മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി 4 പേർക്ക് പരിക്ക്

മാരാരിക്കുളം
ഓമനപ്പുഴയിൽ റോഡരികിൽ നിന്ന മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞു കയറി നാലുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമനപ്പുഴ നടീപ്പറമ്പിൽ ഫ്രാൻസീസ് സെബാസ്റ്റ്യൻ( 48 ), മാവേലിത്തയ്യിൽ ഫെലിക്സ് കുഞ്ഞുമോൻ (64), മാവേലിത്തയ്യിൽ മെൽബൻ മർസാൾ (48) കുന്നേൽ വിൻസന്റ് (48) എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇവരിൽ ഫ്രാൻസിസ് സെബാസ്റ്റ്യന് ഗുരുതര പരിക്കാണ്.
വ്യാഴം പുലർച്ചെ മൂന്നോടെ തീരദേശ റോഡിലാണ് സംഭവം. ഓമനപ്പുഴ പള്ളിക്ക് വടക്ക് വള്ളം ഉടമ മാവേലിതയ്യിൽ ജോസഫ് ലൂയീസിന്റെ വീടിന് എതിർ ഭാഗത്തു റോഡരുകിൽ നിൽക്കുമ്പോഴാണ് അപകടം.
ജോസഫിന്റെ സ്നേഹതീരം വള്ളത്തിൽ തോട്ടപ്പള്ളിയിൽ നിന്നും മീൻ പിടിക്കാൻ പോകാൻ 13 തൊഴിലാളികളാണ് കാത്തുനിന്നത്. ഇവരെ കൊണ്ടു പോകാൻ ഉടമയുടെ വീട്ടിൽ നിന്നും വാഹനം വരുന്നതിനായി നിൽക്കുന്നതിനിടെയാണ് അപകടം.
വടക്ക് നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് തൊഴിലാളികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന തൊഴിലാളികളിൽ നാലു പേർക്കാണ് പരിക്കേറ്റത്. മറ്റുള്ളവർ പടിഞ്ഞാറുഭാഗത്തേക്ക് ഓടിമാറി. തെക്കോട്ടു ഓടിയ നാലു തൊഴിലാളികളിൽ വിൻസെന്റ് ഒഴികെയുള്ളവരെ നാട്ടുകാർ കാറിനടിയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.
ആദ്യം ചെട്ടികാട് ആശുപത്രിയിലും തുടർന്ന് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഫ്രാൻസിസ് സെബാസ്റ്റ്യന്റെ തലയ്ക്കും വയറിനും മറ്റുമാണ് ഗുരുതര പരിക്കേറ്റത്. ഫെലിക്സിന്റെ തലയ്ക്കും മെൽബന്റെ കാലിനും വിൻസന്റിന്റെ കൈയ്ക്കുമാണ് പരിക്ക്.ആശുപത്രിയിൽ കഴിയുന്നവരെ പി പി ചിത്തരഞ്ജൻ എം എൽ എ സന്ദർശിച്ചു.









0 comments