ക്കലിൽ രണ്ടുനില വീട് വാടകയ്‌ക്കെടുത്ത് ചാരായം വാറ്റിയിരുന്നത്. കിരൺ ഓട്ടോറിക്ഷയുമായി ആവശ്യക്കാർ പറയുന്നിടത്തെത്തി പണം കൈപ്പറ്റും. പിന്നാലെ "നാടൻ കുലുക്കി സർബത്ത്’ എന്ന് ബോർഡുള്ള നാനോ കാറുമായി എത്തുന്ന സന്തോഷ്, ചാരായം ഓട്ടോയിലെത്തിച്ച്‌ വിൽപ്പന നടത്തുന്നതാണ്‌ രീതി.

ഒരാഴ്‌ചമുമ്പ്‌ അങ്ങാടിമരുന്നിന്റെ മറവിൽ വ്യാജമദ്യം വിറ്റിരുന്ന മൂന്നുപേരെ കാക്കനാട് ഇടച്ചിറയിൽനിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കുന്നതറിഞ്ഞത്‌. ഓട്ടോറിക്ഷയും നാനോ കാറും രണ്ട് സ്മാർട്ട് ഫോണും പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന്‌ എൻഫോഴ്സ്‌മെന്റ്‌ അസി. കമീഷണർ ടി എൻ സുധീർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home