കളമശേരി കാർഷികോത്സവം 
സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 01:54 AM | 0 min read


കളമശേരി
ഒരാഴ്ച നീണ്ടുനിന്ന കളമശേരി കാർഷികോത്സവം സമാപിച്ചു. സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് സമാപനസമ്മേളനവും കലാപരിപാടികളും ഒഴിവാക്കിയിരുന്നു. ജനപങ്കാളിത്തംകൊണ്ടും ഉൽപ്പന്നവൈവിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് കാർഷികോത്സവം.കളമശേരി ചാക്കോളാസ് പവിലിയനിൽ രണ്ടുലക്ഷം ചതുരശ്രയടിയിൽ 132 സ്റ്റാളുകൾ കാർഷികോത്സവത്തിൽ ഒരുക്കിയിരുന്നു. വിപണനമേള ആയിരങ്ങളാണ് സന്ദർശിച്ചത്.

മണ്ഡലത്തിലെ 17 സഹകരണ സംഘങ്ങളിൽനിന്ന് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ മേളയിലുണ്ടായി. അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, കൂവ–--കൂൺ വിഭവങ്ങൾ, ചെറുധാന്യവിഭവങ്ങൾ എന്നിവമുതൽ സ്റ്റാർ ഹോട്ടലുകളുടെ വിഭവങ്ങൾവരെ നഗരിയിലുണ്ടായി. നഗരിയിൽ ഒരുക്കിയ ലേലത്തറയിൽ ആട്, പച്ചക്കറി, ഗ്യാസ് സ്റ്റൗ എന്നിവ ലേലം ചെയ്തു. ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.എല്ലാ ദിവസവും രാവിലെമുതൽ നടന്ന കലാപരിപാടികളിൽ നൂറുകണക്കിനുപേർ ശ്രോതാക്കളായി. വിപുലമായ പരിപാടികളോടെ അടുത്ത ഓണത്തിന് കാർഷികോത്സവം മൂന്നാംപതിപ്പ് സംഘടിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
 

ബമ്പർ സമ്മാനം 
രാജഗിരി സ്കൂൾ പിടിഎയ്ക്ക്
കളമശേരി കാർഷികോത്സവത്തിൽ പങ്കെടുത്ത് സാധനങ്ങൾ വാങ്ങിയവർക്കായി ഏർപ്പെടുത്തിയ ബമ്പർ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ പിടിഎ വിജയിയായി. പിടിഎയ്ക്കുവേണ്ടി എൻ ഗോപകുമാറാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. ടിവിഎസിന്റെ ജൂപിറ്റർ സ്കൂട്ടറാണ് സമ്മാനം. സ്കൂട്ടർ പിടിഎയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഗോപകുമാർ പറഞ്ഞു. കാർഷികോത്സവത്തിൽ 1000 രൂപയുടെ സാധനങ്ങൾ വാങ്ങിയവരിൽനിന്നാണ് ബമ്പർ വിജയിയെ കണ്ടെത്തിയത്. ഷിജി ഷാജു രണ്ടാംസമ്മാനമായ ടെലിവിഷനും വി അർജുൻ മൂന്നാംസമ്മാനമായ മൊബൈൽഫോണിനും അർഹരായി.

കാർഷികോത്സവ സപ്ലിമെന്റ് വായനക്കാരിൽനിന്നുള്ള നറുക്കെടുപ്പിൽ കെ എ സ്റ്റിൻസൺ, അരവിന്ദൻനായർ, ഷാജി കരിപ്പായി എന്നിവർ സമ്മാനാർഹരായി. 250 രൂപയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലൂടെ പത്തുപേരും വിജയികളായി. വിജയികൾക്ക് മന്ത്രി പി രാജീവ് സമ്മാനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home