സന്തോഷത്തിന്റെ താക്കോലുമായി കുടുംബശ്രീ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 01:17 AM | 0 min read

 ആലപ്പുഴ 

കുടുംബങ്ങളുടെ സന്തോഷസൂചിക ഉയർത്താനുള്ള ‘ഹാപ്പി കേരള’ പദ്ധതിയുടെ ഭാഗമായി ഹാപ്പിനസ് കേന്ദ്രങ്ങൾ ഒരുക്കാൻ കുടുംബശ്രീ. കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിന് അനുസൃതമായ രീതിയിൽ സന്തോഷത്തെ നിർവചിക്കാനുള്ള സമഗ്ര സമീപനവുമായാണ്‌ പുതിയ ചുവടുവയ്‌പ്. വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത തുടങ്ങിയ ഏഴ്‌ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി കുടുംബങ്ങളുടെ സന്തോഷം ഉറപ്പാക്കുകയും കല, കായിക, സാംസ്‌കാരിക പങ്കാളിത്തം, ഫലപ്രദമായ ആശയവിനിമയം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയിലൂടെ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയുമാണ്‌ ലക്ഷ്യം. 
ജില്ലയിലെ 12 മാതൃക സിഡിഎസുകളിലാണ്‌ ആദ്യഘട്ടത്തിൽ നടപ്പാക്കുക. സിഡിഎസ്‌ കേന്ദ്രങ്ങളിൽ ഹാപ്പിനസ്‌ കേന്ദ്രങ്ങളും ഓരോ വാർഡിലും നാൽപ്പതുവരെ കുടുംബങ്ങളെ ഉൾപ്പെടുത്തി വാർഡുതല ഇടങ്ങളും രൂപീകരിക്കും.  ജില്ലയിൽനിന്ന്‌ 10 പേർ വീതം ആകെ 140 പേരാണ്‌ സംസ്ഥാനത്തൊട്ടാകെ പരിശീലനം പൂർത്തിയാക്കിയത്‌. ഇവരുടെ നേതൃത്വത്തിലാണ്‌ ജില്ലാതല പരിശീലനം. ജില്ലയിലെ 12 സിഡിഎസുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 60 പേർ വീതമുള്ള രണ്ട്‌ ബാച്ചുകളായാണ്‌ മൂന്ന്‌ ദിവസത്തെ പരിശീലനം. ആദ്യബാച്ചിന്റെ പരിശീലനം ചെങ്ങന്നൂർ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ ബുധനാഴ്‌ച ആരംഭിച്ചു. റിസോഴ്‌സ്‌ പേഴ്‌സൺമാർക്ക്‌ പുറമേ ന്യൂട്രീഷ്യനിസ്‌റ്റ്‌, സൈക്കോളജിസ്‌റ്റ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശീലനം നൽകുന്നത്‌. പരിശീലനത്തിനുശേഷം ഇവരെ ഉപയോഗപ്പെടുത്തി മാതൃകാ സിഡിഎസുകളിൽ സർവേ നടത്തും. കുടുംബങ്ങളുടെ ഹാപ്പിനസ് ഇൻഡക്‌സ് ഉയർത്താനാവശ്യമായ സൂക്ഷ്‌മതല പദ്ധതിയും തയ്യാറാക്കും.
പദ്ധതി നടത്തിപ്പിന് സംസ്ഥാന–- ജില്ലാ സിഡിഎസ്, എഡിഎസ്‌ തലത്തിൽ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. പദ്ധതിപ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനുമായി വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികൾ, വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെട്ട മേൽനോട്ടസമിതിയും രൂപീകരിക്കും. തദ്ദേശവകുപ്പ് മുഖ്യപങ്കാളിത്തം വഹിക്കും. ജില്ലാതല ആദ്യബാച്ചിന്റെ പരിശീലനം കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ്‌ രഞ്‌ജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു.


deshabhimani section

Related News

View More
0 comments
Sort by

Home