വേണ്ടത് രാഷ്‌ട്രീയ, സാംസ്‌കാരിക ചികിത്സ


Sajan Evugen
Published on Apr 09, 2025, 05:04 PM | 6 min read
മധുരയിൽ ഏപ്രിൽ രണ്ട് മുതൽ ആറ് വരെ ചേർന്ന സിപിഐ എം 24–ാം പാർടി കോൺഗ്രസിന്റെ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ഇന്ത്യയിലെ മതനിരപേക്ഷ, ജനാധിപത്യ, ഇടതുപക്ഷ വിശ്വാസികളിൽ വലിയ പ്രതീക്ഷയും ആവേശവും സൃഷ്ടിച്ചിരിക്കുന്നു.
വർഗീയവിപത്തിനും ജനവിരുദ്ധ നയങ്ങൾക്കും എതിരായ പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പാർടി കോൺഗ്രസ് തയ്യാറാക്കിയ പ്രവർത്തനപദ്ധതിയെക്കുറിച്ച് ജനറൽ സെക്രട്ടറി എം എ ബേബി ‘ദേശാഭിമാനി’ ഡിജിറ്റൽ മീഡിയ കോ–-ഓഡിനേറ്റിങ് എഡിറ്റർ സാജൻ എവുജിനോട് സംസാരിക്കുന്നു.
? സിപിഐ എമ്മിന്റെ സ്വതന്ത്രകരുത്ത് വർധിപ്പിക്കണമെന്ന 24–-ാം പാർടി കോൺഗ്രസ് ആഹ്വാനം രാഷ്‌ട്രീയമായി എങ്ങനെ വിശദീകരിക്കാം.
പാർടി കോൺഗ്രസ് പ്രഖ്യാപിച്ച രണ്ട് പ്രധാന ദൗത്യങ്ങളിലൊന്നാണ് സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വതന്ത്രമായ കരുത്ത് വർധിപ്പിക്കുക എന്നത്. അതിനു സമാന്തരമായി ഏറ്റെടുക്കേണ്ട അടിയന്തര രാഷ്‌ട്രീയ കടമയാണ് മറ്റൊന്ന്. ഇന്ത്യൻ സമൂഹത്തെയാകെ വിഷം തീണ്ടുന്ന ഭരണസംവിധാനമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലുള്ളത്. പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയത്തിൽ നവഫാസിസ്‌റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന ബിജെപി സർക്കാർ എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നമ്മുടെ ഭരണഘടനമൂല്യങ്ങളെയാകെ തകർക്കുന്ന നടപടികളാണ് ഒന്നിനു പിറകെ ഒന്നായി മോദിസർക്കാർ സ്വീകരിക്കുന്നത്. പാർടി കോൺഗ്രസ് സമാപിച്ചതിന് പിന്നാലെ ഒരേദിവസം രണ്ട് ശ്രദ്ധേയ സംഭവവികാസങ്ങളുണ്ടായി. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബിൽ തടഞ്ഞുവച്ച ഗവർണറുടെ നടപടി തെറ്റാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇത് കേരളത്തിലും പ്രധാനമാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ കേരളവും ഇതേ അവസ്ഥ നേരിട്ടതാണ്. മോദിസർക്കാർ നവഫാസിസ്‌റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നുവെന്ന സിപിഐ എം വിമർശനം ശരിവയ്‌ക്കുന്നതാണ് സുപ്രീംകോടതി വിധി.
ജനങ്ങൾക്കുനേരെയുള്ള കടന്നാക്രമണം മോദിസർക്കാർ തുടരുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക തീരുവ വർധിപ്പിക്കുകയും പാചകവാതക വില കൂട്ടുകയും ചെയ്‌തു. ഇത്തരം ജനദ്രോഹനയങ്ങൾക്കെതിരെ അതിവിശാലസഖ്യം കെട്ടിപ്പടുക്കാൻ സിപിഐ എമ്മിന്റെ കരുത്ത് പതിന്മടങ്ങ് വർധിപ്പിക്കേണ്ടതുണ്ട്. സംഘടനാപരമായി പാർടിയുടെയും വർഗബഹുജനസംഘടനകളുടെയും സ്വാധീനവും പ്രഹശേഷിയും വർധിപ്പിക്കണം. ഇതിനു ഉപകരിക്കുന്ന കുറെക്കാര്യങ്ങൾ പാർടി കോൺഗ്രസ് സംഘടന അവലോകന റിപ്പോർട്ടിൽ ചർച്ച ചെയ്‌തു.
