ഒരു ഫയൽ ഒരു ജീവിതമായ നിമിഷങ്ങൾ

Sasidharan mv
വെബ് ഡെസ്ക്

Published on Jul 19, 2025, 08:49 PM | 3 min read

ഇതാണ് കേരള ബദൽ. കേന്ദ്രസർവീസിൽ Class IV തസ്തിക തന്നെ റദ്ദാക്കുമ്പോഴാണ്, 10 ലക്ഷം തസ്തിക ഒഴിച്ചിടുമ്പോഴാണ്, ഒരു ഒഴിവു പോലും റിപ്പോർട് ചെയ്യപ്പെടാതെ പോകരുതെന്ന്‌ ഉറച്ച നിലപാടാണ്‌ ഇവിടെയെടുക്കുന്നത്‌. വെറുതെയല്ല ഓരോ ഫയലും ഓരോ ജീവിതമെന്ന് കരുതുന്ന മനുഷ്യരുടെ നാടാണ്‌ നമ്മുടേത്‌- എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ എഴുതുന്നു


രാത്രി 11. 49. സമയം12 മണിയാകാൻ 11 മിനിറ്റ് മാത്രം ബാക്കി. ഏതോ ഒരു പാവം യുവാവിന്റെ/ യുവതിയുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകനിമിഷം. സാമൂഹ്യ പ്രതിബദ്ധതയും നന്മയും ആവോളം ഉള്ള ഒരു കൂട്ടം ജീവനക്കാർ ഐഎഎസ് ഉദ്യോഗസ്ഥയായ ഡയറക്ടറുടെ നേതൃത്വത്തിൽ അർപ്പിത കടമ നിർവഹിച്ചു. അവസാനമായി വന്ന ഒരു ഒഴിവുകൂടി പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്തു നിറഞ്ഞ മനസ്സോടെയാണ് അവർ പാതിരാത്രി പിന്നിട്ടപ്പോൾ ഓഫീസ് വിട്ടിറങ്ങിയത്. ഒരു പരിചയവുമില്ലാത്ത,അജ്ഞാതനായ ഒരാൾക്ക് ഒരു തൊഴിൽ ലഭിക്കാൻ അവസരം ഒരുക്കിയതിന്റെ ചാരിതാർഥ്യത്തോടെ....


ഇന്നലെയായിരുന്നു ലാസ്റ്റ് ഗ്രേഡ് സർവന്റ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നത്. കാസർഗോഡ് ജില്ലയിലെ റാങ്ക് ഹോൾഡേഴ്‌സ് ഓരോ ഒഴിവ് എവിടെ കിട്ടുമെന്ന് പരതി പരക്കം പായുകയാണ്. എൻജിഒ യൂണിയൻ പ്രവർത്തകരും ജീവനക്കാരും ഒപ്പം നിന്നു നേതൃത്വവും സഹായവും നൽകി. പിഎസ്‌സി ഓഫീസും ഉണർന്നു പ്രവർത്തിച്ചു.


കഥ ഇങ്ങനെ.....

പ്രതീക്ഷ മങ്ങുന്നതിനിടയിൽ ഒരു ചെറുനക്ഷത്രം’. കാസർഗോഡ് വനിതാ ശിശു വികസന വകുപ്പിലെ ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ക്ലർക്ക് തസ്തികയിലേക്ക് ട്രഷറി വകുപ്പിൽ 17ന് ഉച്ചയ്ക്ക് 3.30 മണിക്ക് അഡ്വൈസ് ലഭിക്കുന്നു. അപ്പോൾ തന്നെ അക്കാര്യം റാങ്ക് ഹോൾഡേഴ്സ് എൻജിഒ യൂണിയൻ പ്രവർത്തകരെ അറിയിക്കുന്നു .അവർ ഇടപെടുന്നു . ആദ്യം ട്രഷറി വകുപ്പിന്റെ ഊഴം. നിയമന ഉത്തരവ് നൽകണം. ജില്ലാ ട്രഷറിയിലെ എസ്റ്റാബ്ലിഷ്മെന്റ് ക്ലാർക്ക് സ്ഥലത്തില്ല. മഞ്ചേശ്വരത്ത് ഇൻസ്പെക്ഷന് പോയിരിക്കുന്നു. തിരിച്ചെത്തിക്കണം. യൂണിയൻ ഇടപെട്ടു. ജില്ലാ ട്രഷറി ഓഫീസറും അവസരത്തിനൊത്ത് നിർദ്ദേശം നൽകി. ക്ലാർക്കിനെ തിരിച്ചു വിളിച്ചു. യാതൊരു മടിയും കൂടാതെ ക്ലാർക്ക് തിരിച്ചെത്തി. നിയമന ഉത്തരവ് തയ്യാറാക്കി അയച്ചു . നെറ്റ് സ്ലോ നടപടി വൈകിപ്പിച്ചു. അപ്പോഴേക്കും 7.30 മണി കഴിഞ്ഞിരുന്നു.


deshabhimani


അടുത്ത ഊഴം വനിതാ ശിശുവികസന ഓഫീസിന്റേത്‌. ഈ ജീവനക്കാരനെ റിലീവ് ചെയ്ത് ഒഴിവ് റിപ്പോർട്ട് ചെയ്യണം .പക്ഷേ നടപടി ക്രമങ്ങളുടെ കടമ്പകൾ കടക്കണം. റിലീവ് ചെയ്യാനുള്ള അനുമതിക്കായി കത്ത് തയ്യാറാക്കി അയക്കണം ആദ്യം. ഡയറക്ടർ അംഗീകരിച്ചാൽ നൽകിയാൽ റിലീവ് ചെയ്യും, അതിനുശേഷമാണ് ഡയറക്ടർ ഒഴിവ് പിഎസ് സി ക്ക് റിപ്പോർട്ട് ചെയ്യുക. എല്ലാം കൂടി നടക്കുമോ ആവോ ?...വല്ലാത്തൊരു ആശങ്ക, ഉദ്യോഗാർത്ഥികളാണേൽ മുൾമുനയിൽ. കപ്പിനും ചുണ്ടിനും ഇടയിൽ ഒരു ജോലി.


