ഇതാണ് നുണകൾ വരുന്ന വഴി!; കേന്ദ്ര സർക്കാരിന്റെ പേരിൽ കേരളത്തിനെതിരായ കള്ളം പൊളിച്ചടുക്കി മന്ത്രി

fake news
വെബ് ഡെസ്ക്

Published on Mar 05, 2025, 01:17 PM | 3 min read

കേരളത്തിലെ ആശാ വർക്കർമാരുടെ സംഘടനകളിലൊന്നായ ഏഐയുടിയുസി (എസ്‍യുസിഐ യുടെ തൊഴിലാളി സംഘടന) നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 'കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം' എന്ന കുറിപ്പ് പ്രചരിപ്പിച്ച മാധ്യമങ്ങൾ ഇത് ആരുടേതെന്ന് കൂടി വ്യക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്.


കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യൽ മീഡിയാ സെല്ലിൽ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിർന്ന മാധ്യമ പ്രവർത്തകർ ഒരു സംശയവുമില്ലാതെ റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി ആശ്ചര്യം പ്രകടപ്പിച്ചു. ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാൻ മാധ്യമ പ്രവർത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും...എന്ന് മന്ത്രി ഓർപ്പെടുത്തുകയും ചെയ്യുന്നു.


കേന്ദ്രസർക്കാർ പത്രക്കുറിപ്പിന്റെ ആധികാരികത മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ വ്യക്തമാക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബും ഫെയ്സ്ബുക്കിൽ കുറിച്ചു.


കാർഡിറക്കിയും കള്ളം


"ആശാ വർക്കർമാർക്കും ശമ്പളം നൽകാത്തത് സംസ്‌ഥാന സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവ്. ആരോഗ്യമന്ത്രാലയം കേരളത്തിന് നൽകിയത് 938.8 കോടി. കേന്ദ്ര സർക്കാർ." എന്ന വരികളോടെ പിഐബി റിലീസ് എന്ന പേരിൽ ന്യൂസ് കാർഡ് വരെ നൽകിയാണ് മാതൃഭൂമി വാർത്ത നൽകിയത്.

മലയാള മാധ്യമങ്ങളല്ലാതെ വേറെയാരും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്ര രൂക്ഷമായ ഭാഷയിൽ കേന്ദ്ര സർക്കാർ ഒരു സംസ്‌ഥാന സർക്കാരിനെ വിമർശിച്ചാൽ അത് എല്ലാ പത്രങ്ങൾക്കും വാർത്തയാവുന്നതാണ്.

എന്നാൽ ഒരിടത്തും ഇല്ലാത്ത. ഒരു വാർത്താ ഏജൻസിയും നൽകിയിട്ടില്ലാത്ത വെറും വ്യാജ രാഷ്ട്രീയ പ്രചാരണം വാർത്ത എന്ന പേരിൽ ഒരു ആലോചനയും പരിശോധനയമുല്ലാതെ സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കാൻ കിട്ടിയ അവസരമാക്കി പ്രയോഗിക്കയായിരുന്നു.


ഇതുമായി ബന്ധപ്പെട്ടു വാർത്തകൾ നൽകിയ മാധ്യമസ്‌ഥാപനങ്ങൾ ഈ പത്രക്കുറിപ്പ് കേന്ദ്ര സർക്കാരിന്റെയാണ് എന്ന് ആധികാരികമായി പറയാൻ കാരണമെന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇതാണ് ഈ രംഗത്തു പണിയെടുക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ അഭ്യർത്ഥനയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബും ഫേസ് ബുക്കിൽ കുറിച്ചു.


മന്ത്രി വീണാ ജോർജിന്റെ കുറിപ്പ്


കേരളത്തിനെതിരെ നുണകൾ വരുന്ന വഴി!!!

ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്...

ആരുടേതാണ് കുറിപ്പെന്ന് ഇല്ല!

പ്രഥമദൃഷ്ട്യാ അത് ഏതെങ്കിലും ഒരു സർക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തം.

അതിലെ ഉള്ളടക്കം ഇപ്രകാരം...

'ശമ്പളവും ആനുകൂല്യങ്ങളും നൽകാത്തത് സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയം'

ചാനലുകളിൽ രാത്രി ബ്രേക്കിംഗ് ന്യൂസ്!

'പ്രമുഖ' പത്രങ്ങളിൽ ഇന്ന് സ്വന്തം ലേഖകരുടെ റിപ്പോർട്ട്...

ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത് 'മുതിർന്ന' മാധ്യമ പ്രവർത്തകർ...

അവർക്ക് സംശയമില്ല!

'കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം'

ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാൻ മാധ്യമ പ്രവർത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും...

ഇവർ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് അടിസ്ഥാനമായ കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ല.

അപ്പോൾ പിന്നെ ആരുടേത്?

അവിടെയാണ് ഇവിടെ നടക്കുന്ന സംഭവങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കാണേണ്ടത്...

കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യൽ മീഡിയാ സെല്ലിൽ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിർന്ന മാധ്യമ പ്രവർത്തകർ ഒരു സംശയവുമില്ലാതെ റിപ്പോർട്ട് ചെയ്തു.

വാർത്തയുടെ ആധികാരികതയിൽ ചോദ്യം അനുവദനീയമല്ല കേട്ടോ!

ഇനി പ്രതികരണങ്ങളിലേക്ക്...

ചർച്ചകളിലേക്ക്...

