സാം എബ്രഹാമിന്റെ വിധവ അനു ജോലിയിൽ പ്രവേശിച്ചു

മാവേലിക്കര
ജമ്മുകശ‌്മീരിലെ അതിർത്തിയിൽ പാക് വെടിവെയ‌്പിൽ വീരമൃത്യുവരിച്ച ലാൻസ് നായിക് മാവേലിക്കര പോനകം തോപ്പിൽ വീട്ടിൽ സാം എബ്രഹാമിന്റെ ഭാര്യ അനു മാത്യു സർക്കാർ ജോലിയിൽ പ്രവേശിച്ചു. എൽഡിഎഫ‌് സർക്കാരാണ‌് മാവേലിക്കര എആർ ഓഫീസിൽ എൽഡി ക്ലർക്കായി നിയമിച്ചത‌്. ബികോം ബിരുദധാരിയാണ‌് അനു.
വ്യാഴാഴ‌്ച ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ ശ്രീകുമാർ മുമ്പാകെ റിപ്പോർട്ട‌് ചെയ‌്തശേഷമാണ‌് അനു പകൽ മൂന്നോടെ മാവേലിക്കര എആർ ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചത‌്. ആർ രാജേഷ് എംഎൽഎ, മാവേലിക്കര നഗരസഭാധ്യക്ഷ ലീലാ അഭിലാഷ്, നഗരസഭാ കൗൺസിലർ അഡ്വ. നവീൻ മാത്യു ഡേവിഡ്, സാം എബ്രഹാമിന്റെ അച്ഛൻ എബ്രഹാം എന്നിവരും അനുവിനൊപ്പമുണ്ടായി.
സിക്സ് മദ്രാസ് റജിമെന്റിലെ ലാൻസ് നായിക്കായിരുന്ന സാം, ജമ്മുവിൽ അഗ്‌നൂർ ജില്ലയിലെ സുന്ദർബനിയിൽ ജനുവരി 19 നാണ് അതിർത്തിൽ വെടിവയ‌്പിൽ കൊല്ലപ്പെട്ടത്. സെപ്തംബറിൽ സർവീസ് പൂർത്തിയാക്കാനിരിക്കെയായിരുന്നു മരണം.
എട്ടുമാസം ഗർഭിണിയായിരുന്ന അനു, ഫെബ്രുവരി 28 ന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. അനുവിനെയും സാമിന്റെ കുടുംബത്തെയും സന്ദർശിക്കാനെത്തിയ മന്ത്രി ജി സുധാകരൻ സർക്കാർ ജോലി ഉറപ്പുനൽകിയാണ് അന്ന് മടങ്ങിയത്. മന്ത്രിയോടും എൽഡിഎഫ് സർക്കാരിനോടും തീരാത്ത കടപ്പാടുണ്ടെന്ന് സാമിന്റെ അച്ഛൻ ടി ജെ എബ്രഹാം പറഞ്ഞു.









0 comments