print edition കരുത്തായി സമരസൂര്യൻ: വി എസ് സ്‌മരണയിൽ കേരളം

അഞ്ജുനാഥ്
Published on Jul 22, 2026, 02:47 AM | 1 min read
ആലപ്പുഴ: നെഞ്ചിലമർന്ന കനലോർമകൾ സമരകേരളത്തിന്റെ സിരകളിൽ അഗ്‌നിയായി പടർന്നു. നീതികേടുകൾക്കെതിരായ പോരാട്ടത്തിന് കരുത്തേകും ആ അമരസ്‌മരണകളെന്ന് പ്രതിജ്‌ഞ പുതുക്കി വി എസ് എന്ന സമരസൂര്യന് കേരളം അഞ്‌ജലിയർപ്പിച്ചു.
വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ സംസ്ഥാനത്തെന്പാടും സിപിഐ എം സംഘടിപ്പിച്ച റാലികളിലും പൊതുയോഗങ്ങളിലും അനുസ്‌മരണച്ചടങ്ങുകളിലും പതിനായിരങ്ങൾ സഖാവിന്റെ ഓർമപുതുക്കി. പുന്നപ്ര–വയലാർ രണധീരരുടെ വീരസ്‌മരണകളിരന്പുന്ന മണ്ണിൽ മുദ്രാവാക്യങ്ങൾ അലകടലായി ഉയർന്നു.
വലിയ ചുടുകാട്ടിൽ വി എസിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് സിപിഐ എം നിർമിച്ച സ്‌മൃതിമണ്ഡപം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്, കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ പുഷ്‌പാർച്ചന നടത്തി.
രാവിലെ ഒമ്പതോടെ വി എസിന്റെ കുടുംബം അഭിവാദ്യമർപ്പിച്ചു. മുദ്രാവാക്യമുഴക്കങ്ങൾക്കിടെ ഭാര്യ വസുമതി വിതുമ്പലോടെ പൂക്കളർപ്പിച്ചു. മകൻ വി എ അരുൺകുമാർ, മകൾ വി വി ആശ, മരുമക്കളായ ഡോ. രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്, പേരക്കുട്ടികളായ ഡോ. ആതിര, അർജുൻ, അരവിന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അനുസ്‌മരണ സമ്മേളനം എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ഡോ. സുനിൽ പി ഇളയിടം ‘കേരളവും ഇടതുപക്ഷ ജീവിതവും’ എന്ന വിഷയത്തിൽ അനുസ്‌മരണപ്രഭാഷണം നടത്തി. വൈകിട്ട് റാലിയും പൊതുസമ്മേളനവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. എം വി ഗോവിന്ദൻ അധ്യക്ഷനായി.
തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ കേന്ദ്രകമ്മിറ്റി അംഗം ടി പി രാമകൃഷ്‌ണൻ പതാകയുയർത്തി. കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, എം വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ദേശാഭിമാനിയിൽ സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി പതാകയുയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി.










0 comments