ad
Deshabhimani

ഹോര്‍മുസിന് പിന്നാലെ കെർച്ച് കടലിടുക്കിലും ആക്രമണം; കപ്പൽ ഗതാഗത മേഖലകളിൽ ആശങ്ക പടരുന്നു

cargo ships
വെബ് ഡെസ്ക്

Published on Jul 21, 2026, 05:10 PM | 2 min read

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം. ഒമാൻ തീരത്തിന് സമീപത്തുണ്ടായ പുതിയ ആക്രമണത്തിൽ ഒരു എണ്ണ ടാങ്കറിന് കേടുപാടുകൾ സംഭവിച്ചു. അജ്ഞാത പേടകത്തിൽ നിന്നുള്ള പ്രഹരമേറ്റതായി കപ്പൽ റേഡിയോ വഴി അറിയിച്ചതായി ബ്രിട്ടീഷ് മിലിട്ടറിയുടെ യുകെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി.


കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് കടലിടുക്കിൽ ആക്രമണമുണ്ടായത്. ഇതിൽ രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്.


ഹോര്‍മുസ് കടലിടുക്കിൽ ഇറാൻ യു എസ് ഏറ്റുമുട്ടൽ ഭീതി വിതയ്ക്കുമ്പോൾ റഷ്യ-യുക്രൈൻ യുദ്ധം കരിങ്കടൽ, അതിനോട് ചേർന്നുകിടക്കുന്ന അസോവ് കടൽ എന്നീ രണ്ട് സമുദ്ര മേഖലകളിലും കപ്പൽ ഗതാഗതത്തിന് ഭീഷണിയാവുകകയാണ്. കരിങ്കടലിനെ അസോവ് കടലുമായി ബന്ധിപ്പിക്കുന്ന കെർച്ച് കടലിടുക്കിന് സമീപവും പ്രധാന റഷ്യൻ, യുക്രൈൻ തുറമുഖ തീരങ്ങളിലുമാണ് സംഘർഷം നിലനിൽക്കുന്നത്. കരിങ്കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒഴുകിനടക്കുന്ന കടൽ മൈനുകൾ വലിയ അപകടസാധ്യത ഉയര്‍ത്തുന്നു.


ക്രൂഡ് ഓയിൽ മാത്രമല്ല

ഗോതമ്പ് വിലയും കുതിക്കുന്നു


മുൻകാലങ്ങളിൽ യുദ്ധങ്ങളിൽ ഏറ്റവുമധികം ആക്രമിക്കപ്പെട്ടിരുന്നത് സൈനിക കപ്പലുകളാണ്. എന്നാൽ അവയിപ്പോൾ സ്വയം പ്രതിരോധ സംവിധാനങ്ങൾ ഉള്ളവയാണ്. ഇതോടെ സാമ്പത്തിക സ്രോതസുകളിലേക്കും വാണിജ്യ ഇടപാടുകളിലേക്കും ആക്രമണ ലക്ഷ്യം തിരിഞ്ഞതോടെ യുദ്ധത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ട് രാജ്യങ്ങളാണങ്കിലും ഇതര രാജ്യങ്ങളെ എല്ലാം ബാധിക്കുന്നു.


ജൂലൈ 19-ന് യുക്രൈനിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെടുകയായിരുന്ന 'എം.വി ഗോൾഡൻ ലിയോ' എന്ന വാണിജ്യ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കാസര്‍കോട് സ്വദേശിയായ യുവാവും ഉൾപ്പെടുന്നു.


ഈ ആക്രമണത്തിന് മറുപടിയായി അസോവ് കടലിലും കെർച്ച് കടലിടുക്കിലും റഷ്യൻ ഇന്ധന ടാങ്കറുകൾ, ഫെറികൾ, ചരക്ക് കപ്പലുകൾ എന്നിവയ്ക്ക് നേരെ യുക്രൈന്റെ 'അൺമാൻഡ് സിസ്റ്റംസ് ഫോഴ്‌സ്' ശക്തമായ കടൽ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നുണ്ട്. റഷ്യൻ ബോർഡർ സെക്യൂരിറ്റി സർവീസ് കെർച്ച് കടലിടുക്കിലൂടെയും ഡോൺ-അസോവ് കനാൽ വഴിയുമുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം താത്കാലികമായി നിർത്തലാക്കിയിരിക്കയാണ്. റഷ്യയ്ക്കും ക്രിമിയയ്ക്കുമിടയിലുള്ള കടൽ വഴിയുള്ള ചരക്കുനീക്കം 75 ശതമാനത്തോളം കുറഞ്ഞതായും റിപ്പോര്‍ടുകളുണ്ട്.


ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി രാജ്യമായ റഷ്യയുടെ നാലിലൊന്ന് ഗോതമ്പ് കയറ്റുമതിയും നടക്കുന്നത് അസോവ് കടൽ മാർഗ്ഗമാണ്. ഗതാഗതം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വിലയും ഉയരാൻ തുടങ്ങി. അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെയും ഊർജ്ജ-ഭക്ഷ്യ വിതരണ ശൃംഖലയെയും ഒരുപോലെ യുദ്ധങ്ങൾ അടിതെറ്റിക്കുന്ന സാഹചര്യമാണ്.


കടലിടുക്കിന്റെ നിയന്ത്രണത്തിനായി യുഎസ് വ്യോമാക്രമണം


ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ വ്യാപാരം ചെയ്യുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ സുപ്രധാന പാത തുറന്നുനൽകാൻ യുദ്ധം തടസമാവുന്നു. കഴിഞ്ഞ് പത്ത് ദിവസമായി ഇറാൻ യു എസ് ആക്രമണങ്ങൾ തുടരുകയാണ്. യുഎസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ അയൽരാജ്യങ്ങളിലെ യുഎസ് സഖ്യകക്ഷികൾക്ക് നേരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.


സാമ്പത്തിക മേഖലയിലെ

പ്രത്യാഘാതങ്ങൾ


യുദ്ധം രൂക്ഷമായതോടെ ലോക വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളര്‍ കടന്നു. യു.എസ് ഗ്യാസോലിൻ വില ഗാലണിന് ശരാശരി 4 ഡോളറായും ഉയർന്നു.


വരാനിരിക്കുന്ന യു എസ് മിഡ്‌ ടേം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില വർധിക്കുന്നത് ട്രംപ് ഭരണകൂടത്തിനും ഭീഷണിയായിരിക്കയാണ്. ഇതിനിടെ, സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനിലേക്ക് ഇറാന്റെ ആഭ്യന്തര മന്ത്രി ചർച്ചകൾക്കായി എത്തിയത് നയതന്ത്രതലത്തിൽ പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്ന താൽക്കാലിക കരാറുകൾ തകരുകയും സാധാരണക്കാർ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ പോലും ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. റഷ്യ ഉക്രെയ്ൻ യുദ്ധത്തിൽ ഇടപെട്ട് ഡൊണാൾഡ് ട്രംപ് പതിവ് പോലെ വലിയ അവകാശവാദങ്ങൾ നടത്തി എങ്കിലും മധ്യസ്ഥത ഫലം കണ്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home