ad
Deshabhimani

Interview

i m vijayan

വിജയമാനസം; ജീവിതം മാറ്റിമറിച്ചത്‌ പൊലീസ്‌കാലമെന്ന്‌ ഐ എം വിജയൻ

i m vijayan

ഐ എം വിജയൻ യാത്രയയപ്പ് ചടങ്ങിനുശേഷമുള്ള 
സൗഹൃദസംഭാഷണത്തിൽ /ഫോട്ടോ: കെ ഷെമീർ

avatar
ജിജോ ജോർജ്‌

Published on Apr 26, 2025, 12:21 AM | 2 min read


കേരളം ഇന്ത്യക്ക്‌ സമ്മാനിച്ച അതുല്യ ഫുട്‌ബോൾ പ്രതിഭ ഐ എം വിജയൻ കേരള പൊലീസിൽനിന്ന്‌ വിരമിക്കുമ്പോൾ ഒരു ചരിത്രം അവസാനിക്കുകയാണ്‌. കേരള പൊലീസ്‌ ടീമിന്റെ സുവർണകാലം കേരള ഫുട്‌ബോളിന്റേതുകൂടിയായിരുന്നു. എംഎസ്‌പി അസി. കമാൻഡന്റായി വിരമിച്ച വിജയനുമായുള്ള അഭിമുഖം.


പൊലീസ്‌ കുപ്പായം അഴിക്കുമ്പോൾ

വിജയൻ ഇന്നുകാണുന്ന ഐ എം വിജയൻ ആയിട്ടുണ്ടെങ്കിൽ അതിനുകാരണം പൊലീസാണ്‌. പതിനേഴാം വയസ്സിൽ പൊലീസിൽ എത്തിയതാണ്‌. ചിട്ടയായ പരിശീലനവും കണിശതയും ഒക്കെയുള്ളതുകൊണ്ടാണ്‌ നമ്മൾ ഇങ്ങനെയൊക്കെയായത്‌. രാവിലെ ആറിന്‌ ഗ്രൗണ്ടിൽ എത്തണമെങ്കിൽ അഞ്ചിനെങ്കിലും എണീക്കണം. അതെല്ലാം ശീലിച്ചത് പൊലീസിൽ ചേർന്നതുകൊണ്ടാണ്‌. ജീവിതത്തിൽ ഒറ്റ സെലക്ഷൻ ട്രയൽസിലേ ഇറങ്ങിയിട്ടുള്ളു. അത്‌ പൊലീസിന്റെയാണ്‌. ക്ലബ്ബുകളിൽ കളിക്കാൻപോയ ശേഷം റെയിൽവേ അടക്കം നിരവധി ഡിപ്പാർട്ട്‌മെന്റ്‌ ടീമുകളിൽനിന്ന്‌ വലിയ ഓഫറുകൾ വന്നിരുന്നു. പക്ഷേ ജോലിയിലേക്ക്‌ മടങ്ങുന്നുവെങ്കിൽ അത്‌ പൊലീസിലേക്ക്‌ മാത്രമായിരിക്കുമെന്ന്‌ ആദ്യം തന്നെ തീരുമാനിച്ചിരുന്നു.


തിരിച്ചുവരവ്‌ രണ്ടുവട്ടം

രണ്ടുവട്ടം പൊലീസിൽനിന്ന്‌ പോയ വ്യക്തിയാണ്‌ ഞാൻ. ആദ്യം 1991ൽ മോഹൻബഗാന്‌ കളിക്കാൻ പോയി. 1992ൽ തിരിച്ചുവന്നു. 1993ൽ വീണ്ടും പോയി. പിന്നെ പത്തുപതിനാറ്‌ കൊല്ലം കഴിഞ്ഞാണ്‌ തിരിച്ചുവന്നത്‌. ഷറഫ്‌ക്കയാണ്‌(യു ഷറഫലി) രണ്ടാമത്‌ തിരിച്ചുവരാനുള്ള ഇടപെടലെല്ലാം നടത്തിയത്‌. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി സാർ (കോടിയേരി ബാലകൃഷ്‌ണൻ) ‘പേടിച്ചിട്ടാണോ വിജയാ, പൊലീസിൽ നിന്ന്‌ പോയതെന്ന്‌’ ചിരിച്ചുകൊണ്ട്‌ ചോദിച്ചു. ‘വീട്ടിലെ അവസ്ഥ അത്ര മോശമായിരുന്നു. വീട്‌ വയ്‌ക്കണമായിരുന്നു. പൊലീസിൽ അന്ന്‌ ചെറിയ ശമ്പളമാണ്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ടാണ്‌ കൊൽക്കത്തയിൽ കളിക്കാൻ പോയത്‌. പേടി എന്താണെന്നുപോലും അറിയാത്ത കാലത്ത്‌ പൊലീസിൽ എത്തിയത്‌ അല്ലേ സാർ’ ഞാൻ പറഞ്ഞു. അങ്ങനെയാണ്‌ പൊലീസിലേക്കുള്ള രണ്ടാമത്തെ മടങ്ങിവരവിന്‌ വഴിയൊരുങ്ങിയത്‌.


