ഒറ്റമശേരിതീരം കാക്കാൻ 23.6 കോടിയുടെ പദ്ധതി

ചേർത്തല
ഒറ്റമശേരി തീരമേഖലയെ കടലാക്രമണത്തിൽനിന്ന് സംരക്ഷിക്കാൻ 23.6 കോടി രൂപയുടെ പുതുക്കിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരംനൽകി. പുതുക്കിയ എസ്‌റ്റിമേറ്റ് അംഗീകരിച്ച് തിങ്കളാഴ്‌ച സർക്കാർ ഉത്തരവിറക്കി. ടെട്രാപോഡ് ഉപയോഗിച്ച് തീരസംരക്ഷണത്തിന് നേരത്തെ അനുവദിച്ച പദ്ധതിയിൽ ജോലി ആരംഭിച്ച കമ്പനിതന്നെ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
960 മീറ്റർ ദൈർഘ്യത്തിലെ കടലോരം അതിരൂക്ഷ കടലാക്രമണത്തിന് നിരന്തരം വിധേയമാകുകയും വീടുകളുൾപ്പെടെ തകരുകയുംചെയ്‌ത സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക താൽപ്പര്യത്തോടെ പദ്ധതി ആവിഷ്‌കരിച്ചത്. 2019ലാണ് പഠനങ്ങൾക്ക് ശേഷം ചെന്നൈ ഐഐടിയുടെ രൂപരേഖ അനുസരിച്ച് എസ്‌റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നൽകിയത്. കരാറുകാർ രണ്ട് ടണ്ണിന്റെ ടെട്രാപോഡ് നിർമിക്കാൻ തുടങ്ങി.
തുടർപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് സർവേ നടത്തണമെന്ന ഐഐടി നിർദേശപ്രകാരം നടത്തിയ സർവേയിൽ കടലിന്റെ ആഴം രണ്ട് മീറ്റർവരെ വർധിച്ചതായി കണ്ടെത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഐഐടി രൂപരേഖ പുതുക്കിനൽകി. നിർമാണത്തിനാവശ്യമായ പാറയുടെ വലിപ്പവും അളവും വർധിച്ചു. രണ്ട് ടണ്ണിന്റെ ടെട്രാപോഡിന് പകരം അഞ്ച് ടണ്ണിന്റേത് ഉപയോഗിക്കാൻ നിർദേശിക്കുകയുംചെയ്‌തു. ഇതോടെ എസ്‌റ്റിമേറ്റ് തുക 46.4 ശതമാനം ഉയർന്നു.
എസ്‌റ്റിമേറ്റിൽ വലിയ വർധനയായതിനാൽ അംഗീകാരം ലഭിച്ചശേഷമേ നിർമാണം പുനരാരംഭിക്കാവൂയെന്ന് കിഫ്‌ബി നിർദേശിച്ചു. പഴയ രൂപരേഖ അനുസരിച്ച് ടെട്രാപോഡ് നിർമാണം നിർത്തിയാണ് കിഫ്‌ബി അനുമതിക്ക് നടപടി തുടർന്നത്. ശാസ്‌ത്രീയ പഠനങ്ങൾക്ക് ശേഷം കഴിഞ്ഞ ജനുവരിയിൽ പുതുക്കിയ ഡിസൈൻ സർക്കാരിന് സമർപ്പിച്ചു.
ഇതിനിടെ കടലാക്രമണം രൂക്ഷമായതോടെ കിഫ്‌ബി അനുമതിയോടെ ടെട്രാപോഡ് ഉപയോഗിച്ച് താൽക്കാലിക സംവിധാനം ഒരുക്കി. പിന്നാലെയാണ് പുതുക്കിയ എസ്‌റ്റിമേറ്റിന് അംഗീകാരം നൽകി തിങ്കളാഴ്‌ച സർക്കാർ ഉത്തരവിറക്കിയത്.









0 comments