ഹൃദയപൂർവം സുഗതൻ

അധ്യാപകന്‍ എൽ സുഗതനും വിദ്യാർഥികളും
ആർ ബിനു
Published on Sep 05, 2026, 12:36 AM | 1 min read
ചാരുംമൂട്
“അനന്തുവിന് കൊടുക്കണം, അവൻ രാവിലെ ഒന്നും കഴിച്ചിട്ടില്ല” പഠിപ്പിച്ചുകൊണ്ടിരിക്കെ നടന്നെത്തിയ വയോധിക ഏൽപ്പിച്ച ബ്രഡിനൊപ്പമുള്ള വാക്കുകൾ എൽ സുഗതന്റെ മനസിൽ വീണു. മുന്നിൽ വിശപ്പിന്റെ നോവുമായെത്തിയ കുട്ടികളെ സാക്ഷിയാക്കി കരുതലിന്റെ വലിയ സാമൂഹിക ഇടപെടലിലേക്കുള്ള യാത്ര അന്നാണ് തുടങ്ങിയത്. ദാരിദ്ര്യംമൂലം ആരുടെയും പഠനം മുടങ്ങരുതെന്ന നിലപാടിൽ ആരംഭിച്ച ‘കാരുണ്യസ്‌പർശം’ സ്‌കോളർഷിപ് പദ്ധതി പിന്നീട് ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌കോളർഷിപ് പദ്ധതിയായി വളർന്നു. പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 700ഓളം കുട്ടികളാണ് വിശപ്പറിയാതെ പഠിക്കുന്നത്. കൊല്ലം ശാസ്‌താംകോട്ട പോരുവഴി പൗർണമി വിലാസത്തിൽ എൽ സുഗതൻ 2000ൽ താമരക്കുളം വിജ്ഞാന വിലാസിനി ഹയർസെക്കൻഡറി സ്‌കൂളിൽ പ്രൈമറി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അധ്യാപനത്തെ സമൂഹനിർമാണത്തിന്റെ മഹത്തായ ദൗത്യമായി കണ്ടു. വിദ്യാർഥി പരാതി പരിഹരിഹാരത്തിന് ‘കുട്ടി ജനസമ്പർക്ക പരിപാടി’, പ്ലാസ്‌റ്റിക് മാലിന്യങ്ങളെ ഉപയോഗപ്പെടുത്തി ‘ഇക്കോ സ്‌റ്റോൺ’എന്നിവയ്‌ക്ക് തുടക്കമിട്ടു. പസിലുകളും ഗെയിമുകളും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള ഗണിത ക്ലാസും ശ്രദ്ധേയമായി. ഗണിതശാസ്‌ത്രത്തിനും നോബേൽ സമ്മാനമെന്ന ആവശ്യമുയർത്തി ‘നൊബേൽ ഫോർ മാത്‌സ്’ അന്താരാഷ്‌ട്ര കാമ്പയിൻ നടപ്പാക്കി. പൊതുവിദ്യാലയങ്ങളുടെ മികവിനെ ലോകത്തിന് മുന്നിലെത്തിക്കാൻ പള്ളിക്കൂടം ടി വി എന്ന വിദ്യാഭ്യാസ ചാനലിനും നേതൃത്വം നൽകി. മികച്ച അധ്യാപകരെ ആദരിക്കാൻ ‘ഗുരുജ്യോതി’, വിദ്യാലയത്തിന് ‘അക്ഷരജ്യോതി’ പുരസ്‌കാരങ്ങളും ഏർപ്പെടുത്തി. പാചകത്തൊഴിലാളികളെ ആദരിക്കുന്ന ‘സ്‌കൂളമ്മയ്‌ക്കൊരു ഓണപ്പുടവ’ പദ്ധതിയും മാതൃകയായി. 2018ലെ സംസ്ഥാന അധ്യാപക അവാർഡ്, 2019ലെ സംസ്ഥാന വനമിത്ര അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി. എന്നാൽ അതിനേക്കാൾ വിലപ്പെട്ടതാണ് വിദ്യാർഥിയുടെ മുഖത്തെ സന്തോഷമെന്ന നിലപാടാണ് അന്നുമിന്നും "സുഗതൻ സാറിന്'.










0 comments