കുറുവ സംഘം വീണ്ടും ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 01:35 AM | 0 min read

 മാരാരിക്കുളം 

ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വീടുകളിൽ കുറുവസംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം വീണ്ടും. മണ്ണഞ്ചേരിയിൽ രണ്ട്‌ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് മാല കവർന്നു. നിരവധി വീടുകളിൽ മോഷണ ശ്രമമുണ്ടായി. ചൊവ്വ പുലർച്ചെയാണ്‌ കവർച്ച. രണ്ടുപേരാണ്‌ പ്രതികളെന്ന്‌ സംശയിക്കുന്നു. 
  പഞ്ചായത്ത്‌ 12 –-ാം വാർഡിൽ സ്‌പിന്നിങ്‌ മില്ലിന് പടിഞ്ഞാറ്‌ മടയാംതോടിനു സമീപം നായ്ക്കംവെളി അജയകുമാറിന്റെ വീട്ടിൽ അർധരാത്രി 12 കഴിഞ്ഞപ്പോഴാണ് മോഷണം.  ഭാര്യ ജയന്തിയുടെ കഴുത്തിൽനിന്ന്‌ മാല പൊട്ടിച്ചെടുത്തു. മാലയും കൊളുത്തും സ്വർണമായിരുന്നില്ല. വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സ്വർണത്താലി തറയിൽനിന്ന്‌ കിട്ടി. ബന്ധുവായ ആശവർക്കർ തങ്കമ്മ പഞ്ചായത്തംഗം ദീപ്തി അജയകുമാറിനെ ഉടനെ വിവരം അറിയിച്ചു. മണ്ണഞ്ചേരി പൊലീസും പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉല്ലാസും  ഉടനെ സ്ഥലത്തെത്തി.
   11-–-ാം വാർഡിൽ തമ്പകച്ചുവട് എസ്എൻഡിപിക്ക് പടിഞ്ഞാറ് മാളിയേക്കൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ  മാല കഴുത്തിൽനിന്ന്‌ മുറിച്ചെടുത്തു. പേഴ്‌സിൽനിന്ന്‌ പണവും കവർന്നു. കുഞ്ഞുമോന്റെ അയൽവാസി പോട്ടയിൽ രാജന്റെ വീടിന്റെ കതക് തുറക്കാൻ ശ്രമം നടത്തി. വാഴച്ചിറ ഷാജിയുടെ വീടിന്റെ ഗേറ്റ് തുറന്നെങ്കിലും മോഷ്ടാക്കൾ ഉള്ളിലേക്ക് കടന്നില്ല. കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രന്റെ  വീടിന്റെ അടുക്കള വാതിലും പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല.  മണ്ണഞ്ചേരി,  ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്‌ ഈ വീടുകൾ.  ആലപ്പുഴ ഡിവൈ എസ് പി മധു ബാബു,  മണ്ണഞ്ചേരി എസ്‌ എച്ച്‌ ഒ പി ടോൾസൺ‌,  എസ് ഐ കെ ആർ ബിജു തുടങ്ങിയവർ സ്ഥലത്തെത്തി.


deshabhimani section

Related News

View More
0 comments
Sort by

Home