ad
Deshabhimani

മോഷ്‍ടിച്ച ബൈക്കിൽ പോകുന്നതിനിടെ അപകടം

മോഷണദൃ‌ശ്യം ലഭിച്ചു, വ്യക്തതയ്‌‍ക്കായി കൂടുതൽ അന്വേഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 05, 2026, 12:38 AM | 1 min read

ആലപ്പുഴ‌

കൈചൂണ്ടിമുക്കിൽ മോഷ്‍ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്നംഗ സംഘത്തിലെ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബൈക്ക് ഉടമ മണ്ണഞ്ചേരി അമ്പനാകുളങ്ങരയിലെ കെ ബി പ്രമോദിന്റെ വീടിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് മണ്ണഞ്ചേരി പൊലീസിന് കിട്ടിയത്. പുലർച്ചെ 12.30ഓടെയാണ് മോഷണം നടന്നത്. മൂന്ന് യുവാക്കൾ സ്‍കൂട്ടറിൽ പ്രമോദിന്റെ വീടിന് മുന്നിലേക്ക് എത്തി. ഒരാൾ വീട്ടുമുറ്റത്തേക്ക് പ്രവേശിച്ചശേഷം മറ്റ്‌ രണ്ടുപേർ സ്‍കൂട്ടറിൽ മടങ്ങി. അകത്തുകയറിയ യുവാവ് അൽപ്പസമയത്തിനുശേഷം ബൈക്കുമായി പുറത്തേക്ക് പോകുന്നത്‌ ദൃശ്യങ്ങളിലുണ്ട്. എന്നാൽ ദൃശ്യത്തിൽ മുഖം വ്യക്തമല്ലാത്തതിനാൽ അപകടത്തിൽപ്പെട്ട യുവാക്കൾ തന്നെയാണ് ഇതെന്ന് പൂര്‍ണമായും ഉറപ്പിക്കാൻ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കൈചൂണ്ടിമുക്കിലെയും സമീപപ്രദേശങ്ങളിലെയും ചില സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും യുവാക്കളുടെ ദൃശ്യം ലഭിച്ചില്ല. മോഷണത്തിനും അപകടത്തിനുമിടയിൽ ഇവരെ മറ്റെവിടെയെങ്കിലും ആരെങ്കിലും കണ്ടിരുന്നോയെന്നും അന്വേഷിക്കുകയാണ്. ബൈക്ക് മോഷണം പോയി മൂന്ന് മണിക്കൂറിനുശേഷം പുലർച്ചെ 3.21 നാണ് കൈചൂണ്ടി ജങ്ഷനിൽ അപകടം നടന്നത്. ബൈക്ക് മോഷ്‍ടിച്ചത് ആര്, രണ്ടായി പിരിഞ്ഞ സംഘം എവിടേക്കാണ് പോയത്, ഈ ഇടവേളയിൽ എന്തൊക്കെചെയ്‍തു, എവിടെവച്ചാണ് വീണ്ടും ചേര്‍ന്നത്, വാഹനവുമായി എങ്ങോട്ട് പോകാനാണ് ഉദേശിച്ചത്, മറ്റാരെയെങ്കിലും കണ്ടിരുന്നോ തുടങ്ങിയവയിൽ പൊലീസിന് വ്യക്തതവരുത്തേണ്ടതുണ്ട്. വ്യാഴം പുലര്‍ച്ചെ കൈചൂണ്ടി ജങ്ഷനിലുണ്ടായ അപകടത്തിൽ മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ സബീൽ (17), കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്‍ദുൽ റഷീദിന്റെ മകൻ റിൻഷാദ് (20) എന്നിവരാണ് മരിച്ചത്. കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) അതീവ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മോഷ്‍ടിച്ച ബൈക്കിൽ ആലപ്പുഴ ഭാഗത്തുനിന്ന് കൈചൂണ്ടി ജങ്ഷനിലേക്ക് തെറ്റായ ദിശയിൽ അമിതവേഗത്തിൽ പോകവെ തെരുവുനായയെ ഇടിച്ച് നിയന്ത്രണം നഷ്‍ടമായി എതിരെവന്ന മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിൽ തലയടിച്ചുവീണ സബീലും റിൻഷാദും തൽക്ഷണം മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home