കൈനകരിയിലെ പമ്പിങ‌് ഉടൻ പൂർത്തിയാക്കും

ആലപ്പുഴ
കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിങ‌് ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും ഇനിയും വീടുകളിൽനിന്ന‌് വെള്ളമിറങ്ങാത്ത സ്ഥലങ്ങളിലുള്ളവരെ മടക്കിക്കൊണ്ടുവരുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിലാണ് പമ്പിങ‌് നടക്കുന്നതെന്നും കലക‌്ടറുടെ ചുമതല വഹിക്കുന്ന ഗ്രാമവികസന കമീഷണർ എൻ പത‌്മകുമാർ പറഞ്ഞു. കൈനകരിയിലെ കനകശേരി, വടക്കേ വാവാക്കാട്, കൂലിപ്പുരയ‌്ക്കൽ, പരിത്തിവളവ്, ആർ ബ്ലോക്ക് എന്നിവിടങ്ങളിലെ പമ്പിങ‌് അദ്ദേഹം നേരിട്ട‌് വിലയിരുത്തി. ഇതിൽ പമ്പിങ‌് ആരംഭിച്ചിട്ടില്ലാത്ത കൂലിപ്പുരയ‌്ക്കൽ പാടശേഖരസമിതിയുടെ ഭാരവാഹിയോട‌് ഉടൻ പമ്പിങ‌് ആരംഭിക്കാൻ നിർദേശം നൽകി.
വിവിധ പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാനായി 34 പമ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്. താൽകാലികമായി എത്തിച്ചിരിക്കുന്ന ബാർജുകളിലാണ് പമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. ഏഴുദിവസത്തിനകം കൈനകരിയിലെ മടവീഴ‌്ചയുണ്ടായ പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാനാണ് ലക്ഷ്യം. ഇതിനായി 31 പമ്പുകളാണ് കൈനകരിയിൽമാത്രം സ്ഥാപിച്ചിട്ടുള്ളത്. മണിക്കൂറിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ കഴിവുള്ളതാണ് ഇവിടെയെത്തിച്ച പമ്പുകൾ. വെള്ളംകയറി നശിച്ച പമ്പുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനായി കൊല്ലത്തുനിന്നുള്ള സംഘം ചൊവ്വാഴ‌്ച ജില്ലയിലെത്തും. ഡെപ്യൂട്ടി കലക‌്ടർ മുരളീധരൻപിള്ള, ഇറിഗേഷൻ എക‌്സിക്യൂട്ടീവ് എൻജിനിയർ ഹരൺ ബാബു, കൃഷിവകുപ്പ് അസിസ‌്റ്റന്റ് എക‌്സിക്യൂട്ടീവ് എൻജിനിയർ ഷൈനി ലൂക്കോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ് എന്നിവർ കലക‌്ടറോടൊപ്പമുണ്ടായി.









0 comments