ഇനിയും വരുമോ... ഈ മനോഹര തീരത്ത്

ഭാരതി തമ്പുരാട്ടി
അഞ്‌ജലി ഗംഗ
Published on Oct 27, 2025, 09:33 AM | 4 min read
വയലാർ രാമവർമയുടെ സ്‌മരണകൾ ഉറങ്ങുന്ന രാഘവപ്പറമ്പ് കോവിലകത്തേക്ക് സന്ദർശകർ എത്തിതുടങ്ങുന്നതേയുള്ളൂ. മലയാളികളുടെ സംഗീതാസ്വാദനത്തിന് പ്രകൃതിയുടെ ചൂട്ടിന്റെ പൊൻതിരിവെട്ടം തെളിയിച്ച് വഴിനടത്തിയ മഹാകവിയെ ഓരോ ഒക്‌ടോബർ 27നും അവർ ഒന്നുകൂടി ചേർത്ത്‌പിടിക്കും. കൊതിതീരുന്നതിന് മുൻപ് കാലം അപഹരിച്ച ഗന്ധർവനെക്കുറിച്ച് അവർ പാടും, പറയും. കാലഘട്ടത്തിന്റെ ഉയിർത്തെഴുന്നേൽപ്പും ചെറുത്തുനിൽപ്പും നേരിൽകണ്ട് ഒരു യുഗത്തിനെ തന്നെ തന്റെ പേനത്തുമ്പിൽ ഒതുക്കിയായിരുന്നു അദ്ദേഹം ഗാനങ്ങളെഴുതിയിരുന്നത്. തളർന്നു വീണ അശരണരുടെ ഒപ്പം കൈകോർത്ത്, ഇടതുപക്ഷത്തിനൊപ്പം തോളോട് തോൾ ചേർന്ന സഞ്ചരിച്ച ആ നേർവെളിച്ചം മൺമറഞ്ഞിട്ട് ഞായറാഴ്ച 50 ആണ്ട് തികയും.
നാടുമുഴുവൻ കവിയെ വാഴ്‌ത്തിപ്പാടുമ്പോഴും കവിയുടെ ജീവിതം അടുത്തുനിന്ന് നോക്കിക്കണ്ടത് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഭാരതി തമ്പുരാട്ടിയാണ്. 92 വയസിന്റെ ചെറിയ അസ്വസ്ഥതകൾ പുറമേ പ്രകടമാണെങ്കിലും ഓർമകൾക്കിന്നും സൂര്യവെളിച്ചമുണ്ട്.
മലയാളികളുടെ മനസിൽ യശശ്ശരീരനായ കവിയാണ് വയലാർ. അദ്ദേഹത്തിനൊപ്പമുള്ള ഓർമകൾ എന്തൊക്കെയാണ്?
ഓർമകളെക്കുറിച്ച് എന്നേക്കാൾ കൂടുതൽ അറിയാവുന്നതിന് ലോകത്തിനായിരിക്കും. ഈ വീടായിരുന്നു എന്റെ ലോകം. കുട്ടികളും അമ്മയും. അദ്ദേഹത്തിന്റെ പല കഥകളും വിശേഷങ്ങളും പിന്നീട് കൂട്ടുകാർ പറഞ്ഞാണ് ഞാൻ അറിയുന്നത് പോലും. കവിതകളുടേയും പാട്ടുകളുടേയും ലോകത്ത് അദ്ദേഹം മാത്രമാണുണ്ടാവുക. കൂടുതലും മദ്രാസിലും തിരുവനന്തപുരത്തും ആലപ്പുഴയിലുമായിരുന്നു എഴുത്തുകളെല്ലാം. ഓർമകൾ കോർത്തിണക്കി 2004 ൽ ‘ഇന്ദ്രധനുസിൻ തീരത്ത്’ എന്ന പുസ്‌തകം എഴുതിയിരുന്നു. ‘മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു’ എന്ന ഗാനം എഴുതിയ ശേഷം അദ്ദേഹം വീട്ടിൽ വന്നിരുന്നു. പക്ഷേ തിരുത്തലുകൾ ആവശ്യപ്പെട്ട് ഫോൺ വന്നു. പേനയും പേപ്പറുമൊന്നുമില്ലാതെ അത് അപ്പോൾ തന്നെ മറുപടിയായി പറഞ്ഞുകൊടുത്തു. ആ പാട്ട് പിന്നീട് മലയാളികൾ ആഘോഷിച്ച സിനിമഗാനങ്ങളിൽ ഒന്നായതും വേറിട്ട ഒരോർമയാണ്. ‘മൗനങ്ങൾ പാടുകയായിരുന്നു കോടിജന്മങ്ങളായ് നമ്മൾ പരസ്‌പരം തേടുകയായിരുന്നു’ എന്നെഴുതിയ ശേഷം തുടർന്നുള്ള വരികളും ഇത്തരത്തിൽ ഫോണിൽ കൂടെ പറഞ്ഞുനൽകുകയായിരുന്നു.