പാർടി ബ്രാഞ്ചുകൾ ജീവകോശങ്ങൾ
മനുഷ്യന് ജീവകോശങ്ങൾ എത്ര പ്രധാനമാണോ അതുപോലെയാണ് പാർടിയുടെ ജീവകോശങ്ങളായ ബ്രാഞ്ചുകൾ. ഒരു ലക്ഷത്തോളം ബ്രാഞ്ചുകൾ രാജ്യത്താകെയുണ്ട്. ബ്രാഞ്ചുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ലോക്കൽകമ്മിറ്റികളും ഉപരികമ്മിറ്റികളുമുണ്ട്. ജില്ലാകമ്മിറ്റികളും സംസ്ഥാനകമ്മിറ്റികളും കേന്ദ്രകമ്മിറ്റിയും പൊളിറ്റ്‌ബ്യൂറോയുമുണ്ട്. ഈ കമ്മിറ്റികളുടെയെല്ലാം പ്രവർത്തനക്ഷമത പലമടങ്ങ് വർധിപ്പിക്കാൻ പാർടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബ്രാഞ്ചുകൾക്ക് പരിശീലനം നൽകാൻ ആവശ്യമായ കാര്യങ്ങൾ സംസ്ഥാനകമ്മിറ്റികൾ തീരുമാനിക്കേണ്ടതാണ്. മേൽകമ്മിറ്റികൾ കൂടുതൽ സജീവമാക്കുകയും സമരശേഷി വർധിപ്പിക്കുകയും ചെയ്യണം.
ഇതിനു സമാന്തരമായി ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽന്മേൽ പ്രാദേശിക പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരണം. കണ്ണൂർ പാർടി കോൺഗ്രസിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് വർഷം പല സംസ്ഥാനങ്ങളിലും ജനകീയവിഷയങ്ങൾ ഉന്നയിച്ച് ശക്തമായ സമരങ്ങൾ നടത്തി. നീണ്ടുപോകാൻ സാധ്യതയുള്ള ഇത്തരം സമരങ്ങൾ വിജയത്തിലെത്തിക്കാനും ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. വിള ഇൻഷ്വറൻസ് വിഷയത്തിൽ രാജസ്ഥാനിലെ കർഷകസമരം, തെലങ്കാനയിൽ വീട്‌വയ്‌ക്കാൻ ഭൂമി ആവശ്യപ്പെട്ട് നടന്ന സമരം എന്നിവ ഉദാഹരണങ്ങളാണ്. ഇവയൊക്കെ വിജയിപ്പിക്കാൻ കഴിഞ്ഞു.

ഭാവനപൂർണമായ പ്രവർത്തനങ്ങൾ പാർടി അംഗങ്ങൾ പ്രവർത്തിക്കുന്ന ബഹുജനസംഘടനകൾ ഏറ്റെടുക്കണമെന്ന് കണ്ണൂർ കോൺഗ്രസിൽ തീരുമാനിച്ചിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട്‌വച്ച് നൽകാനുള്ള പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പാഴ്‌വസ്‌തുക്കൾ ശേഖരിച്ച് വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും 20 കോടി 40 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഇത്രയും തുക ഇത്തരത്തിൽ ശേഖരിച്ചത് പാർടി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ പലരും അത്‌ഭുതം പ്രകടിപ്പിച്ചു.
