വായന തന്നെയാണ് ലഹരി

സുനീഷ് ജോ
Published on Jan 12, 2025, 03:05 PM | 2 min read
പതിനാലാം വയസ്സിൽ മലയാളം എഴുതാനും വായിക്കാനും പഠിച്ച ആളാണ് മുഹമ്മദ് അബ്ബാസ്. പെയിന്റ് പണി, ടാപ്പിങ് തൊഴിൽ, റോഡ് പണി... എന്നിങ്ങനെ പല തൊഴിലുകൾ. വീട്ടിൽനിന്ന് ഒളിച്ചോടി കോഴിക്കോട് നഗരത്തിൽ കഴിയുന്നതിനിടെയായിരുന്നു മലയാളപഠനം. കന്യാകുമാരിയിൽനിന്ന് മലപ്പുറത്തേക്ക് താമസിക്കാനെത്തുമ്പോൾ തമിഴ് അല്ലാതെ മറ്റൊരുഭാഷയും വശമുണ്ടായിരുന്നില്ല. ഇന്ന് ഒമ്പത് പുസ്‌തകങ്ങളുടെ രചയിതാവാണ്. നിയമസഭ പുസ്‌തകോത്സവത്തിന് എത്തിയ മുഹമ്മദ് അബ്ബാസ് സംസാരിക്കുന്നു.
മലയാളത്തിലെ മികച്ച വായനക്കാരിൽ ഒരാളായ നിങ്ങളുടെ പുസ്‌തകോത്സവ അനുഭവം?
പുസ്‌തകോത്സവം ഗംഭീരമാണ്. ആദ്യമായാണ് ഇവിടെ വരുന്നത്. മറ്റ് മേളകളിൽ ഇത്രയും പുസ്‌തക സ്റ്റാളുകൾ കണ്ടിട്ടില്ല. പുസ്‌തകങ്ങൾ വിറ്റുപോകുന്നതും കണ്ടു. ആളുകൾ സ്റ്റാളുകളിൽ കയറി പുസ്‌തകങ്ങൾ നോക്കുന്നുണ്ട്. അതെല്ലാം നല്ല സംസ്‌കാരമല്ലേ. 
മലയാളപഠനം എളുപ്പത്തിലായിരുന്നോ?
ഭയങ്കര പാടായിരുന്നു ഭാഷാപഠനം. ആദ്യമായി ഒരു മലയാളവാക്ക് എഴുതിത്തരുന്നത് ലൈംഗിക തൊഴിലാളികളാണ്. കോഴിക്കോട് നഗരത്തിൽവച്ചായിരുന്നു അത്. വീട്ടിൽനിന്ന് ഒളിച്ചോടി എത്തിയതായിരുന്നു അവിടെ. നഗരത്തിൽ ഹോട്ടൽപ്പണിയായിരുന്നു. ലക്ഷ്‌മി ഏച്ചിയും സൈനാത്തയുമാണ് ആദ്യമായി ഒരുവാക്ക് എഴുതിത്തരുന്നത്. എഴുതാനറിയില്ലെന്നു പറയുമ്പോൾ ലക്ഷ്‌മി ഏച്ചിയാണ് ‘കടൽ’ എന്ന് എഴുതിത്തന്നത്. സൈനാത്ത ‘ആകാശം’ എന്നും എഴുതിത്തന്നു. സിഗരറ്റ് കൂടിന്റെ പുറത്തായിരുന്നു എഴുത്ത്. കടപ്പുറത്ത് രാത്രി ഒന്നരമണിക്കായിരുന്നു എന്റെ ‘എഴുത്തിനിരുത്ത്’ എന്നു പറയാം. അങ്ങനെ ഒരുപാട് വാക്കുകൾ പഠിപ്പിച്ചു. അതാണ് എന്റെ അടിത്തറ. 
എഴുതി ആരംഭിക്കുന്നത്?