വയലാറിന്റെ അമ്മയുടെ ജീവിതം അദ്ദേഹത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
32 വയസിൽ അമ്മയ്ക്കുണ്ടായ മകനാണ് അദ്ദേഹം. കുട്ടനെന്നായിരുന്നു വിളിച്ചിരുന്നത്. മകന് അമ്മയും അമ്മയ്ക്ക് മകനും കഴിഞ്ഞേ എന്തുമുണ്ടായിരുന്നുള്ളൂ. പാട്ടുകൾ എന്നെക്കാൾ കൂടുതൽ കാണിക്കുന്നതും അഭിപ്രായം ചോദിക്കുന്നതും അമ്മയോടായിരുന്നു. അമ്മ പറഞ്ഞാൽ കവിതകളെഴുതി നൽകുന്ന സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. വയലാർ എഴുതിയ ഭക്തിഗാനം പാടണമെന്ന ആവശ്യവുമായി സമീപിച്ച പി ലീലയുടെ ആഗ്രഹവും സാധിച്ചത് അമ്മയ്ക്ക് മകനുമുകളിലുള്ള ഈ സ്വാധീനം തന്നെയായിരുന്നു.

അച്ഛന്റെ വഴിയേ മകനും പിന്നീട് സിനിമാ ഗാനരചനാ രംഗത്തേക്ക് എത്തി. ഇതിനെ എങ്ങനെയായിരുന്നു നോക്കികണ്ടത്?
ശരച്ചന്ദ്രവർമ: ആദ്യം വലിയ എതിർപ്പായിരുന്നു. ഭാര്യ ശ്രീലതയോട് പറഞ്ഞ് പിന്തിരിപ്പിക്കാനും ശ്രമിച്ചു. പിന്നീടത് അമ്മ തന്നെ തിരുത്തിയ സംഭവവുമുണ്ടായി.
ഭാരതി തമ്പുരാട്ടി: മക്കൾ അങ്ങനെ നല്ല നിലയിൽ കാണാൻ പറ്റുന്നത് ഒരു ഭാഗ്യമല്ലേ. അതെനിക്കുണ്ടായി. എന്റെ കല്യാണം കഴിഞ്ഞത് 24-ാം വയസിലായിരുന്നു. 26 വയസിൽ ഞങ്ങളുടെ വിവാഹവാർഷികത്തിന്റെ അന്ന് തന്നെയായിരുന്നു മകനെ പ്രസവിച്ചത്. അവന്റെ വളർച്ചയിൽ അഭിമാനമുണ്ട്. അദ്ദേഹത്തിനെ എന്നും കാണാൻ വേണ്ടി എനിക്ക് തന്ന വരദാനമായിട്ടാണ് മകനെ ഞാൻ കാണുന്നത്. ഈ വീട്ടിൽ ഒരുപാട് ഫോട്ടോകളുണ്ടെങ്കിലും ക്ലോക്കിലെ മകന്റെ മുഖം വച്ച ചിത്രം അവന്റെ അച്‌ഛനെ ഓർമിപ്പിക്കുന്നുണ്ട്.
വയലാറിന്റെ ഗാനങ്ങളിൽ ഏറ്റവും പ്രിയമുള്ള ഗാനമേതാണ്?