സമരങ്ങളും ഇത്തരം പ്രവർത്തനങ്ങളും വഴിയുണ്ടായ നേട്ടങ്ങൾ മധുര പാർടി കോൺഗ്രസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് പുതിയ സമരമാതൃകകൾ ഏറ്റെടുക്കാൻ പ്രചോദനമാകുമെന്ന് കരുതുന്നു. പ്രക്ഷോഭങ്ങളെ പുതിയ തലത്തിലേയ്‌ക്ക് ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
? സംഘപരിവാറിനെ ആശയപരമായും സാംസ്‌കാരികമായും നേരിടാനുള്ള പദ്ധതി എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
സംഘപരിവാർ സ്വാധീനം സമൂഹത്തിൽ ആഴ്‌ന്നിറങ്ങിയിട്ടുണ്ട്. നാനാപേരുകളിലും വ്യത്യസ്‌ത രൂപങ്ങളിലും ഉള്ള സംഘടനകൾ വഴി ആർഎസ്‌എസ് പ്രവർത്തിക്കുന്നു. ഇത് ഉയർത്തുന്ന ഭീഷണി അതിന്റെ ഗൗരവത്തിൽ കാണാൻ നമ്മുടെ നാട്ടിലെ മിക്ക രാഷ്‌ട്രീയ പാർടികളും തയ്യാറാകുന്നില്ല. കോൺഗ്രസ്, എസ്‌പി തുടങ്ങിയ പാർടികളെല്ലാം ബിജെപിക്കെതിരായ രാഷ്‌ട്രീയ നിലപാട് കൈക്കൊള്ളുന്നുണ്ട്. പക്ഷേ, അവരെല്ലാം ബിജെപിയെ കാണുന്നത് തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന മറ്റൊരു രാഷ്‌ട്രീയ പാർടി എന്ന നിലയിലാണ്.
ബിജെപിയെ കേവലമൊരു രാഷ്‌ട്രീയ പാർടിയായി കാണാൻ കഴിയില്ല. സിപിഐ എം പാർടി പരിപാടിയിൽ പറയുന്നതുപോലെ ഫാസിസ്‌റ്റ് സ്വഭാവമുള്ള ആർഎസ്‌എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന, ആർഎസ്‌എസിന്റെ പദ്ധതി സാക്ഷാൽക്കരിക്കാനായി രൂപീകരിച്ച രാഷ്‌ട്രീയ പാർടിയാണ് ബിജെപി. അതിനെ ഈ നിലയിൽ കാണാൻ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർടികൾക്ക് കഴിയാത്തതും സംഘപരിവാറിന് എതിരായ സൂക്ഷ്‌മപോരാട്ടത്തിൽ പരിമിതികൾ സൃഷ്ടിക്കുന്നു.
ആർഎസ്‌എസിനെതിരായ നിലപാട് പൊതുബോധമായിത്തീരണം
അതേസമയം, എന്താണ് ആർഎസ്‌എസ് എന്നതിനെ സംബന്ധിച്ച് ബിജെപി ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഭീഷണിയായി വളരാൻ തുടങ്ങിയ 1990കളുടെ ആദ്യംതന്നെ, അന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന സീതാറാം യെച്ചൂരി എഴുതിയ ‘‘വാട്ട് ഈസ് ഹിന്ദുരാഷ്‌ട്ര’’ എന്ന ലേഖനം ‘ഫ്രണ്ട്‌ലൈൻ’’ വാരികയിൽ പ്രസിദ്ധീകരിച്ചു. ഇത് ഫ്രണ്ട്‌ലൈൻ തന്നെ പുസ്‌തകമായി ഇറക്കി. ഇത് ഇപ്പോൾ പാർടി കോൺഗ്രസ് വേളയിൽ ഇത് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിജെപി വ്യത്യസ്‌തമായ രാഷ്‌ട്രീയ പാർടിയാണെന്ന് ആവർത്തിച്ച് പറയുന്നത് സിപിഐ എമ്മും ഇതര ഇടതുപക്ഷ പാർടികളുമാണ്.
