സുജിത്തിനും ശ്രാവന്തികയ്‍ക്കും സംസ്ഥാന പുരസ്‍കാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 02:49 AM | 0 min read

കഞ്ഞിക്കുഴി
സംസ്ഥാന സർക്കാരിന്റെ  മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം നേടിയ സുജിത്ത്‌ വേറിട്ട കൃഷിരീതികളിലൂടെ ശ്രദ്ധേയനാണ്‌.2014 ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുളള പുരസ്‌കാരം , 2021 ല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ പുരസ്‌കാരം, 2023 ല്‍ സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.ഇപ്പോള്‍ 30 ഏക്കറിലാണ് കൃഷി. ഇതില്‍ ഒരു ഏക്കറേ സ്വന്തമായിട്ടുളളൂ. ബാക്കി കൃഷി  പാട്ടത്തിനെടുത്തതാണ്. സംസ്ഥാന സര്‍ക്കാർ ഇസ്രേയല്‍ സന്ദര്‍ശനത്തിനയച്ച കര്‍ഷക സംഘത്തിലെ അംഗമാണ്.സോഷ്യല്‍ മീഡിയ വഴി വെറൈറ്റി ഫാർമർ എന്ന ചാനൽ വഴി കൃഷി അറിവുകള്‍ പങ്ക് വയ്ക്കുന്നുണ്ട്.വെറൈറ്റി ഫാര്‍മര്‍ എന്ന ചാനലിന്‌ 13 ലക്ഷം ഫോളോവേഴ്‌സുണ്ട്‌. ചൊരിമണലിൽ സുജിത്ത് ചെയ്ത സൂര്യകാന്തി കൃഷി വളരെ ജനശ്രദ്ധ പിടിച്ചുപറ്റി.  കായലിൽ പോള പായൽ കൊണ്ട് ബണ്ട് കെട്ടി നെൽകൃഷിയും പൂ കൃഷിയും ചെയ്തു.
മത്സ്യകൃഷിയും നൂറ് മേനി വിളവാണ് . കൃഷിയ്ക്കൊപ്പം അതിന്റെ വിപണനവും മികച്ചതും പ്രത്യേകത നിറഞ്ഞതുമാണ് .
പുതുതലമുറ കർഷകർക്ക് പ്രചോദനമാണ് സുജിത്.അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ മണ്ണിൽ പൊന്നു വിളയിക്കാമെന്ന് സുജിത്ത് പറയുന്നു.ഭാര്യ അഞ്ജു. മകള്‍. കാര്‍ത്തിക.
ചെങ്ങന്നൂർ
മുളക്കുഴ  പഞ്ചായത്ത് രണ്ടാം വാർഡിൽ പിരളശ്ശേരിയിൽ മാർത്തോമാ സഭ വക സ്ഥലത്ത് താമസിച്ച് കൃഷി ചെയ്യുന്ന ട്രാൻസ് വുമൺ ശ്രാവന്തിക (32) യാണ് നൂറു മേനി വിളവുമായ് കൃഷി  വകുപ്പിന്റെ ട്രാൻസ്‌ ജെൻഡർ വിഭാഗത്തിലുള്ള കർഷകർക്ക്  നൽകുന്ന അവാർഡ്‌  നേടിയത്.
ബുധനൂർ എണ്ണയ്ക്കാട് സ്വദേശിനിയായ ശ്രാവന്തിക അഞ്ചു വർഷം മുൻപ് എറണാകുളം അമൃതാ ആശുപത്രിയിലെ കാർഡിയാക് സർജന്റെ  സഹായിയായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് വി എസ് അരുണിനെ വിവാഹം കഴിക്കുന്നത്.കോവിഡ് സമയത്ത് ശ്രാവന്തികയ്ക്ക്  ജോലി നഷ്ടപ്പെട്ടു.അതേ സമയം തന്നെ വാഹനാപകടത്തിൽ പരിക്കു പറ്റി  കിടപ്പിലായതോടെ അരുണിനും ജോലി നഷ്ടപ്പെട്ടു.ട്രാൻസ്ജെൻഡേഴ്‌സിനുള്ള സഹായങ്ങൾ നൽകുന്ന മാർത്തോമാ സഭയുടെ  നവോദയ മൂവ്മെന്റ്‌ എന്ന സംഘടനയാണ്  സ്വന്തമായി വീടും സ്ഥലവുമില്ലാതിരുന്ന ശ്രാവന്തികയ്ക്കും  അരുണിനും അച്ഛനും കൃഷിയിടവും വീടും ഒരുക്കിയത്.
കാട് കയറികിടന്നിരുന്ന രണ്ടേ മുക്കാൽ ഏക്കർ സ്ഥലം ശ്രാവന്തികയും ഭർത്താവും അച്ഛനും ചേർന്ന് വാസയോഗ്യമാക്കിയാണ് കൃഷി ആരംഭിച്ചത്. വാഴ,കപ്പ, കാച്ചിൽ, ചേന, ചേമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. പശു , ആട്, കോഴി, താറാവ്,കരിങ്കോഴി എന്നിവയു ഫാമുമുണ്ട്. മത്സ്യഫെഡിന്റെ സഹായത്തോടെ മീൻകുളവും തയ്യാർ. കാർഷികോത്പന്നങ്ങൾ സമീപമുള്ള കടകളിലും വീടുകളിലുമെത്തിച്ചു നൽകുന്നു. സഹോദരി വിദ്യയും ഭർത്താവ് ശരത്തും സഹായത്തിനെത്താറുണ്ട്.
കാർഷിക പ്രവർത്തനത്തിന്റെ ഭാഗമായ പച്ചക്കറി കൃഷി  തുടങ്ങുന്നതിന് ശ്രാവന്തികയ്ക്ക്  ജില്ലാപഞ്ചായത്തിന്റെയും  ആടുവളർത്തലിൽ മുളക്കുഴ പഞ്ചായത്തിന്റെയും  സഹായം ലഭിച്ചിരുന്നു.
സാമൂഹ്യക്ഷേമ വകുപ്പും ജില്ല പഞ്ചായത്തും സംയുക്തമായുള്ള പ്രത്യേക  കാർഷിക പദ്ധതി ജില്ലയിൽ  ആദ്യമായി ശ്രാവന്തികയാണ് നടപ്പിലാക്കിയത്.
മാർത്തോമാ സഭയുടെ കൃഷി മുദ്ര അവാർഡും ഇന്ത്യയിൽ ആദ്യമായി സമ്മിശ്ര കൃഷി നടത്തുന്ന ട്രാൻസ്ജെൻഡറിനുള്ള അവാർഡും ശ്രാവന്തികയ്ക്ക് ലഭിച്ചിട്ടുണ്ട്. എള്ളു കൃഷിയും തേനീച്ച കൃഷിയും ആരംഭിക്കുന്നതിനുള്ള  തയ്യാറെടുപ്പിലാണ്  ശ്രാവന്തിക'


deshabhimani section

Related News

View More
0 comments
Sort by

Home