വിവാഹജീവിതം തകർത്തുവെന്ന് ആരോപിച്ച് പിതാവിനെ അടിച്ചുകൊന്നു; മകൻ അറസ്റ്റിൽ

Photo: India Today
ഗാന്ധി നഗർ: വിവാഹ ജീവിതം തകർത്തുവെന്ന് ആരോപിച്ച് പിതാവിനെ അടിച്ചു കൊന്ന മകൻ അറസ്റ്റിൽ. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ദാരുണ സംഭവം. 70 കാരനായ വലഭായ് പാർഗിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബാബുഭായ് പാർഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി വേർപിരിഞ്ഞ ഭാര്യയെ കുറിച്ചുള്ള തർക്കത്തിനിടയിലാണ് ബാബുഭായ് തന്റെ പിതാവിനെ കൊലപ്പെടുത്തിയത്.
ബാബുഭായ് കടുത്ത മദ്യപാനിയായിരുന്നുവെന്നും മദ്യലഹരിയിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ബാബുഭായിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഭാര്യ പോയതെന്നും പൊലീസ് പറഞ്ഞു എന്നാൽ ഇതിനു പിന്നാലെ ഭാര്യ വീടുവിട്ടുപോകാൻ കാരണം പ്രായമായ മാതാപിതാക്കളാണെന്ന് ആരോപിച്ച് ഇരുവരെയും ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
സമാനമായ രീതിയിൽ വഴക്കുണ്ടാവുകയും തർക്കം മൂത്തതോടെ പിതാവിനെ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വലഭായ് പാർഗിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പിന്നാലെ കൊല്ലപ്പെട്ടയാളുടെ ഇളയ മകൻ കാൽജിഭായ് പാർഗി ഫത്തേപുര പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാബുഭായ് പിടിയിലായത്. ബാബുഭായ് പാർഗിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.










0 comments