print edition കൊളുത്തി നിങ്ങൾ തലമുറതോറും...

മുദ്രാവാക്യങ്ങൾ കടലിരമ്പമായി. നൂറ് നൂറ് കൈകളേന്തിയ ചെങ്കൊടിപ്രഭയിൽ ചുടുകാട്ടിലേക്കുള്ള വഴികൾ. രക്തസാക്ഷികളുടെ മണ്ണിലേക്ക് റാലിയായി ഒഴുകിയെത്തിയത് ആയിരങ്ങൾ. പുന്നപ്ര–വയലാറിന്റെ വീരപുത്രന്റെ ഓർമകൾ നെഞ്ചേറ്റി വലിയചുടുകാട് തപിച്ചു.
‘‘തോക്കുകൾ, ലാത്തികൾ, തൂക്കുമരങ്ങൾ.. ചോരചിന്തിയ കാലത്ത് ഞങ്ങളെയാകെ നയിച്ച സഖാവേ...ജീവിക്കുന്നു ഞങ്ങളിലൂടെ’’– സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കായി അണിനിരക്കുമ്പോൾ മുദ്രാവാക്യങ്ങൾ ഇടിമുഴക്കമായി.
ഇരമ്പിയാർക്കുന്ന മുദ്രവാക്യങ്ങളുടെ അകമ്പടിയിൽ ഒരോരുത്തരും പുഷ്‌പങ്ങളർപ്പിച്ചു.
വികാരനിർഭരമായി വലിയചുടുകാട്ടിലെ കാഴ്‌ചകൾ. സ്‌ത്രീകൾ, കുട്ടികൾ, പ്രായമായവർ, അവശതകളെയും മറന്നെത്തിയ ഭിന്നശേഷിക്കാർ... വൈകിട്ട് നാലുമുതൽ ഒറ്റയ്‌ക്കും ചെറുസംഘങ്ങളായും റാലികളായും നൂറുകണക്കിന് പേർ എത്തി. വി എസിനൊപ്പം പ്രവർത്തിച്ചവരും ആ സ്‌നേഹവും കരുതലും അടുത്തറിഞ്ഞവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്‌മൃതിമണ്ഡപത്തിലെത്തി.
ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, മാരാരിക്കുളം തകഴി ഏരിയ കമ്മിറ്റികളുടെ റാലികളെത്തിച്ചേർന്നതോടെ പ്രവർത്തകരുടെ നിരറോഡിലേക്കും നീണ്ടു.










0 comments