ആർഎസ്‌എസിനെയും ബിജെപിയെയും കുറിച്ചുള്ള സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആഖ്യാനം ബൂർഷ്വാ മാധ്യമങ്ങൾ ആധിപത്യം വഹിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ വേണ്ട വിധത്തിൽ പ്രചരിക്കപ്പെടുന്നില്ല. ഈ ബലഹീനത പരിഹരിക്കാനുള്ള പ്രവർത്തനം വിപുലമായ തോതിൽ സംഘടിപ്പിക്കാൻ പാർടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ആർഎസ്‌എസിന്റെ ഉൽഭവം, വളർച്ച, അവർ നടത്തിയ വിധ്വംസക പ്രവർത്തനങ്ങൾ, ഇതിന്റെയൊക്കെ സമൂഹവിരുദ്ധ–-ജനാധിപത്യവിരുദ്ധ സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന പഠനക്കുറിപ്പ് പാർടി പൊളിറ്റ്‌ബ്യൂറോ തയ്യാറാക്കി. ജനങ്ങൾക്കിടയിലെ വിദ്യാഭ്യാസത്തിനായും തയ്യാറാക്കിയ ഈ കുറിപ്പ് വിവിധ ഇന്ത്യൻ ഭാഷകളിലേയ്‌ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ആർഎസ്‌എസിനെതിരായ നിലപാട് ജനങ്ങളുടെ പൊതുബോധമാക്കിത്തീർക്കാനുള്ള രാഷ്‌ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളാണ് പാർടി ഘടകങ്ങളും വർഗബഹുജനസംഘടനകളും ഏറ്റെടുക്കേണ്ടത്. ഇതൊരു സംസ്‌കാരിക രാഷ്‌ട്രീയ ദൗത്യമാണ്. സാംസ്‌കാരിക സംഘടനകളെ മാത്രം ആശ്രയിച്ച് നടത്തേണ്ടതല്ല, എല്ലാ വർഗ ബഹുജനസംഘടനകളുടെയും വ്യത്യസ്‌ത തലങ്ങളിലെ ഘടകങ്ങൾക്ക് സംസ്‌കാരിക ഇടപെടലിനായുള്ള സംഘടന സംവിധാനം ഉണ്ടാകണം. നിലവിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അപര്യാപ്തമാണ്.

പ്രഭാഷണങ്ങളും കലാസാംസ്‌കാരിക പരിപാടികളും ഒക്കെയായി ഇത് നടക്കുന്നുണ്ട്. എന്നാൽ സംഘപരിവാർ സംഘടനകൾ വീടുകളിലും തൊഴിലിടങ്ങളിലും ഒറ്റയ്‌ക്കും കൂട്ടായും നടത്തുന്ന സൂക്ഷ്‌മതല പ്രവർത്തനം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നേരിടാൻ ജനങ്ങളെ അവരുടെ താമസസ്ഥലങ്ങളിൽ ചെന്നുകണ്ട്, ക്ഷമാപൂർവം അവരുമായി ആശയവിനിമയം നടത്തി വർഗീയആശയങ്ങളുടെ പിടിയിൽനിന്ന് മോചിപ്പിക്കാൻ വിവിധ തലങ്ങളിൽ പരിപാടി തയ്യാറാക്കി ചിട്ടയായി പ്രവർത്തിക്കേണ്ടതുണ്ട്.
? ധ്രുവീകരണത്തിലൂടെ ബിജെപി ഉണ്ടാക്കിയെടുക്കുന്ന സ്വാധീനം ദുർബലപ്പെടുത്താൻ എന്താണ് മാർഗം
തുടർച്ചയായി കേന്ദ്രഭരണത്തിൽ ഇരിക്കുന്നത് ബിജെപിയുടെ നിലപാടുകൾക്ക് ചില വിഭാഗം ജനങ്ങൾക്കിടയിൽ സ്വാധീനത്തിന് വഴിതുറന്നിട്ടുണ്ട്. ഗാന്ധിജിയുടെ രക്തം പുരണ്ട കരങ്ങളാണ് സംഘപരിവാറിന്റേത് എന്നും ഗാന്ധിജിയെ വധിച്ച തോക്ക് തന്നെയാണ് ഗുജറാത്ത് വംശഹത്യക്കും കലബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ധാബോൾക്കറിന്റെയും ജീവൻ കവർന്നെടുക്കാനും ഉപയോഗിച്ചതെന്നും കാണണം. ഈ ആശയം നമ്മുടെ നാടിന്റെ പൊതുബോധമാക്കി മാറ്റിയാലേ കേന്ദ്രത്തിലും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം കയ്യിലൊതുക്കിയ നവഫാസിസ്‌റ്റുകളെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ചെയ്യാൻ കഴിയൂ.
ഗാന്ധിജിയുടെ രക്തം പുരണ്ട കരങ്ങളാണ് സംഘപരിവാറിന്റേത് എന്നും ഗാന്ധിജിയെ വധിച്ച തോക്ക് തന്നെയാണ് ഗുജറാത്ത്‌വംശഹത്യക്കും കലബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ധാബോൾക്കറിന്റെയും ജീവൻ കവർന്നെടുക്കാനും ഉപയോഗിച്ചത് എന്നും കാണണം.
രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ബി ജെ പി കേന്ദ്രഭരണത്തിൽ തുടരുന്നത്. അതുകൊണ്ട്‌തന്നെ പരാജയപ്പെടുത്താൻ കഴിയുന്ന ശക്തികളാണ് മോദിക്കൊപ്പമുള്ളത് എന്ന യാഥാർഥ്യബോധത്തോടെയുള്ള ശുഭാപ്‌തി വിശ്വാസം ജനങ്ങളിൽ വളർത്തിയെടുക്കാൻ കഴിയണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല വർഗീയതയ്‌ക്കെതിരായ പോരാട്ടം.

പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സമൂഹത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഇക്കൂട്ടർ വിഷം കുത്തിവച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തെ വിഷമുക്തമാക്കാൻ വളരെ വലിയ ഒരു രാഷ്‌ട്രീയ, സാംസ്‌കാരിക ചികിത്സ ഏറ്റെടുത്ത് നിർവഹിക്കേണ്ടതുണ്ട്. ഇതിനായി സിപിഐ എമ്മും സമാന ചിന്താഗതിക്കാരായ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളും വ്യക്തികളും യോജിച്ച് അണിനിരക്കേണ്ടതുണ്ട് എന്ന കാഴ്‌ചപ്പാടാണ് പാർടി മുന്നോട്ടുവയ്‌ക്കുന്നത്. ഇത് ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ സിപിഐ എമ്മും ഇടതുപക്ഷവും പതിന്മടങ്ങ് ശക്തിയാർജ്ജിക്കണം. കമ്യൂണിസ്‌റ്റുകാർ മതവിശ്വാസത്തിന് എതിരല്ല
? ഇടക്കാലത്ത് സോഷ്യലിസ്‌റ്റ് ചേരിക്ക് നേരിട്ട തിരിച്ചടി ഇന്ത്യയിലും പ്രതിഫലിച്ചു. എന്നാൽ ലോകജനസംഖ്യയിൽ 25 ശതമാനത്തോളം പേർ ഇപ്പോഴും സോഷ്യലിസ്‌റ്റ് രാഷ്‌ട്രങ്ങളിലാണ് അധിവസിക്കുന്നത്. സോഷ്യലിസമാണ് ബദൽ എന്ന ആഖ്യാനം രാജ്യത്ത് കൂടുതൽ ഉയർത്തിക്കാട്ടാൻ കഴിയേണ്ടതല്ലേ?
ലോകസാഹചര്യത്തെ പൊതുവിൽ വിലയിരുത്തുമ്പോൾ, തീവ്രവലതുപക്ഷം ചിലേടങ്ങളിൽ ശക്തിയാർജ്ജിക്കുന്നത് ചൂണ്ടിക്കാട്ടി കമ്യൂണിസ്‌റ്റുകാർക്കും ഇടതുപക്ഷത്തിനും വലിയ ഭാവിയില്ലെന്ന വാദം ഉയർത്തുന്നവരുണ്ട്. എന്നാൽ ചിന്തിക്കുന്ന മനുഷ്യരാകട്ടെ കമ്യൂണിസ്‌റ്റുകാർക്കും ഇടതുപക്ഷത്തിനും സ്വാധീനമില്ലാത്ത ലോകത്തിന്റെ ഭാവി എന്താണ് എന്ന ഉൽകണ്‌ഠ പങ്കുവയ്‌ക്കുന്നു.
സാമ്രാജ്യത്വ, മുതലാളിത്ത രാഷ്‌ട്രങ്ങൾ എത്ര അസഹനീയ ജീവിത ദുരിതങ്ങളാണ് ശതകോടി ജനങ്ങളിൽ അടിച്ചേൽപിക്കുന്നത്.അതുസംബന്ധിച്ച സ്ഥിതിവിവരകണക്കുകൾ ഓക്‌സ്‌ഫാം പോലുള്ള സ്വതന്ത്രപഠന സംഘങ്ങൾ നൽകുന്നുണ്ട്. ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ ആസ്‌തി ലോകജനസംഖ്യയിലെ 95 ശതമാനത്തിന്റെ മൊത്തം സ്വത്തിനെക്കാൾ കൂടുതലാണ്. ശതകോടി ഡോളർ സമ്പന്നരുടെ സ്വത്ത് പ്രതിദിനം 270 കോടി ഡോളർ വീതം വർധിക്കുന്നു. അതേസമയം 170 കോടി തൊഴിലാളികളുടെ യഥാർഥ വരുമാനത്തിൽ ഇടിവ് വരുത്തുന്ന വിധത്തിലാണ് പണപ്പെരുപ്പം.