20– 21 വയസ്സിലൊക്കെ കഥയും നോവലുകളും എഴുതിയിരുന്നു. അതിൽ പലതും അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു. ഉമ്മതന്നെ നാലോ അഞ്ചോ നോവലുകൾ കത്തിച്ചുകളഞ്ഞിട്ടുണ്ട്. അക്കാലത്ത് വട്ട് എന്നുതന്നെ പറയാം. രണ്ടു മൂന്നു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തിച്ചുകളഞ്ഞതിൽ ബാക്കിയായ കഥാപാത്രത്തെവച്ചാണ് മാതൃഭൂമി ഇപ്പോഴിറക്കിയ ആദ്യനോവൽ. 2017–- 2018 കാലത്താണ് ഒരുസ്‌മാർട്ട് ഫോൺ കൈയിൽ കിട്ടുന്നത്. ഫെയ്‌സ്‌ബുക്ക് ഇല്ലെങ്കിൽ മുഹമ്മദ് അബ്ബാസ് എന്ന് പറയുന്ന നിങ്ങൾ അറിയുന്ന എഴുത്തുകാരനുണ്ടാകില്ല. ജോലി സ്ഥലങ്ങളിലും ഭ്രാന്താശുപത്രിയിലും വച്ച് ഞാൻ വായിച്ചു. അതിന്റെ അനുഭവങ്ങൾ കുറിപ്പുകളായി ഫെയ്‌സ്‌ബുക്കിൽ എഴുതി. അതിൽ കുറച്ച് കുറിപ്പുകളാണ് ആദ്യമായി പുസ്‌തകരൂപത്തിൽ വരുന്നത്. വായനക്കുറിപ്പുകൾ ബോറടിച്ചപ്പോൾ അനുഭവക്കുറിപ്പുകൾ എഴുതാൻ തുടങ്ങി. അതും പുസ്‌തകരൂപത്തിൽ ഇറങ്ങി. പിന്നീട് ഡിസി പുസ്‌തകം ആവശ്യപ്പെടാൻ തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വിറ്റു പോകാനുള്ള കണ്ടന്റ് ഉണ്ടെങ്കിലാണ് പ്രസാധകർ പുസ്‌തകങ്ങൾ ചോദിക്കുന്നത്. അടിസ്ഥാനപരമായി ഒരു ഉൽപ്പന്നമാണ് പുസ്‌തകം. പ്രസാധകർക്ക് ബൂസ്റ്റ് ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. വായനക്കാർ അംഗീകരിച്ചാൽ എഴുത്തുകാർക്ക് മുന്നോട്ട് പോകാം.

സമൂഹ മാധ്യമങ്ങൾ വന്നതോടെഎഴുത്തുകാർക്കു മുകളിലുള്ള പ്രസാധകരുടെ അധികാരം കുറഞ്ഞിട്ടുണ്ടോ?
തീർച്ചയായും. എത്രയെത്ര കുട്ടികളാണ് എഴുത്തുകാരായി വരുന്നത്. ഓട വൃത്തിയാക്കുന്നയാളും മുഖ്യമന്ത്രിയും എഴുത്തിന്റെ കാര്യത്തിൽ തുല്യരാണ്. അനുഭവങ്ങളിൽ വ്യത്യാസമുണ്ടാകാം.
പാവപ്പെട്ട മനുഷ്യരെക്കുറിച്ചാണല്ലോ എഴുത്ത്?
അവരാണ് എന്റെ ചുറ്റുമുള്ളത്. ഞാൻ അവരിൽ ഒരാളാണ്.
എഴുത്തുകാരനായിരിക്കാനാണോ, വായനക്കാരനായിരിക്കാനാണോ ഇഷ്ടപ്പെടുന്നത്?
സംശയം വേണ്ട. വായനക്കാരനായിരിക്കാൻതന്നെ. പ്രസിദ്ധീകരിച്ച ഒമ്പത് പുസ്‌തകത്തിൽ ആറും വായിച്ച പുസ്‌തകങ്ങളെക്കുറിച്ചാണ്. ആദ്യവും അവസാനവും ഞാൻ വായനക്കാരനാണ്. എന്നേക്കാൾ ഭംഗിയായി എഴുതുന്ന എത്രയോ എഴുത്തുകാരുണ്ട്.