ഒരുപാട് സമയമൊന്നും എനിക്ക് കാണാനും സംസാരിക്കാനും കിട്ടുമായിരുന്നില്ല. ഒന്നുകിൽ സുഹൃത്തുക്കൾക്കൊപ്പം. അല്ലെങ്കിൽ അമ്മയ്ക്ക് ഒപ്പം. ‘വസുമതി, ഋതുമതി’ എന്ന പാട്ട് കേൾക്കുമ്പോൾ അദ്ദേഹം ഗന്ധർവനായി വന്ന് ലോകം മുഴുവൻ ചുറ്റാൻ കൂടെ വിളിക്കുന്നത് പോലെ തോന്നുമായിരുന്നു. പിന്നീട് സ്വപ്‌നങ്ങളിൽ ഈ പാട്ടിലൂടെ വന്ന് വിളിക്കുന്നത് പോലെ തോന്നുമായിരുന്നു. ഇന്നിപ്പോൾ വീണ്ടും കേൾക്കുന്നത് ‘സാമ്യമകന്നോരുദ്യാനമേ’ എന്ന പാട്ടാണ്. കവിതകളിൽ ഏറ്റവും പ്രിയപ്പെട്ടത് ആത്മാവിൽ ഒരു ചിതയും.
ഇപ്പോൾ ഭാരതി തമ്പുരാട്ടിയുടെ ദിനചര്യകൾ എങ്ങനെയാണ്?
എന്റെ കൂടെ എപ്പോഴും ഒരു റേഡിയോയുണ്ട്. 11 മണിയുടെയും 1 –2 വരെ സമയങ്ങളിലുള്ള ചലച്ചിത്ര ഗാനങ്ങൾ എന്നും മുടങ്ങാതെ കേൾക്കും. അദ്ദേഹത്തിന്റെ പാട്ടുകൾ വരുമ്പോൾ മക്കളോട് ഇത് അച്ഛനെഴുതിയതാണെന്ന് പറയും. എങ്ങനെ കാണാതറിയാം എന്ന് ചോദിച്ചാൽ. അതെനിക്ക് മനസിലാകുമെന്നാണ് മക്കളോട് ചിരിച്ചുകൊണ്ട് മറുപടി പറയും. മകന്റേയും പാട്ടുകൾ കേൾക്കും. ടിവിയേക്കാളും റേഡിയോ തന്നെയാണ് എനിക്കിന്നും പ്രിയം.
മക്കളോട് വയലാറിനുള്ള അടുപ്പമെങ്ങനെ ആയിരുന്നു?
പെണ്മക്കളെ ആയിരുന്നു വലിയ ഇഷ്ടം. ഇന്ദുലേഖയും യമുനയും സിന്ധുവും വീട്ടിൽനിന്ന് തന്നെയായിരുന്നു പഠിച്ചത്. അതിനാൽ അവർക്ക് അച്ഛന്റെ സ്നേഹവായ്പ് നേടാൻ കഴിഞ്ഞു. മകൻ ശരച്ചന്ദ്രനെ രണ്ടാം വയസിൽ ബോർഡിങ് സ്കൂളിൽ ചേർത്തതാണ്. അവൻ പിന്നീട് ഡിഗ്രി പൂർത്തിയാക്കിയാണ് മടങ്ങി വന്നത്. ഡിഗ്രിക്ക് നാലു മക്കളും തിരുവനന്തപുരത്തായിരുന്നു.
ശരച്ചന്ദ്രൻ: ഇടക്കിടക്ക് എന്നെ ബോർഡിങ് സ്കൂളിൽ വന്നു കാണുമായിരുന്നു. ഞങ്ങൾ തമ്മിൽ ഒരുപാട് സമയം ചെലവഴിക്കാനായിട്ടില്ല. അച്ഛൻ മരിച്ചപ്പോൾ വലിയ ബാങ്ക് ബാലൻസൊന്നുമുണ്ടായിരുന്നില്ല. പിന്നെ ഞങ്ങൾ അടക്കമുള്ള ആറ് അംഗ കുടുംബത്തിനെ കൈപിടിച്ച് കയറ്റിയത് മലയാളികളാണ്. അച്ഛന്റെ നാലു മക്കൾ വളർന്നതും അവർ പഠിച്ചു ജോലി നേടിയതും വിവാഹം കഴിച്ചതുമെല്ലാം ട്രസ്റ്റിന്റെ സഹായത്തോടെയാണ്. അതിന് ഞങ്ങൾ എന്നും മലയാളികളോട് കടപ്പെട്ടിരിക്കും.
വയലാറിന്റെ ഒരുപാട് പാട്ടുകളിൽ സ്വപ്‌നങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്. അതിനെപ്പറ്റി പറയാമോ?