ഔഷധനിർമാണം, കൃഷി, സാങ്കേതിക വിദ്യ മേഖലകളിൽ അടക്കം ഈ ചെറുസംഘം കമ്പനികൾ ആഗോളകുത്തക നേടിയിരിക്കുന്നു. ഏഴ് സമൂഹമാധ്യമ, സാങ്കേതികവിദ്യ, ചിപ്പ് കമ്പനികളുടെ മൊത്തം ഓഹരിവിപണിമൂല്യം 12 ലക്ഷം കോടി ഡോളറായി. ഈ ആധിപത്യം ഉപയോഗിച്ച് അവർ സർക്കാർ നയങ്ങളെ സ്വാധീനിക്കുകയും രാഷ്‌ട്രീയ ഇടപെടൽ നടത്തുകയും ചെയ്യുന്നു.
ഏറ്റവും അസമത്വം നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറി. വരുമാനത്തിന്റെ 22.6 ശതമാനവും രാജ്യത്തെ സ്വത്തിന്റെ 40.1 ശതമാനവും കയ്യാളുന്നത് ജനസംഖ്യയിലെ ഒരു ശതമാനമാണ്. ഇതിനുപുറമെ ചൂഷണവ്യവസ്ഥ ലോകത്ത് സൃഷ്ടിക്കുന്ന യുദ്ധങ്ങളും വംശീയഹത്യയും ഉക്രയ്‌നിലും ഗാസയിലും നാം കാണുകയാണ്.
നികുതി വെട്ടിക്കുറച്ചും തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തിയും സർക്കാരുകൾ കോർപറേറ്റുകളെ സഹായിക്കുന്നു. ഇന്ത്യയിലാകട്ടെ 2017–-18ൽ മൊത്തം നികുതിവരുമാനത്തിന്റെ 32 ശതമാനം കോർപറേറ്റ്‌നികുതിയിൽനിന്നായിരുന്നു. 2024–-25ൽ ഇത് 26.5 ശതമാനമായി ഇടിഞ്ഞു.
ആദായനികുതി വരുമാനത്തിന്റെ പങ്ക് 2014–-15ൽ 20.8 ശതമാനമായിരുന്നത് 2024–-25ൽ 30.9 ശതമാനമായി ഉയർന്നു. കോർപറേറ്റ് നികുതി വെട്ടിക്കുറയ്‌ക്കുന്നത് വഴി ഓരോവർഷവും 1.45 ലക്ഷം കോടി രൂപയാണ് സർക്കാരിന് നഷ്ടം. ലോകത്ത് ഏറ്റവും അസമത്വം നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറി. വരുമാനത്തിന്റെ 22.6 ശതമാനവും രാജ്യത്തെ സ്വത്തിന്റെ 40.1 ശതമാനവും കയ്യാളുന്നത് ജനസംഖ്യയിലെ ഒരു ശതമാനമാണ്.
ഇതിനുപുറമെ ചൂഷണവ്യവസ്ഥ ലോകത്ത് സൃഷ്ടിക്കുന്ന യുദ്ധങ്ങളും വംശീയഹത്യയും ഉക്രയ്‌നിലും ഗാസയിലും നാം കാണുകയാണ്.
