വിളവെടുപ്പിനൊരുങ്ങി ഓണക്കനികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:33 AM | 0 min read

ആലപ്പുഴ
വിളവെടുപ്പിന്‌ തയ്യാറായി കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറിത്തോട്ടങ്ങൾ. ഓണക്കനി പദ്ധതിയിലെ 69 സിഡിഎസുകളിലൂടെ 508.85 ഏക്കർ ഭൂമിയിലാണ്‌ കൃഷി. 1745 ജോയിന്റ്‌ ലയബിലിറ്റി ഗ്രൂപ്പുകളിലെ 7544 വനിതാ കർഷകരാണ്‌ കൃഷി ഇറക്കിയത്‌. 
വഴുതന, പയർ, പാവൽ, വെണ്ട, ചേന, ചേമ്പ്  മുതലായ പച്ചക്കറികളാണ്‌ നട്ടുപിടിപ്പിച്ചത്‌. ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വിപണനമാണ്‌ പദ്ധതി ലക്ഷ്യംവയ്‌ക്കുന്നത്‌. ജില്ലയിലെ 80 സിഡിഎസുകളിലായും കുടുംബശ്രീ ഓണച്ചന്ത ഒരുക്കും. ചെങ്ങന്നൂരിലാണ്‌ ഓണച്ചന്തയുടെ ജില്ലാതല ഉദ്‌ഘാടനം.  
ഫ്രഷ്‌ ബൈറ്റ്‌സ്‌ നിർമാണം തുടങ്ങി
ഇക്കുറി ഓണസദ്യയിൽ ഇടംപിടിക്കാൻ കുടുംബശ്രീ ഉപ്പേരിയുമുണ്ട്‌. കുടുംബശ്രീ മിഷൻ കെ ലിഫ്‌റ്റ്‌ പദ്ധതിയിലൂടെയാണ്‌ ഫ്രഷ്‌ ബൈറ്റ്‌സ്‌ എന്ന പേരിൽ കായ വറുത്തതും ശർക്കരവരട്ടിയും വിപണിയിൽ എത്തിക്കുന്നത്‌. 100 ഗ്രാമിന്‌ 40 രൂപയും 250 ഗ്രാമിന്‌ 100 രൂപയുമാണ്‌ വില. ജില്ലയിൽ 26 കുടുംബശ്രീ യൂണിറ്റുകൾ ചേർത്ത്‌ കൺസോർഷ്യം രൂപീകരിച്ചിരുന്നു. ഇതിൽ തോട്ടപ്പള്ളിയിലെ യൂണിറ്റ്‌ ഉപ്പേരി നിർമാണം ആരംഭിച്ചു. വിവിധ യൂണിറ്റുകളിലെ ഉപ്പേരി ഗുണമേന്മയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച്‌ ഓണത്തിന്‌ മുമ്പ്‌ പുറത്തിറക്കും. 
പൂക്കളം 
പൊളിപൊളിക്കും
കുടുംബശ്രീയുടെ നിറപൊലിമ പദ്ധതി വഴി  76 സിഡിഎസുകളിലായി  119.64 ഏക്കറിലാണ്‌ ഇക്കുറി പൂക്കൾ കൃഷിചെയ്യുന്നത്‌. ഓണക്കാലത്ത്‌  76 സിഡിഎസുകളിലൂടെ 962 ജോയിന്റ്‌ ലയബിലിറ്റി ഗ്രൂപ്പുകൾ ജമന്തി, വാടാമല്ലി എന്നിവ കൃഷിചെയ്യുന്നുണ്ട്‌. ഓണക്കാലത്ത്‌ കുതിച്ചുയരുന്ന പൂവില പിടിച്ചുനിർത്താനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനുമാണ്‌ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌.


deshabhimani section

Related News

View More
0 comments
Sort by

Home