Interview

പി രാമഭദ്രൻ

സാഫല്യത്തിന്റെ ഒമ്പതാണ്ട്

p ramabhadran interview
avatar
ജയൻ ഇടയ്‌ക്കാട്‌

Published on May 16, 2025, 11:03 PM | 2 min read

പട്ടികവിഭാഗങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു നയിക്കുന്ന ഒട്ടേറെ നടപടികളാണ് പിണറായി സർക്കാർ 
സ്വീകരിച്ചത്. വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടം മുതൽ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നു. 
ചരിത്രവഴിയിലെ വലിയ പോരാട്ടങ്ങൾ ഇടതുപക്ഷത്തിന്റെ കരുത്താണ്‌. ആ പോരാട്ടവീര്യം സമൂഹത്തിന്റെ അടിത്തട്ടിലേക്കും 
ഇറങ്ങിച്ചെന്നപ്പോഴാണ്‌ ഞങ്ങളുടെ കുട്ടികൾക്കും നമ്മുടെ ആകാശങ്ങളിൽ വിമാനം പറത്താമെന്ന നില കൈവന്നതെന്ന്‌ 
കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ 
പി രാമഭദ്രൻ പറഞ്ഞു. തയ്യാറാക്കിയത്‌ : ദേശാഭിമാനി കൊല്ലം ബ്യൂറോ ചീഫ്‌ ജയൻ ഇടയ്‌ക്കാട്‌


നവകേരളത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച്‌

നവകേരള സങ്കൽപ്പം സാർഥകമാക്കാനുള്ള കഠിനമായ ഒമ്പതു സംവത്സരങ്ങളാണ്‌ കടന്നുപോയത്‌. ഇടതുപക്ഷ ഭരണം കേരളത്തിലെ ജനസമൂഹത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച നാളുകൾ. അടിസ്ഥാന സൗകര്യ വികസനത്തിൽ തുടങ്ങി ഓരോ മേഖലയിലും പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്ന പ്രക്രിയ തുടരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്‌ വിദേശവിദ്യാഭ്യാസം, പട്ടികവിഭാഗങ്ങൾക്കിടയിൽ കൂടുതൽ വ്യാപകമാക്കാൻ നടപടി സ്വീകരിച്ചു. അതിനായി സാക്ഷാൽക്കരിച്ച പ്രത്യേക പദ്ധതിപ്രകാരം ഇപ്പോൾ ആയിരത്തോളം കുട്ടികൾ വിദേശരാജ്യങ്ങളിൽ വിവിധ വൈജ്ഞാനിക ശാഖകളിൽ വിദ്യാഭ്യാസം നേടുന്നു. മറ്റൊരു ഗവൺമെന്റിനും സ്പർശിക്കാൻ കഴിയാതെപോയ മേഖലയാണിത്.


നവോത്ഥാന മൂല്യങ്ങളോടുള്ള 
സർക്കാരിന്റെ കാഴ്ചപ്പാട്

എൽഡിഎഫ്‌ സർക്കാർ നവോത്ഥാനത്തെ തുടർപ്രക്രിയയായി സ്വീകരിച്ചു. നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക്‌ രൂപം നൽകി. അത്‌ ചരിത്രത്തിലെ കുതിച്ചുചാട്ടമായിരുന്നു. തിരുവനന്തപുരത്തെ വി ജെ ടി ഹാളിന്‌ മഹാത്മാ അയ്യൻകാളിയുടെ പേരു നൽകിയതും ശ്രീനാരായണ ഗുരുവിന്റെ സ്മരണയെയും ഉപദേശങ്ങളെയും വ്യാപകമാക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചതും വൈക്കം സത്യഗ്രഹത്തിന്റെയും ലോകസർവമത സമ്മേളനത്തിന്റെയും നൂറാം വാർഷികങ്ങൾ സമുചിതമായി ആഘോഷിച്ചതും നിറപ്പകിട്ടുള്ള അധ്യായങ്ങളാണ്. കെ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ, കോളനി എന്ന വിളിപ്പേരു മാറ്റി. ഉന്നതി/നഗർ എന്നീ പേരുകളിലേക്കു വാസസ്ഥലങ്ങളെ പരിവർത്തനപ്പെടുത്തി.


