print edition ഒറ്റപ്പെട്ടപ്പോൾ കോൺഗ്രസും ഇറങ്ങി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരംചെയ്ത രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
ന്യൂഡൽഹി: ഐതിഹാസിക വിദ്യാർഥി–യുവജന പ്രക്ഷോഭത്തെ വഞ്ചിച്ച കോൺഗ്രസ് രാഷ്‌ട്രീയമായി ഒറ്റപ്പെടുമെന്നുറപ്പായപ്പോൾ മുഖംരക്ഷിക്കാൻ തെരുവിലിറങ്ങി. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ മുന്നേറ്റത്തെ ഒരു മാസത്തോളം അധിക്ഷേപിക്കുകയായിരുന്നു കോൺഗ്രസ്. ജൂൺ ആദ്യവാരം കോക്ക്റോച്ച് ജനതാ പാർടി സമരം പ്രഖ്യാപിച്ചതുമുതൽ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. അഭിജീത് ദീപ്‌കെ അടക്കമുള്ള സമരനേതാക്കളെ "സർക്കാർ ഏജന്റുമാർ' എന്നാക്ഷേപിച്ചു. എന്നാൽ സമരവേദിക്കുമുന്നിൽ ജനസമുദ്രം രൂപപ്പെട്ടതോടെ രാഷ്‌ട്രീയ ജീർണത മറയ്‌ക്കാൻ കോൺഗ്രസ് നേതൃത്വം നാടകീയമായി സമരത്തിനിറങ്ങി.
ജന്തർമന്തറിലെ സമരഭൂമിയോട് മുഖംതിരിച്ച്, ചോരയൊഴുക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻപോലും കൂട്ടാക്കാതെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലാണ് ചൊവ്വാഴ്‌ച പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ രാത്രി പൊലീസ് ബലമായി നീക്കി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ ഒത്തുകൂടിയതിനുശേഷമാണ് ലോക്‌കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയത്. അപ്രതീക്ഷിത നീക്കമായതിനാൽ തടയാൻ പൊലീസിനായില്ല. രാഹുലിന് പുറമെ എംപിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, മുഖ്യമന്ത്രിമാരായ വി ഡി സതീശൻ, ഡി കെ ശിവകുമാർ, കേരളത്തിൽനിന്നുള്ള എംപിമാർ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. പ്രവർത്തകർ സമരത്തിനുണ്ടായില്ല.
ഗതാഗതം സ്‌തംഭിച്ചതോടെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും രാഹുലുമായി ചർച്ച നടത്തി. നീറ്റിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും പ്രധാൻ രാജിവയ്‌ക്കണമെന്ന ആവശ്യത്തിൽ ചർച്ച വഴിമുട്ടി. അതോടെയാണ് പൊലീസ് ബലപ്രയോഗമുണ്ടായത്. ഖാർഗെയും വി ഡി സതീശനും മറ്റും പൊലീസ് നടപടിക്കുമുന്പ് സ്ഥലംവിട്ടു. എസ്‌പി പ്രസിഡന്റ് അഖിലേഷ് യാദവും എൻസിപി എംപി സുപ്രിയ സുലെയും പ്രതിഷേധത്തിൽ പങ്കെടുത്തു. ബലമായി നീക്കുന്നതിനിടെ രാഹുലിന് മുഖത്ത് പരിക്കേറ്റു. പൊലീസ് വലിച്ചിഴച്ചാണ് വാനിലേക്ക് കയറ്റിയത്. പ്രിയങ്കാ ഗാന്ധിയെയും ബലമായി നീക്കി. രാത്രി വെെകി കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.










0 comments