ഓണമുണ്ണാം നല്ലോണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 12:47 AM | 0 min read

അഞ്ജലി ഗംഗ

ആലപ്പുഴ
ഇത്തവണ ഓണത്തിന്‌ പച്ചക്കറി വില ഓർത്ത്‌ പേടിക്കേണ്ട. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച്‌ ഇക്കുറി പച്ചക്കറി വില  കുറഞ്ഞു.
തിരുവോണത്തിന്‌ ദിവസങ്ങൾ ബാക്കിനിൽക്കെയാണ്‌ വെണ്ടയ്ക്ക, പയർ, ബീറ്റ്‌റൂട്ട്‌ എന്നിവയ്ക്ക്‌ വില കുറഞ്ഞത്‌. ബീറ്റ്‌റൂട്ട്‌ കിലോയ്‌ക്ക്‌ 90 രൂപവരെ എത്തിയിരുന്നു. ഇപ്പോൾ 40 രൂപയോളമായി. വെണ്ടയ്‌ക്കും പയറിനും കിലോയ്ക്ക്‌ 60 രൂപ വരെയെത്തിയതും കഴിഞ്ഞ ആഴ്ചയോടെ 40 ആയി. ഇത്‌ മാറ്റമില്ലാതെ തുടരുകയാണ്‌. നാടൻ തക്കാളിയ്ക്ക്‌ 30 രൂപയും വരവ്‌ തക്കാളിയ്ക്ക്‌ 40 രൂപയുമാണ്‌ നിലവിലെ വില. ഓണക്കാലത്ത്‌ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഏത്തയ്‌ക്ക കിലോയ്ക്ക്‌ 50- രൂപയ്‌ക്ക്‌ ലഭിക്കും. 
ജില്ലയുടനീളം ഓണച്ചന്തകളിലേയ്ക്കായി തദ്ദേശീയമായി കൃഷി ചെയ്തിരുന്നതിനാൽ പച്ചക്കറിയും ആവശ്യത്തിനുണ്ട്‌. പൊതുവിപണിയിൽ പച്ചക്കറി വില കൂടാതെ  പിടിച്ചുനിർത്തുന്നതിന്‌ തദ്ദേശീയഉൽപ്പാദനവും സഹായിച്ചു. കുടുംബശ്രീയുടേയും ഹോർട്ടികോർപ്പിന്റെയും ഇടപെടലും വിലക്കയറ്റം പിടിച്ചുനിർത്തി. 
കുടുംബശ്രീ ഓണക്കനി പദ്ധതിയിലൂടെ 69 സിഡിഎസുകളിലായി 1745  ജെഎൽജികൾ 508.85 ഏക്കർ ഭൂമിയിലായി വഴുതന, പയർ, പാവൽ, വെണ്ട, ചേന, ചേമ്പ്  മുതലായ പച്ചക്കറികൾ കൃഷി ചെയ്യുന്നു.
ഹോർട്ടികോർപ്പ്‌ വഴി സെപ്‌തംബർ 11 മുതൽ 14 വരെ സബ്‌സിഡിയിലൂടെ പച്ചക്കറി ലഭ്യമാക്കും. 
നിലവിൽ ആലപ്പുഴ പുന്നപ്ര വയലാർ സ്‌മാരക ഹാളിൽ ഹോർട്ടികോർപ്പിന്റെ ഓണച്ചന്ത തുടങ്ങിയിട്ടുണ്ട്‌. ചൊവ്വാഴ്ച ചേർത്തലയിൽ സപ്ലൈകോ ഓണച്ചന്തയോടൊപ്പം ഹോർട്ടികോർപിന്റെ ഒരു ചന്ത കൂടി ആരംഭിക്കും. 
 
വെളുത്തുള്ളി 
പൊള്ളും 
പിടിച്ചാൽ കിട്ടാത്ത വിലയാണ്‌ വെളുത്തുള്ളിക്ക്‌. കിലോയ്ക്ക്‌ 380. ക്യാരറ്റിനും വിലക്കൂടുതലാണ്‌. കിലോയ്ക്ക്‌ 100 രൂപയാണ്‌ വില. എരിപൊരി വിലയാണ്‌ പച്ചമുളകിനും  കിലോയ്ക്ക്‌ 80 രൂപ. 


deshabhimani section

Related News

View More
0 comments
Sort by

Home