ad
Deshabhimani

print edition പതറാതെ; സമരഭൂമി തിരിച്ചുപിടിച്ച പോരാട്ടവീര്യം

LEFT MPS JANTAR MANTAR PROTEST
avatar
കെ പി അക്ഷയ്‌

Published on Jul 22, 2026, 02:51 AM | 2 min read

ന്യൂഡൽഹി: മോദി സർക്കാരിന്റെ അടിച്ചമർത്തൽ മുറകളെ പോരാട്ടവീര്യം കൊണ്ട് അതിജീവിച്ച് ഡൽഹി ജന്തർമന്തറിലെ സമരഭൂമി പ്രക്ഷോഭകർ തിരിച്ചുപിടിച്ചു. പാർലമെന്റ് മാർച്ചിന്‌ പിന്നാലെ പൊലീസും കേന്ദ്രസേനയും തല്ലിത്തകർത്ത് കെട്ടിയടച്ച എസ്‌എഫ്‌ഐയുടെ ക്രാന്തി കോർണറുൾപ്പെടെയുള്ള സമരപ്പന്തലുകൾ മണിക്കൂറുകൾക്കുള്ളിൽ ചൊവ്വാഴ്‌ച പുനഃസ്ഥാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തെ തല്ലിത്തോൽപ്പിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് രാജ്യതലസ്ഥാനത്ത്‌ ഉയരുന്നത്‌. ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കാതെ സമരത്തിൽനിന്ന്‌ ഒരടിപോലും പിന്നോട്ടില്ലെന്ന്‌ പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.


പാർലമെന്റ്‌ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന്‌ വിദ്യാർഥികളാണ്‌ പൊലീസിന്റെയും കേന്ദ്രസേനകളുടേയും ക്രൂരമർദനത്തിന്‌ ഇരയായത്‌. പരിക്കേറ്റവർ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്‌. ഇതിൽ ചിലരുടെ നില ഗുരുതരം. തലയ്‌ക്ക്‌ പരിക്കേറ്റ ഇരുപത്‌ വയസ്സുള്ള വിദ്യാർഥി ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിലാണ്‌. പരിക്കേറ്റവരെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല. ചികിത്സയിലുള്ളവർക്കും സന്ദർശിക്കാനെത്തുന്നവർക്കുമെതിരെ കള്ളക്കേസ്‌ രജിസ്റ്റർ ചെയ്യുന്നുമുണ്ട്‌.


ചിലർ പരിക്ക്‌ അവഗണിച്ച്‌ ജന്തർമന്തറിൽ തുടരുന്നു. എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തെന്ന്‌ പൊലീസ്‌ അറിയിച്ചു. മൂവായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ്‌ തലസ്ഥാനത്ത്‌ വിന്യസിച്ചത്‌. പൊലീസ്‌ തടങ്കലിൽ കഴിയുന്ന സോനം വാങ്‌ചുക് 25–ാം ദിവസവും നിരാഹാര സമരം തുടരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന വാങ്‌ചുക്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ബലം പ്രയോഗിച്ചാണ് നിരാഹാര സമരവേദിയിൽനിന്ന് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സിജെപിയുടെയും വിദ്യാർഥി സംഘടനകളുടേയും അനിശ്ചിതകാല സമരം 32 ദിവസം പിന്നിട്ടു.


അതിനിടെ നീറ്റ്‌ ചോദ്യചോർച്ചയ്‌ക്ക്‌ ഉത്തരവാദികളായവർക്ക്‌ കടുത്ത ശിക്ഷ നൽകുമെന്ന്‌ പ്രധാനമന്ത്രി, എൻഡിഎ പാർലമെന്റ്‌ പാർടി യോഗത്തിൽ പറഞ്ഞതായി കേന്ദ്ര മന്ത്രി കിരൺ റിജിജു അറിയിച്ചു. യുവാക്കൾ തെറ്റിദ്ധരിക്കപ്പെടുകയാണ്‌. അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ എംപിമാർ തയ്യാറാകണമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞതായും റിപ്പോർട്ടുണ്ട്‌.


​കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാൻ പൊലീസ്‌ തയ്യാറായിരുന്നില്ല. ഡൽഹി പൊലീസ്‌ ആസ്ഥാനത്തേക്ക്‌ മാർച്ച്‌ നടത്തുമെന്ന്‌ സിജെപി പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ വിട്ടയച്ചത്‌. ഇ വർക്ക്‌ നിയമ സഹായവും പൊലീസ്‌ നിഷേധിച്ചിരുന്നു. ഡൽഹി നഗരത്തിലേക്ക് പ്രക്ഷോഭകരുടെ ഒഴുക്ക് തുടരുകയാണ്. ജൻപഥിലും കൊണാട്ട്‌ പ്ലേസിലുമുൾപ്പെടെയുളള മേഖലകളിൽ രാത്രി വൈകിയും പൊലീസ്‌ ലാത്തിച്ചാർജുണ്ടായി. വിദ്യാർഥികളെയും യുവജനങ്ങളെയും മർദിച്ചു.


സമരജ്വാലയ്‌ക്ക്‌ കാവലായ് ഇടതുപക്ഷ എംപിമാർ


അടിച്ചമർത്തലുകൾക്കും പൊലീസ് നരനായാട്ടിനും മുന്നിൽ വിദ്യാർഥി, -യുവജനത ഒറ്റയ്‌ക്കല്ലെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാരും നേതാക്കളും ജന്തർമന്തറിലെ പോരാട്ടപ്പന്തലിലെത്തി. പാർലമെന്റ് മാർച്ചിലുടനീളം ക്രൂരമർദനം അഴിച്ചുവിട്ട കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പാണ് നേതാക്കളുടെ സാന്നിധ്യം. തെരുവിൽ ചോരചിന്തിയ പ്രക്ഷോഭത്തിന് എല്ലാവിധ കരുത്തും പകർന്ന് പ്രതിപക്ഷനേതാക്കൾകൂടി സമരമുഖത്തേക്ക് ഇറങ്ങിയതോടെ ഡൽഹിയിലെ സമരം കൂടുതൽ തീവ്രമായി.


സിപിഐ എം എംപിമാരായ അമ്രാ റാം, കെ രാധാകൃഷ്‌ണൻ, ഡോ. ജോൺ ബ്രിട്ടാസ്‌, ഡോ. വി ശിവദാസൻ, എ എ റഹീം, സു വെങ്കിടേശൻ, ആർ സച്ചിതാനന്ദം, സിപിഐ എംപിമാരായ പി സന്തോഷ്‌ കുമാർ‍, പി പി സുനീർ, കെ സുബ്ബരായൻ‍, കേരള കോൺഗ്രസ്‌(എം) എംപി ജോസ് കെ മാണി എന്നിവരാണ്‌ ജന്തർ മന്തറിൽ പ്രകടനമായെത്തിയത്‌. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയെയും പരിക്കേറ്റ വിദ്യാർഥികളേയും എംപിമാർ സന്ദർശിച്ചു. സമരത്തിന്‌ എല്ലാവിധ പിന്തുണ തുടർന്നുമുണ്ടാകുമെന്ന് അറിയിച്ചു.


ചൊവ്വാഴ്‌ചയും സമരത്തിന്‌ പിന്തുണയുമായി സിപിഐ എം നേതാക്കൾ ജന്തർമന്തറിലെത്തി. ജനറൽ സെക്രട്ടറി എം എ ബേബി, എംപിമാരായ കെ രാധാകൃഷ്‌ണൻ, ഡോ. വി ശിവദാസൻ തുടങ്ങിയവർ രാത്രി ഡൽഹിയിലെത്തി പ്രതിഷേധക്കാരെ കണ്ടു. ആദ്യഘട്ടത്തിൽ പ്രതിഷേധക്കാരെ കാണുന്നതിൽനിന്ന്‌ സിപിഐ എം നേതാക്കളെ പൊലീസ്‌ തടഞ്ഞിരുന്നു. തടയുന്പോൾ കെ രാധാകൃഷ്‌ണന്റെ കൈക്ക്‌ പരിക്കേറ്റു. പാർലമെന്റ്‌ കവാടത്തിനടുത്ത്‌ നിന്ന്‌ തിങ്കളാഴ്‌ച കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ ജോൺ ബ്രിട്ടാസ്‌, വി ശിവദാസൻ, എ എ റഹീം എന്നിവർ ചേർന്നാണ്‌ പുറത്തിറക്കിയത്‌. എഎപി നേതാക്കളായ അരവിന്ദ്‌ കെജ്‌രിവാൾ, അതിഷി, എൻസിപി (എസ്‌പി) നേതാവ്‌ ശരദ്‌ പവാർ എന്നിവരും ജന്തർമന്തറിലെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home