ദൗർഭാഗ്യവശാൽ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ലീവ് ആയിരുന്നു. വീടാണെങ്കിൽ 100 കിലോമീറ്റർ അപ്പുറം കണ്ണൂർ ജില്ലയുടെ തെക്കേയറ്റം. നെറ്റ് പ്രശ്നമുള്ളിടം. mail എടുക്കാനും സ്കാൻ ചെയ്ത് അയക്കാനും അല്പം ബുദ്ധിമുട്ട്.വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചു . കാസർഗോഡ് യൂണിയൻ നേതാക്കൾ എന്നെ വിളിച്ചു .റി ലീവ് ചെയ്യിക്കാനുള്ള പണി തുടങ്ങിയിട്ടുണ്ട്. ഡയറക്ടറേറ്റിൽ ഒന്ന് ഇടപെടണേ എന്ന്. സമയം 8.00 മണി ആയി. ഡയറക്ടറേറ്റിൽ പൂജപ്പുര ഏരിയ പ്രസിഡൻറ് സതീശനോട് പറഞ്ഞു.


‘‘എല്ലാരും പോയല്ലോ സഖാവേ? കുഴപ്പമില്ല വരാൻ പറയാം കാര്യം പറഞ്ഞാൽ വരുന്നവരാണ്.” സതീശൻ എന്ന സംഘടന പ്രവർത്തകൻ ആത്മവിശ്വാസതോടെ പറഞ്ഞു. എല്ലാവരും വന്നു ,ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഒക്കെ വന്നു. സമയം ആരെയും കാത്തുനിൽക്കില്ലല്ലോ. WPO രാത്രി ദൂരെ എവിടെയോ പോയി റിലീവിംഗ് അനുമതിക്കുള്ള കത്ത് അയച്ചു. രാത്രി 10 .30 കഴിഞ്ഞു. കാസർഗോഡ് ഉള്ള റാങ്ക് ഹോൾഡേഴ്സിന്റേയും നമ്മുടെ പ്രവർത്തകരുടെയും പ്രതീക്ഷ മങ്ങുകയാണ്. ഇനിയത് ഡയറക്ടർ അനുമതി നൽകി കാസർഗോഡ് ജില്ല ഓഫീസർക്ക് അയച്ച് റിലീവ് ചെയ്തിട്ട് വേണം ഒഴിവ് റിപ്പോർട്ട് ചെയ്യാൻ. കാസർഗോഡ് ജില്ലാ ഓഫീസറെ കിട്ടും എന്ന് പ്രതീക്ഷയില്ല. എന്നാൽ ഡയറക്ടറേറ്റിലെ ജീവനക്കാർ പ്രതീക്ഷ വിട്ടില്ല ;പ്രത്യേകിച്ച് ഡയറക്ടർ ഹരിത വി കുമാർ IAS.


പറയാതെ വയ്യ രാത്രി ഈ ആവശ്യത്തിന് ചെറിയ കുഞ്ഞിനെയും എടുത്താണ് അവർ രാത്രിയിൽ ഓഫീസിൽ വന്നതും നിൽക്കുന്നതും. 11 മണിക്ക് വിടുതൽ ചെയ്യാനുള്ള അനുമതിപത്രം നൽകി ഡയറക്ടർ തന്നെ ജില്ലാ ഓഫീസറെ വിളിച്ചു ഉടൻ റിലീവ് ചെയ്ത് വിവരം mail ചെയ്യാൻ നിർദ്ദേശം നൽകി. ഇതുവരെ ഇരുന്നത് വെറുതെയാകരുത്, അവർ കൂട്ടിച്ചേർത്തു. ജില്ലാ ഓഫീസറും ഉയർന്ന ഉത്തരവാദിത്തം കാണിച്ചു .അപ്പോൾ തന്നെ റിലീവ് ചെയ്തു; അറിയിപ്പ് ഡയറക്ടർക്ക് നൽകി.സമയം 11. 48 .പിന്നെ അര നിമിഷം കളഞ്ഞില്ല. ഒഴിവ് റിപ്പോർട്ട് ചെയ്തു സമയം 11.49. റിപ്പോർട്ട് പിഎസ് സിക്ക് കിട്ടി. ഒരാൾക്ക് ജീവിതവും... സന്തോഷത്തോടെ സംതൃപ്തിയോടെ എല്ലാവരും പിരിഞ്ഞു പോയി. മാതൃകയായി എല്ലാവരും.


ഒരായിരം അഭിനന്ദനങ്ങൾ…. ഇതുകൂടി ഓർക്കണം. ഇതാണ് കേരള ബദൽ. കേന്ദ്രസർവീസിൽ Class IV തസ്തിക തന്നെ റദ്ദാക്കുമ്പോഴാണ്, 10 ലക്ഷം തസ്തിക ഒഴിച്ചിടുമ്പോഴാണ്, ഒരു ഒഴിവു പോലും റിപ്പോർട് ചെയ്യപ്പെടാതെ പോകരുതെന്ന്‌ ഉറച്ച നിലപാടാണ്‌ ഇവിടെയെടുക്കുന്നത്‌. വെറുതെയല്ല ഓരോ ഫയലും ഓരോ ജീവിതമെന്ന് കരുതുന്ന മനുഷ്യരുടെ നാടാണ്‌ നമ്മുടേത്‌.



deshabhimani section

Related News

View More
0 comments
Sort by

Home