അമിതലാഭത്തിനായി ആർത്തിപിടിച്ച് പ്രകൃതിവിഭവങ്ങളെ അശാസ്‌ത്രീയമായി കൊള്ളയടിച്ച്, ഭൂമിയെ ആസന്നമൃത്യുവിലേയ്‌ക്ക് തള്ളിവിടുന്നത് മുതലാളിത്തനയങ്ങളാണ്. ഇതിനു നേർവിപരീതമായി സമത്വപൂർണമായ സമൂഹം കെട്ടിപ്പടുക്കാൻ പലവഴികളിലൂടെ അന്വേഷണം നടത്തുന്ന രാഷ്‌ട്രങ്ങളിൽ പാർക്കുന്നവർ ആഗോളജനസംഖ്യയുടെ 25 ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടാവുന്നത്. അതുകൊണ്ട് മുതലാളിത്ത ദുരിതത്തിന് അറുതിവരുത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷ ലോകസ്ഥിതിഗതികൾ സൂക്ഷ്‌മമായി വിലയിരുത്തുന്നവർക്കുണ്ട്.

സമത്വപൂർണമായ സമൂഹം ഓരോ രാജ്യത്തിനും ഇണങ്ങിയ രൂപത്തിൽ വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് സിപിഐ എം ഉറച്ചുവിശ്വസിക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള സമത്വപൂർണമായ സമൂഹം, സോഷ്യലിസ്‌റ്റ് സമൂഹം ഇവിടെ സൃഷ്ടിക്കാൻ ജനകീയ ജനാധിപത്യ പാതയിലൂടെ കഴിയുമെന്ന ആശയം 24–-ാം പാർടി കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.
? മതപരതയ്‌ക്ക് വലിയ സ്വാധീനമുള്ള രാജ്യമാണ് ഇന്ത്യ. കമ്യൂണിസ്‌റ്റുകാർക്കും സോഷ്യലിസ്‌റ്റുകൾക്കും മതത്തോടുള്ള സമീപനത്തെക്കുറിച്ച് നടക്കുന്ന ചില പ്രചാരവേലകൾ സിപിഐ എമ്മിന്റെ വളർച്ചയ്‌ക്ക് വിലങ്ങുതടിയാകുന്നില്ലേ
കമ്യൂണിസ്‌റ്റുകാർ മതവിരുദ്ധരാണെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. കാൾ മാർക്‌സും ഫെഡറിക് ഏംഗൽസും മിഖയേൽ ബെക്കുനിനും 1864ൽ സ്ഥാപിക്കപ്പെട്ട ഇന്റർനാഷണൽ വർക്കിങ്‌മെൻ അസോസിയേഷൻ(ഒന്നാം ഇന്റർനാഷണൽ) രൂപീകരിച്ചപ്പോഴേ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മതചിന്താഗതികളുമായി ബന്ധമില്ലാത്തവർക്ക് മാത്രമേ സംഘടനയിൽ അംഗത്വം നൽകാവൂ എന്ന് റഷ്യൻ വിപ്ലകാരിയായ ബെക്കുനിൻ ഇന്റർനാഷണലിൽ വാദിച്ചു. മാർക്‌സും ഏംഗൽസും ഇതിനെ ശക്തിയുക്തം എതിർത്തു.
തൊഴിലാളികളുടെ മോചനത്തിനായുള്ള സമരസംഘടന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തയ്യാറാകുന്ന മതവിശ്വാസികളെയും ദൈവവിശ്വാസികളെയും എല്ലാം സംഘടനയിൽ ചേർക്കാമെന്ന് മാർക്‌സും ഏംഗൽസും വാദിച്ചു. അതാണ് സംഘടനയുടെ ഭൂരിപക്ഷ നിലപാടായി മാറിയത്. ബെക്കുനിന്റെ നിലപാട് അംഗീകരിക്കുന്ന യാന്ത്രികഭൗതികവാദമല്ല സിപിഐ എം ഉയർത്തിപ്പിടിക്കുന്നത്. മതവിശ്വാസികളെയും അണിനിരത്തി വർഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തവും വിപുലവുമാക്കണമെന്നതാണ് സിപിഐ എം നിലപാട്. ഇക്കാര്യം 24–-ാം പാർടി കോൺഗ്രസിന്റെ രേഖകളിൽ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
? വ്യക്തിപരമായ ഒരു ചോദ്യം. ഫുട്‌ബോൾ, ടെന്നീസ് മത്സരങ്ങൾ കാണാൻ ഇനി പഴയതുപോലെ സമയം കിട്ടുമോ
ഹൈലൈറ്റ്‌സ് കാണാമല്ലൊ.














