‘ഇന്ത്യ സാമ്പത്തിക അസമത്വം കുറഞ്ഞ നാലാമത്തെ രാജ്യം’; പ്രചരിപ്പിക്കുന്നത്‌ ഏറ്റവും വലിയ വ്യാജ വാർത്ത- തോമസ്‌ ഐസക്‌

issac fb post.png
വെബ് ഡെസ്ക്

Published on Jul 07, 2025, 08:51 PM | 3 min read

സാമ്പത്തിക അസമത്വം ഏറ്റവും കുറഞ്ഞ നാലാമത്തെ രാജ്യമാണത്രെ ഇന്ത്യ. വാസ്തവം എന്താണ്? ലോകബാങ്ക് റിപ്പോർട്ടിൽ ഇങ്ങനെയൊരു നിഗമനമേ ഇല്ല. റിപ്പോർട്ടിൽ പറയുന്നത് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയിൽ (ഗിനി കോയെഫിഷന്റ്) ഇന്ത്യയുടെ സ്കോർ 2022-23-ൽ 25.5 എന്നു മാത്രമാണ്. റാങ്കിനെ കുറിച്ചൊന്നും പരാമർശിച്ചില്ല.– ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു.


ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം


സമീപകാലത്തെ ഏറ്റവും വലിയ വ്യാജവാർത്തയാണ് കേന്ദ്ര സർക്കാരിന്റെ പിഐബി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം സാമ്പത്തിക അസമത്വം ഏറ്റവും കുറഞ്ഞ നാലാമത്തെ രാജ്യമാണത്രെ ഇന്ത്യ. വാസ്തവം എന്താണ്?


ലോകബാങ്ക് റിപ്പോർട്ടിൽ ഇങ്ങനെയൊരു നിഗമനമേ ഇല്ല. റിപ്പോർട്ടിൽ പറയുന്നത് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയിൽ (ഗിനി കോയെഫിഷന്റ്) ഇന്ത്യയുടെ സ്കോർ 2022-23-ൽ 25.5 എന്നു മാത്രമാണ്. റാങ്കിനെ കുറിച്ചൊന്നും പരാമർശിച്ചില്ല.


പക്ഷേ, ഇന്ത്യാ സർക്കാർ എന്തുചെയ്തു? മറ്റു രാജ്യങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അസമത്വ സൂചികയുമായി ഇന്ത്യയുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയെ താരതമ്യപ്പെടുത്തി ഇന്ത്യയുടെ ആഗോള റാങ്ക് നാലാമത്തേതായി പ്രഖ്യാപിച്ചു. ഉദാഹരണത്തിന് ചൈനയുടെ വരുമാന അസമത്വ സൂചിക 35.7 ആണ്. ചൈനയേക്കാൾ സമത്വം കൈവരിച്ച രാജ്യമായി അങ്ങനെ ഇന്ത്യ മാറി.


ഉപഭോഗ സർവ്വേകൾ എപ്പോഴും സമ്പന്നരുടെ ഉപഭോഗം കുറച്ചുകാണുന്നു. മാത്രമല്ല, പണക്കാരുടെ വരുമാനത്തിൽ ഗണ്യമായ പങ്ക് സമ്പാദ്യമായി മാറുന്നു. പാവപ്പെട്ടവർ അവരുടെ വരുമാനം ഏതാണ്ട് മുഴുവനും ഉപഭോഗത്തിനായി ചെലവഴിക്കുന്നു. അതുകൊണ്ട് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസ്വമത്വ സൂചിക വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയേക്കാൾ താഴ്ന്നതായിരിക്കും. ഈ ട്രിക്കാണ് ഇന്ത്യാ സർക്കാർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഉപഭോഗ അസമത്വ സൂചികയെ മറ്റു രാജ്യങ്ങളുടെ വരുമാന അസമത്വ സൂചികയുമായി താരതമ്യപ്പെടുത്തി ഇന്ത്യയെ ഏറ്റവും കുറവ് അസമത്വമുള്ള രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദു പോലുള്ള പത്രങ്ങൾ പോലും ഈ വ്യാജവാർത്ത വിഴുങ്ങി.


