വീടുകൾ കടലാക്രമണഭീഷണിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 12:09 AM | 0 min read

ഹരിപ്പാട് 
ആറാട്ടുപുഴ പത്തിശേരി ജങ്ഷനിൽ രണ്ട്‌ വീട്‌ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിൽ. വലിയ കടവിൽ പടീറ്റതിൽ സദാനന്ദൻ, സിന്ധുഭവനത്തിൽ രാധ എന്നിവരുടെ വീടുകളാണ് കടലാക്രമണഭീഷണിയിൽ. വീടുകളുടെ അടിത്തറയുടെ ഒരു ഭാഗം അടർന്ന്‌ നിലംപൊത്താറായിട്ടും അടിയന്തിര പ്രതിരോധ നടപടികളൊന്നും അധികൃതരിൽനിന്നില്ല.
നിർമാണത്തൊഴിലാളിയായ സദാനന്ദന് ശാരീരിക പ്രശ്നങ്ങളാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. ഭാര്യ സുലജയും രണ്ട്‌ പെൺമക്കളുമാണ് വീട്ടിലുള്ളത്. കയർ പിരിച്ചിരുന്ന സ്ഥലം കടലെടുത്തതോടെ അതിൽനിന്നുള്ള വരുമാനവും നഷ്‌ടമായി. 
വീടിന്റെ അടിത്തറയോട് ചേർന്ന ഒരുഭാഗത്തെ മണൽ കടലാക്രമണത്തിൽ ഒലിച്ച്‌ അസ്ഥിവാരത്തിലെ കരിങ്കല്ലുകൾ വിള്ളൽവീണ്‌ അടർന്ന നിലയിലാണ്. വീടിന്റെ നാലുമീറ്റർ മാത്രം അകലെയുള്ള കടൽഭിത്തി കടൽക്ഷോഭത്തിൽ ഇടിഞ്ഞുതാഴ്‌ന്നു. അവിടെ രൂപംകൊണ്ട വിള്ളലിലൂടെ  അടിച്ചുകയറുന്ന തിരയിൽ വീടിന്റെ അടിത്തറയിലെ മണൽ കടലിലേക്കൊഴുകി ഈ ഭാഗം കൂപ്പുകുത്തുന്ന അവസ്ഥയിലാണ്‌. വീട്ടിലെ ശുചിമുറിയും സെപ്റ്റിക് ടാങ്കിന്റെ തൊടികളും തകർന്നിട്ട്‌ മാസങ്ങളായി. കടൽഭിത്തി നിർമിച്ച്‌ വീട്‌ സംരക്ഷിക്കുക തൽക്കാലം അസാധ്യമായ സാഹചര്യത്തിൽ വീടിന്‌ ചുറ്റും മണൽച്ചാക്ക്‌ അടുക്കാനെങ്കിലും അധികൃതരിൽനിന്ന്‌ നടപടി വേണമെന്നാണ്‌ സദാനന്ദന്റെ കുടുംബത്തിന്റെ ആവശ്യം.

 



deshabhimani section

Related News

View More
0 comments
Sort by

Home