അബ്രാഹ്മണരെ ശാന്തിക്കാരാക്കിയ തീരുമാനം

 ബ്രാഹ്മണ്യത്തിന്റെ വേരുകൾ ഇന്ത്യയുടെ സർവതോമുഖമായ ആഖ്യാനങ്ങളുമായി, സങ്കീർണമായി കെട്ടുപിണഞ്ഞു കിടക്കുന്നു. 1951-ൽ ഡോ. ബി ആർ അംബേദ്കർ പാർലമെന്റിൽ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലിലെ പ്രധാന നിർദേശം ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഏവർക്കും പൗരോഹിത്യം അനുവദിക്കണമെന്നായിരുന്നു. എന്നാൽ പാർലമെന്റിലെ സവർണശക്തികളുടെ ഭൂരിപക്ഷം അതിനെ പരാജയപ്പെടുത്തി. ആ അവസ്ഥയിലാണ്, 1968-ൽ ഇ എം എസ് സർക്കാരിന്റെ കാലത്ത്‌ പ്രാക്കുളം ഭാസി ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ആയിരിക്കെ ശാന്തിക്കാരായി അബ്രാഹ്മണരെ ആദ്യം നിയമിക്കുന്നത്. പക്ഷേ അതു വൈകാതെ നിലച്ചു. പിന്നീട്‌ പിണറായിയുടെ കാലത്താണതു പുനരാരംഭിച്ചത്.


സംവരണത്തെക്കുറിച്ച്‌

നിലവിലുള്ള സംവരണത്തിന്റെ നല്ല ഫലങ്ങളെ അർഹമായ അളവിൽ മാനിക്കുന്നു. എന്നാൽ പൊതുമേഖലയിൽ മാത്രമായി സംവരണ സാധ്യതകളെ പരിമിതപ്പെടുത്തരുത്. എയ്ഡഡ് മേഖലയിലും പ്രയോജനപ്പെടുത്താൻ ക്രിയാത്മകമായ പരിശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്മ ദളിതർ നേരിടുന്ന ഗൗരവപൂർണമായ വെല്ലുവിളിയാണ്. സർക്കാർ സർവീസിൽ അവസരവികസനത്തിനു പരിമിതിയുണ്ട്. സർവീസ് വികസനത്തിനും പരിമിതികൾ ഉണ്ട്. കോർപറേറ്റ് കാലഘട്ടത്തിൽ, സ്വകാര്യമേഖലയുടെ വളർച്ച അത്ഭുതാവഹമാണ്. അവിടം സംവരണ സൗഹൃദമാകണം.


പട്ടികജാതി വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായത്തിൽ കേന്ദ്രത്തിന്റെ നിലപാട്‌

യാഥാസ്ഥിതികതയാണ്‌ മിക്ക കാര്യങ്ങളിലും കേന്ദ്രസർക്കാരിന്റെ മുഖമുദ്ര. പ്രശ്നങ്ങളെ സമീപിക്കുന്നതിൽ തികഞ്ഞ രാഷ്ട്രീയ വിരോധവും മനുസ്മൃതിയിൽ അടിയുറച്ച പ്രതിവാദങ്ങളും പുലർത്തുന്നു. കേരളത്തെ നയിക്കുന്ന ഇടതുപക്ഷ സർക്കാരിനെ അത്തരം കെണികളിൽ ചാടിക്കാനാകില്ല. അപ്പോൾ സാമ്പത്തിക അടിത്തറ എങ്ങനെ തകർക്കാമെന്ന്‌ ചിന്തിക്കുന്നു. ഈ ഉന്മൂലനചിന്തയിൽനിന്ന്‌ ദളിതരെയും ഒഴിവാക്കുന്നില്ല. അവർക്കു ലഭിക്കേണ്ട ഫണ്ടുകളും മരവിപ്പിലാണ്. എങ്ങനെയൊക്കെ കേന്ദ്രഫണ്ടിനു വിഘാതം സൃഷ്ടിക്കാമെന്ന ഗവേഷണത്തിലാണ്‌ കേന്ദ്രം. അതേസമയം വർണാശ്രമവ്യവസ്ഥ പരിപോഷിപ്പിക്കാനും മനുവിന്റെ കാലത്തേക്കു മാനവചിന്ത തിരിച്ചു വിടാനും വാരിക്കോരി ചെലവഴിക്കുന്നു. ദുഷ്‌കരമായ ഈ സാഹചര്യത്തിലും എൽഡിഎഫ് സർക്കാർ പട്ടികവിഭാഗങ്ങളെ ചേർത്തുപിടിക്കുന്നത്‌ അഭിമാനകരമാണ്‌.


കൂട്ടായ തീരുമാനങ്ങളുടെ ശക്തി

യുഡിഎഫിന്റെ ഭരണകാലത്ത്‌ പാദസേവകരുടെയും പരദൂഷണക്കാരുടെയും വിളയാട്ടമായിരുന്നു. സ്വജനപക്ഷപാതം നഗ്നനൃത്തമാടി. സമ്മർദതന്ത്രങ്ങൾക്കു മുന്നിൽ ആശയങ്ങളും ജനതാൽപ്പര്യവും അടിയറ വയ്ക്കപ്പെട്ടു. എന്നാൽ എൽഡിഎഫിന്റെ ഭരണസംസ്‌കാരം മറ്റൊന്നാണ്. ഇവിടെ നേതാക്കളെല്ലാം പാർടിയുടെയും മുന്നണിയുടെയും ഭാഗമാണ്. കൂട്ടായ ആലോചനകളിലൂടെ വികസിത കേരളത്തെ നിർമിക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Home