മേനാശേരി പോരാളികൾക്ക‌് പ്രണാമം

ആലപ്പുഴ
ചുടുനിണമൊഴുകിയ മേനാശേരിയിലെ വഴിത്താരകളിൽ വീണ്ടും ചുവപ്പിന്റെ വസന്തം. തൊഴിലാളികളുടെയും യുവതയുടെയും സംഘശക്തിയുടെ കരുത്തിൽ മേനാശേരി രക്തസാക്ഷികൾക്ക‌് വീരോചിത പ്രണാമം. അമേരിക്കൻ മോഡൽ ഭരണപരിഷ‌്കാരത്തിനെതിരെ അലയടിച്ച പുന്നപ്ര–വയലാർ സമരത്തിന്റെ 72–ാം വാർഷികദിനാചരണത്തിന്റെ ഭാഗമായാണ‌് വ്യാഴാഴ‌്ച മേനാശേരിയിലെ വിപ്ലവകാരികൾക്ക‌് നാട‌് രക്താഭിവാദ്യമേകിയത‌്.
രക്തസാക്ഷിസ‌്മരണകൾ പൂവിട്ട പ്രഭാതത്തിലേക്കാണ‌് വ്യാഴാഴ‌്ച നാടാകെ ഉണർന്നത‌്. ചുവപ്പിന്റെ പരവതാനി കണക്കെ ചെങ്കാടിയും തോരണങ്ങളും നിറഞ്ഞ വഴിയോരങ്ങളും കവലകളുമെല്ലാം പുന്നപ്ര–വയലാർ രക്തസാക്ഷി സ‌്മരണയിൽ പൂത്തുലഞ്ഞു. മേനാശേരിയിലെ പോരാട്ടത്തിൽ വിരിമാറുകാട്ടിയ പതിമൂന്നുകാരൻ അനഘാശയന്റെ വീരസ‌്മരണകൾ ഒരിക്കൽകൂടി ജ്വലിച്ചുയർന്നു. മേനാശേരിയിലെ സമരവളണ്ടിയർമാർക്ക‌് നേരെ നിർദാക്ഷിണ്യം പട്ടാളം നടത്തിയ വെടിവയ‌്പ്പിൽ എൺപതോളംപേർ കൊല്ലപ്പെട്ടു.
പൊന്നാംവെളി തോടുവഴി ബോട്ടുകളിൽ യന്ത്രത്തോക്കുകളേന്തി എത്തിയ പട്ടാളക്കാർ സമരക്യാമ്പിനെ വളഞ്ഞായിരുന്നു ആക്രമിച്ചത്.
പെട്ടെന്നുണ്ടായ വെടിവയ‌്പ്പിനെ വാരിക്കുന്തവുമായി നേരിട്ടെങ്കിലും പിടിച്ചുനിൽക്കാനാകാതെ സമരഭടന്മാർ പോർക്കളത്തിൽ വീണു. വെടിയേറ്റവരുടെ ജഡങ്ങൾ തോട്ടിലും കുളത്തിലുംവരെ നിറഞ്ഞതായി ചരിത്രം ഓർമപ്പെടുത്തുന്നു.
മേനാശേരി രക്തസാക്ഷികളെ നെഞ്ചോട‌് ചേർത്ത‌് പ്രകടനത്തിലും പൊതുസമ്മേളനത്തിലുമെല്ലാം പങ്കെടുക്കാൻ ബഹുജനങ്ങളാകെയെത്തി.
വൈകിട്ട‌് പട്ടണക്കാട‌് പഞ്ചായത്തിലെ 19 വാർഡുകളിൽനിന്നുള്ള ചെറുപ്രകടനങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേനാശേരി മണ്ഡപത്തിലെത്തി.
ബലികുടീരത്തിലെ രക്തസാക്ഷികൾക്ക‌്നൂറുകണക്കിന‌് കരങ്ങളിൽനിന്ന‌് പുഷ‌്പങ്ങൾ അർപ്പിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരും പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ഏകീകൃത പ്രകടനം പൊതുസമ്മേളനം നടക്കുന്ന പൊന്നാംവെളി ടൗണിലെത്തി.
അനഘാശയൻനഗറിൽ നടന്ന രക്തസാക്ഷി അനുസ‌്മരണസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനായി.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, മുൻ മന്ത്രി മുല്ലക്കര രത്നാകരൻ , സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംഎൽഎ, ഇരു കമ്മ്യൂണിസ്റ്റ് പാർടി നേതാക്കൻമാരായ ടി പുരുഷോത്തമൻ, മനു സി പുളിക്കൽ, പി കെ സാബു, എൻ എസ് ശിവ പ്രസാദ്, എം സി സിദ്ധാർത്ഥൻ, എൻ പി ഷിബു, ടി ടി ജിസ‌്മോൻ, ടി കെ രാമനാഥൻ, കെ വി ദേവദാസ് ,എസ് ബാഹുലേയൻ, കെ ജി പ്രിയദർശനൻ, സി കെ മോഹനൻ, വി വി മുരളീധരൻ, പി സി ബൈജു, സി ബി മോഹൻദാസ് എന്നിവർ സംസാരിച്ചു.
വാരാചരണ കമ്മിറ്റി സെക്രട്ടറി പി ഡി ബിജു സ്വാഗതം പറഞ്ഞു.









0 comments