നിർഭയമായ, ഉദാത്തമായ മാധ്യമ പ്രവർത്തനം🙏🏻



കെ ജെ ജേക്കബിന്റെ കുറിപ്പ്

അക്കാദമിക് പോസ്റ്റാണ്. "ആശാ വർക്കർമാർക്കും ശമ്പളം നൽകാത്തത് സംസ്‌ഥാന സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവ്. ആരോഗ്യമന്ത്രാലയം കേരളത്തിന് നൽകിയത് 938.8 കോടി. കേന്ദ്ര സർക്കാർ."


മുകളിൽ പറഞ്ഞ വാക്കുകളുള്ള കാർഡ് കണ്ടപ്പോൾ ഇത് കൊള്ളാല്ലോ എന്നോർത്തു. കേന്ദ്ര സർക്കാർ നേരിട്ട് സംസ്‌ഥാന സർക്കാരിന്റെ കഴിവുകേടിനെപ്പറ്റി പത്രക്കുറിപ്പിറക്കുക എന്നതൊക്കെ അസാധാരണമാണ്. മാതൃഭൂമി ന്യൂസിൽ അത് പറയുന്നുണ്ടുമുണ്ടായിരുന്നു, ഇത് അസാധാരണ പത്രക്കുറിപ്പാണ് എന്ന്. മുഴുവൻ നോക്കാം എന്ന് വിചാരിച്ചു താഴേക്കു കാണാൻ പറ്റുന്ന ഭാഗം വായിച്ചപ്പോൾ പത്രക്കുറിപ്പ് മാത്രമല്ല ഭാഷയും അസാധാരണമാണ് എന്ന് മനസിലായി. പിണറായി വിജയൻ നയിക്കുന്ന സർക്കാർ, എൽഡിഎഫ് സർക്കാർ എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്.


പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ പത്രക്കുറിപ്പുകൾ സാധാരണ പത്രപ്രവർത്തകർക്ക് കിട്ടാറുണ്ട്; എനിക്കും കിട്ടാറുണ്ട്, പലതും ഞാൻ ഒന്നോടിച്ചു നോക്കാറുമുണ്ട്; നമ്മൾ അറിയേണ്ട പല കാര്യങ്ങളും അതിൽ കാണാറുണ്ട്. കാര്യം മോഡി സർക്കാർ, പിണറായി സർക്കാർ എന്നൊക്കെ നമ്മൾ പറയുമെങ്കിലും ഇത്തരം പത്രക്കുറിപ്പുകളിൽ അതുണ്ടാവാറില്ല. ഗവണ്മെന്റ് ഓഫ് ഇന്ത്യ, ഗവണ്മെന്റ് ഓഫ് കേരള എന്നൊക്കെയേ കാണാറുള്ളൂ. ഇതിൽ ആ ശൈലിയല്ല.


മുഴുവൻ വായിക്കാം എന്നോർത്തു കീ വേർഡ്‌സ് വച്ചും വാചകങ്ങൾ വച്ചും ഗൂഗിൾ ചെയ്തിട്ടും ഇതിന്റെ പൂർണ്ണരൂപം ഒരിടത്തും തെളിഞ്ഞുവന്നില്ല. ചില മലയാള മാധ്യമങ്ങളല്ലാതെ വേറെയാരും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്ര രൂക്ഷമായ ഭാഷയിൽ കേന്ദ്ര സർക്കാർ ഒരു സംസ്‌ഥാന സർക്കാരിനെ വിമർശിച്ചാൽ അത് എല്ലാ പത്രങ്ങൾക്കും വാർത്തയാവണം; പക്ഷെ ഒരിടത്തുമില്ല, വാർത്താ ഏജൻസികൾ പോലും റിപ്പോർട്ട് ചെയ്തതായി കണ്ടില്ല.


പിന്നെ പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും വെബ് സൈറ്റുകൾ നോക്കി. അവിടെയൊന്നും ഇത്തരമൊരു പത്രക്കുറിപ്പ് കണ്ടില്ല. കേന്ദ്ര സർക്കാരിന്റെ മാധ്യമവിഭാഗത്തിൽ പ്രവർത്തിക്കുന്ന സുഹൃത്തിനോടന്വേഷിച്ചു; അവർക്കും ഇത് കിട്ടിയിട്ടില്ല. പിന്നെ ഇതിന്റെ പൂർണ്ണരൂപം സംഘടിപ്പിച്ചു. അതിശയമെന്തെന്നാൽ അതിലൊരിടത്തും ഈ പത്രക്കുറിപ്പ് കേന്ദ്ര സർക്കാരിന്റെയാണ് എന്ന് പറയുന്നില്ല. ഈ പത്രക്കുറിപ്പിൽ പറയുന്ന വസ്തുതകളിലേയ്ക്ക് ഞാൻ കടന്നിട്ടില്ല. പത്രക്കുറിപ്പിൽ ആധികാരികത എങ്ങിനെ ഉറപ്പിക്കാം എന്നാണ് ഞാൻ നോക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വാർത്തകൾ നൽകിയ മാധ്യമസ്‌ഥാപനങ്ങൾ ഈ പത്രക്കുറിപ്പ് കേന്ദ്ര സർക്കാരിന്റെയാണ് എന്ന് ആധികാരികമായി പറയാൻ കാരണമെന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട് എന്നാണ് ഈ രംഗത്തു പണിയെടുക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ അഭ്യർത്ഥന.













deshabhimani section

Related News

0 comments
Sort by

Home