IM Vijayan

മറക്കാത്ത അനുഭവങ്ങൾ

വളരെ കുറച്ചുമാത്രമേ യൂണിഫോം ഡ്യൂട്ടി എടുത്തിട്ടുള്ളു. ജോലി കിട്ടിയ കാലത്ത്‌ തിരുവനന്തപുരത്ത്‌ ചാലയിൽ സംഘർഷം ഉണ്ടായപ്പോൾ ഡ്യൂട്ടിക്ക്‌ പോകേണ്ടിവന്നു. അന്ന്‌ അവിടെ കായികതാരങ്ങളായിരുന്നു അധികം ഡ്യൂട്ടിയിലുണ്ടായിരുന്നത്‌. ശബരിമലയിൽ സന്നിധാനത്ത്‌ ജോലിചെയ്യാൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുന്നു. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ പോകുമ്പോൾ എല്ലാവരും വന്ന്‌ ഫോട്ടോയെടുക്കും. ജനങ്ങൾ നൽകിയ ആ സ്‌നേഹമാണ്‌ എന്നും കരുത്ത്‌. എന്റെ കൂടെയുള്ള പൊലീസുകാരോടെല്ലാം ‘വിജയേട്ടാ’ എന്നു വിളിച്ചാൽ മതിയെന്നാണ്‌ ഞാൻ പറയാറുള്ളത്‌. എനിക്ക്‌ അതായിരുന്നു ഇഷ്ടം. ആ സ്‌നേഹം അവർക്കെല്ലാം എന്നോടുമുണ്ട്‌. ഒരു കളിക്കാരൻ എന്ന പരിഗണന എപ്പോഴും പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം തന്നിട്ടുണ്ട്‌.

IM Vijayan


തൃശൂരിൽ അക്കാദമി

സാധാരണ വിരമിക്കുമ്പോൾ എല്ലാവർക്കും വലിയ സങ്കടമാണ്‌ ഉണ്ടാകുക. അങ്ങനെയൊരു സങ്കടമൊന്നും എനിക്കില്ല. എനിക്ക്‌ ഇന്ന്‌ കാണുന്നതെല്ലാം തന്നത്‌ ഫുട്‌ബോളാണ്‌. പൊലീസിൽനിന്ന്‌ പോയാലും ഫുട്‌ബോളിനൊപ്പം ഉണ്ടാകും. തൃശൂർ കേന്ദ്രീകരിച്ച്‌ ഒരു പ്രൊഫഷണൽ അക്കാദമിയാണ്‌ എന്റെ സ്വപ്‌നം. മന്ത്രി കെ രാജനുമായി സംസാരിച്ചിട്ടുണ്ട്‌. അദ്ദേഹം എല്ലാവിധ പിന്തുണയും സഹകരണവും വാഗ്‌ദാനം ചെയ്തിട്ടുണ്ട്‌. സർക്കാരിന്റെ പിന്തുണ കൂടിയുണ്ടാകണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. കുട്ടികൾക്ക്‌ താമസിച്ച്‌ പരിശീലനം നൽകാൻ കഴിയുന്ന റസിഡൻഷ്യൽ അക്കാദമിയാവും. ഐ എം വിജയൻ ഫുട്‌ബോൾ അക്കാദമി എന്നാവും പേര്‌. സിനിമയിൽ നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയിക്കും. രാഷ്‌ട്രീയം എനിക്ക്‌ വഴങ്ങില്ല. ഒരു പാർടിയിലേക്ക്‌ പോയാൽ ബാക്കി പാർടിക്കാർ എതിരാകും. എല്ലാ പാർടിക്കാരുമായും നല്ല ബന്ധമാണ്‌.




Deshabhimani
Home