ശരച്ചന്ദ്രൻ: ‘സ്വപ്‌നങ്ങളെ നിങ്ങൾ സ്വർഗ കുമാരികളല്ലോ’ എന്ന് എഴുതിയ തുടങ്ങിയ അച്ഛന്റെ അവസാനത്തെ ചലച്ചിത്രഗാനവും സ്വപ്‌നത്തിനെ പറ്റിയായിരുന്നു. 1975 ഒക്‌ടോബർ 21ന് എഴുതിയ സന്ധ്യാവന്ദനത്തിലും അവസാനം യാത്ര പറഞ്ഞത് മക്കളോടും അമ്മയോടുമായിരുന്നില്ല. സ്വപ്‌നങ്ങളോടായിരുന്നു.
അതുപോലെ തന്നെയായിരുന്നു മാനവികതയും മനുഷ്യനും. ഞാൻ എന്നെഴുതിയിടത്തെല്ലാം അച്ഛൻ മനുഷ്യനെയാണ് ഉദ്ദേശിക്കുന്നത്.
തെച്ചി മന്ദാരം തുളസി എഴുതിയ വയലാർ തന്നെയാണ് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്നെഴുതിയത്. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോലെ വിശ്വാസത്തിനും മാനവികതയ്ക്കും വേണ്ടി അദ്ദേഹം കവിതകളെഴുതി. ഇതേപ്പറ്റി പറയുമോ?
ഭാരതി തമ്പുരാട്ടി: നിരീശ്വരവാദിയായിരുന്ന ഒരാളാണല്ലോ ഈ പാട്ടുകൾ എഴുതിയതെന്ന് ഞാൻ ആലോചിച്ച് അത്‌ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഈശ്വരന്റെ പേരിൽ മനുഷ്യർ നടത്തുന്ന തട്ടിപ്പുകളിൽ എതിർപ്പുണ്ടായിരുന്നു. മനുഷ്യന്റെ നന്മയിലും സ്‌നേഹത്തിലുമാണ് ഈശ്വര ചൈതന്യം ഉള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു.
കമ്യൂണിസമായിരുന്നു അദ്ദേഹത്തിന്റെ കവിതയിലും ജീവിതത്തിലും ഒരുപാട് സ്വാധീനിച്ചത്. ഇതിനെക്കുറിച്ച് പറയാമോ?
ജാതി - മത ചിന്തകൾക്കും അന്ധവിശ്വാസത്തിനുമെതിരെ പൊരുതുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. മനുഷ്യരെ തുല്യരായി കണ്ട ലോകം വിഭാവനം ചെയ്ത ഒരാൾക്ക് വേറെ ഒരു ആശയത്തോട് യോജിച്ചു പോകാനാകില്ലല്ലോ. അദ്ദേഹത്തിന് 18 വയസുള്ളപ്പോഴാണ് പുന്നപ്ര - വയലാർ സമരവും വെടിവയ്‌പുമുണ്ടാകുന്നത്. വെടിയേറ്റുമരിച്ച പട്ടിണിപ്പാവങ്ങളായ തൊഴിലാളികളുടെ മരണം അദ്ദേഹത്തെ ഉലച്ചിരുന്നു. ഈ ആത്മസംഘർഷങ്ങൾ കവിതകളിലും ഗാനങ്ങളിലും വിപ്ലവത്തിന്റെ ഇടിമുഴക്കം സൃഷ്‌ടിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരവേദികളിൽ ഇന്നും ആ ഗാനങ്ങൾ അലയടിക്കുന്നുണ്ട്. പുന്നപ്ര –വയലാർ ദിനാചരണത്തിന് എല്ലാവർഷവും എത്ര തിരക്കുകളുണ്ടെങ്കിലും അദ്ദേഹം ഓടിയെത്തുമായിരുന്നു. മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയ ദിവസം ജന്മനാടായ വയലാറിന്റെ മാറിൽ വിപ്ലവകാരികൾ രക്തം വാർന്നുമരിച്ച രക്തസാക്ഷിദിനത്തിന്റെ 29-ാം വാർഷികമായിരുന്നു. അതൊരു യാദൃശ്ചികതയാകാം. ഭാരതി തമ്പുരാട്ടി പറഞ്ഞു നിർത്തി.















