കുത്തഴിഞ്ഞ് തുറവൂർ പഞ്ചായത്ത് ഭരണം ; സിപിഐ എം പ്രക്ഷോഭത്തിനൊരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 01:03 AM | 0 min read



അങ്കമാലി
തുറവൂർ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ സിപിഐ എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ  സഞ്ചാരയോഗ്യമാക്കുക, ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, സർക്കാർ അനുവദിച്ച ശുചീകരണഫണ്ട് വകമാറ്റിയത് അന്വേഷിക്കുക, പ്ലാസ്റ്റിക് മാലിന്യശേഖരണം സ്റ്റേഡിയത്തിൽനിന്ന് പുതിയ സ്ഥലത്തേക്ക് മാറ്റുക, പ്ലാസ്റ്റിക് ശേഖരണത്തിനായി വാഹനം വാങ്ങിയതിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്‌.

ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ മഴക്കാലമായതോടെ സഞ്ചാരയോഗ്യമല്ലാതായി. പദ്ധതിക്കുവേണ്ടി പൊളിക്കുന്ന റോഡുകൾ യഥാസമയം പൂർവസ്ഥിതിയിലാക്കണമെന്നുള്ള നിബന്ധന നടപ്പാക്കാൻ കരാറുകാരനോ പഞ്ചായത്ത് ഭരണസമിതിയോ തയ്യാറല്ല. കരാറുകാരും പഞ്ചായത്ത് ഭരണക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിൽ. പദ്ധതിക്ക്‌ ആവശ്യമായ വാട്ടർടാങ്ക് നിർമിക്കുന്ന സ്ഥലം പഞ്ചായത്താണ് കണ്ടെത്തേണ്ടത്. എന്നാൽ, ഇതിനായി ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.

ശുചീകരണപ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് പൂർണമായി ചെലവഴിക്കാതെ വകമാറ്റുകയും ശുചീകരണത്തിൽനിന്ന് പഞ്ചായത്ത് ഒഴിഞ്ഞുനിൽക്കുകയുമാണ്. സർക്കാർ നിർദേശപ്രകാരം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതുണ്ട്. അതിനു തയ്യാറാകാതെ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മാലിന്യം തള്ളുന്നത്. മാലിന്യശേഖരണത്തിനായി ലക്ഷങ്ങൾ ചെലവിട്ട് പുതിയ വാഹനം വാങ്ങിയെങ്കിലും ഉപയോഗിക്കാൻ കഴിയാതെ കയറ്റി ഇട്ടിരിക്കുകയാണ്.

വലിയ സാമ്പത്തികനഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. പ്രധാന ജനകീയപ്രശ്നങ്ങൾ ഉയർത്തിയാണ് സിപിഐ എം തുറവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് ലോക്കൽ സെക്രട്ടറി കെ പി രാജൻ പ്രസ്താവനയിൽ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home