ദേശീയപാതയോരത്തെ കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി
നിർമാണം നടക്കുന്ന 287 കെട്ടിടം കുരുക്കിൽ

ആലപ്പുഴ
ദേശീയപാതയ്‌ക്കിരുവശവും വിലക്കുള്ള ദൂരപരിധയിൽ 287 കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതായി സർക്കാർ നിർദേശപ്രകാരമുള്ള കണക്കെടുപ്പിൽ വ്യക്തമായി. നിർമാണത്തിനുള്ള പെർമിറ്റ് എടുത്തിട്ട് പൂർത്തിയാകാത്ത കെട്ടിടങ്ങളുടെ വിവരങ്ങളാണ് തദ്ദേശസ്വയംഭരണവകുപ്പ് മുഖേന ശേഖരിച്ചത്. ദൂരപരിധി കർശനമാക്കിയതുമൂലം ഇൗ കെട്ടിടങ്ങൾക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റും കെട്ടിടനന്പറും കിട്ടാനുള്ള സാധ്യത മങ്ങി. ദേശീയപാതയോരത്ത് നിർമാണനിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവിനെത്തുടർന്നാണ് നടപടി. പാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ പരിധിയിൽ വീടുകളും 75 മീറ്ററിനുള്ളിൽ വ്യാപാരസ്ഥാപനങ്ങളും പാടില്ലെന്നാണ് ഉത്തരവ്. ഇതോടെ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജില്ലയിലെ ജോയിന്റ് ഡയറക്‌ടർമാർക്ക് കണക്കെടുപ്പിന് നിർദേശം നൽകുകയായിരുന്നു. ആഗസ്‌ത് 20, 21 തീയതികളിൽ പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകില്ലെന്ന കാരണത്താൽ തദ്ദേശസ്വയംഭരണവകുപ്പ് അസി. എൻജിനിയർമാർ തീയതി നീട്ടിവാങ്ങുകയായിരുന്നു. നിലവിൽ പൂർത്തീകരണ സർട്ടിഫിക്കറ്റും കെട്ടിടനന്പറും കിട്ടിയ കെട്ടിടങ്ങൾക്കും നിയന്ത്രണം ബാധകമായാൽ ജില്ലയിലെ വ്യാപാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കും. എന്നാൽ കേരളത്തിന്റെ ഭൂമി ദൗർലഭ്യത ബോധ്യപ്പെടുത്തി നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് തേടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നില്ലെന്ന വിമർശനം ശക്തമാണ്. ഏറ്റവുമധികം കെട്ടിടങ്ങൾ കണ്ടെത്തിയിരിക്കുന്നത് ആലപ്പുഴ മുനിസിപ്പാലിറ്റിയിലാണ്. അഞ്ച് കൊമേഴ്‌സ്യൽ ബിൽഡിങ് ഉൾപ്പെടെ ആകെ 31 കെട്ടിടമാണ് ദേശീയപാതയോരത്തുള്ളതായി കണക്കാക്കിയിരിക്കുന്നത്. ചേർത്തല, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ മുനിസിപ്പാലിറ്റികൾ, വയലാർ, മാരാരിക്കുളം നോർത്ത്, കോടംതുരുത്ത്, ചെറിയനാട്, കരുവാറ്റ, കടക്കരപ്പള്ളി, തഴക്കര, പുന്നപ്ര നോർത്ത്, കൃഷ്‌ണപുരം, തിരുവൻവണ്ടൂർ, കഞ്ഞിക്കുഴി, തണ്ണീർമുക്കം, പത്തിയൂർ, എഴുപുന്ന, താമരക്കുളം, അന്പലപ്പുഴ സൗത്ത്, ചിങ്ങോലി, മണ്ണഞ്ചേരി, കുത്തിയതോട്, ആല, പട്ടണക്കാട്, ആര്യാട്, അന്പലപ്പുഴ നോർത്ത്, തുറവൂർ, കുമാരപുരം, ചുനക്കര, അരൂർ, ചേപ്പാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലും കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.










0 comments