സുരക്ഷിത തീരമണഞ്ഞത്‌ 302 കുടുംബം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:20 AM | 0 min read

ആലപ്പുഴ 
ഇരച്ചെത്തുന്ന കടൽവെള്ളത്തിൽ നിന്നും ഉപ്പുകാറ്റേറ്റ്‌ തകർന്നു വീഴുന്ന മതിലുകളിൽ നിന്നും പുനർഗേഹം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ജില്ലയിൽ ആശ്വാസ തീരത്തെത്തിച്ചത്‌ 302 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ.  വേലിയേറ്റ ഭീഷണിയുടെ നാളുകളിൽ നിന്ന്‌ വിടുതൽ നൽകാൻ പദ്ധതി പ്രകാരം ഇതുവരെ 69.995 കോടി രൂപയാണ്‌ സർക്കാർ പുനർഗേഹം പദ്ധതിയിലൂടെ ചെലവഴിച്ചത്‌. 
2018-–-19ലാണ്‌ തീരദേശത്തെ വേലിയേറ്റ രേഖയിൽ നിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കാനായി  ജില്ലയിൽ സർവേ നടത്തിയത്‌. വേലിയേറ്റ പരിധിയിൽ 4660 കുടുംബങ്ങളാണ്‌ താമസിക്കുന്നതെന്ന്‌ കണ്ടെത്തി. 1212 കുടുംബങ്ങൾ പദ്ധതിയിലൂടെ മാറിത്താമസിക്കുന്നതിന് സമ്മതം അറിയിച്ചു. ഒരു കുടുംബത്തിന് പരമാവധി 10 ലക്ഷം രൂപയാണ് സർക്കാർ ധനസഹായമായി നൽകുന്നത്‌. 
 860 ഗുണഭോക്താക്കൾ വീട്‌ നിർമിക്കാനായി ഭൂമി കണ്ടെത്തി. ഭൂമിയുടെ വിലയും ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റി അംഗീകരിച്ചിരുന്നു. 737 ഗുണഭോക്താക്കൾ ഭൂമി വാങ്ങി രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചു. 561 ഗുണഭോക്താക്കൾ പദ്ധതി ധനസഹായം പൂർണമായും കൈപ്പറ്റി. 350 ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തീകരിച്ചു. 302 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക്‌ മാറി. 
ഫ്ലാറ്റ്‌  
നിർമാണം 
അന്തിമഘട്ടത്തിൽ 
പുനർഗേഹം പദ്ധതി പ്രകാരം മണ്ണുംപുറത്ത് 204 ഫ്ലാറ്റുകളുടെ നിർമാണമാണ്‌ പുരോഗമിക്കുന്നത്‌. 20 കോടി ചെലവഴിച്ചാണ്‌ ഫ്ലാറ്റ്‌ ഒരുക്കുന്നത്‌. 3.48 ഏക്കർ സ്ഥലത്ത്‌ തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല. ഫേസ്‌ ഒന്നിലെ 48 ഫ്ലാറ്റുകളിൽ പ്ലാസ്‌റ്ററിങ്‌, പ്ലമ്പിങ്‌, ജനാലകളും മുൻവശത്തെ വാതിലും ഘടിപ്പിക്കുന്ന ജോലികൾ എന്നിവ പൂർത്തിയായി. ഫേസ്‌ രണ്ടിലുൾപ്പെട്ട 48 ഫ്ലാറ്റുകളുടെയും എല്ലാ ജോലികളും പൂർത്തിയായി. 36 ഫ്ലാറ്റുകൾ വീതമുള്ള മൂന്ന്‌, നാല്‌, അഞ്ച്‌ ഫേസുകളിലെ പ്ലാസ്‌റ്ററിങ്‌ ജോലി പൂർത്തിയായി. മറ്റു പ്രവൃത്തികളും ഉടൻ പൂർത്തിയാക്കും.


deshabhimani section

Related News

View More
0 comments
Sort by

Home