ഉപഭോഗ സർവ്വേകൾ എപ്പോഴും സമ്പന്നരുടെ ഉപഭോഗം കുറച്ചുകാണുന്നു. മാത്രമല്ല, പണക്കാരുടെ വരുമാനത്തിൽ ഗണ്യമായ പങ്ക് സമ്പാദ്യമായി മാറുന്നു. പാവപ്പെട്ടവർ അവരുടെ വരുമാനം ഏതാണ്ട് മുഴുവനും ഉപഭോഗത്തിനായി ചെലവഴിക്കുന്നു. അതുകൊണ്ട് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസ്വമത്വ സൂചിക വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയേക്കാൾ താഴ്ന്നതായിരിക്കും. ഈ ട്രിക്കാണ് ഇന്ത്യാ സർക്കാർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഉപഭോഗ അസമത്വ സൂചികയെ മറ്റു രാജ്യങ്ങളുടെ വരുമാന അസമത്വ സൂചികയുമായി താരതമ്യപ്പെടുത്തി ഇന്ത്യയെ ഏറ്റവും കുറവ് അസമത്വമുള്ള രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദു പോലുള്ള പത്രങ്ങൾ പോലും ഈ വ്യാജവാർത്ത വിഴുങ്ങി.


എന്നിട്ട് ഇത്രയും നാൾ തുടർന്നുവന്ന സർവ്വേ രീതി സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തി. പുതിയ സർവ്വേ ഫലം വന്നപ്പോൾ കോവിഡ് വന്നിട്ടുപോലും ഉപഭോഗം ഗണ്യമായി ഉയർന്നിരിക്കുകയാണ്. ഈ സംശയാസ്പദമായ സർവ്വേഫലം വച്ചാണ് ഇന്ത്യയിലെ അസമത്വം കുത്തനെ തങ്ങളുടെ ഭരണകാലത്തു കുറഞ്ഞിരിക്കുന്നുവെന്ന വിജയാരവം മുഴക്കുന്നത്. അങ്ങനെ അസമത്വത്തിൽ നാലാം സ്ഥാനത്ത് എത്തി നിൽക്കുന്ന ഇന്ത്യയുടെ ബന്ധപ്പെട്ട മറ്റു മേഖലകളിലെ സ്ഥാനം നോക്കിക്കേ:


• വേൾഡ് ഇൻഇക്വാലിറ്റി ഡാറ്റാബേസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വരുമാനത്തിന്റെ അസമത്വ സൂചിക സ്കോർ 2023-ൽ 61 ആണ്. 2004-ൽ സ്കോർ 52 ആയിരുന്നു. 216 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 176-ാമതാണ്.

• ഇതേ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സമ്പത്തിന്റെ അസമത്വ സൂചിക സ്കോർ 75 ആണ്. ഏറ്റവും ഉയർന്ന അസമത്വമുള്ള 10 രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ.

• ജെൻഡർ അസമത്വം ഏറ്റവും ഉയർന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ- റാങ്ക് 113.

• മാനവ വികസ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 193 രാജ്യങ്ങളിൽ 134 ആണ്. ഇതുപോലെ പട്ടിണി സൂചികയടക്കം എല്ലാറ്റിലും ഇന്ത്യയുടെ സ്ഥാനം അവസാനത്തേതാണ്.

• ദേശീയ വരുമാനത്തിന്റെ 57 ശതമാനവും ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടേതാണ്. ഇവരുടെ വിഹിതം നീക്കം ചെയ്യുകയാണെങ്കിൽ 90 ശതമാനം പേരുടെ പ്രതിശീർഷ വരുമാനം ഏറ്റവും ദരിദ്രരായ 44 രാജ്യങ്ങൾക്കൊപ്പമാണ്.

ഇന്ത്യയിലെ അസമത്വം സംബന്ധിച്ച ഏറ്റവും പുതിയ ആഗോള അസമത്വ ഡാറ്റാബേസ് റിപ്പോർട്ടിനു നൽകിയിരിക്കുന്ന പേര് തന്നെ “Income and Wealth Inequality in India 1922-2023: The Rise of the Billionaire Raj” എന്നാണ്. ബ്രട്ടീഷ് രാജിന്റെ കാലത്തേക്കാൾ ഇന്നത്തെ ശതകോടീശ്വരന്മാരുടെ രാജിന്റെ കാലത്ത് അസമത്വം ഉയർന്നിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടിന്റെ സാരം.

അപ്പോഴാണ് ലോകത്ത് സമത്വത്തിൽ 4-ാമത്തേതാണ് ഇന്ത്യ എന്ന പ്രചാരണവുമായി ഇന്ത്യാ സർക്കാർ ഇറങ്ങിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home