'ഒരു അപേക്ഷയും നൽകിയില്ല, ജർമൻ വോട്ടർ പട്ടികയിൽ പേര്'; അനുഭവം പങ്കുവെച്ച് മുരളി തുമ്മാരുകുടി

Muralee Thummarukudy
വെബ് ഡെസ്ക്

Published on Aug 15, 2025, 06:31 PM | 2 min read

അപേക്ഷ പോലും നൽകാതെ ജർമനിയിലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് വന്ന അനുഭവം പങ്കുവെച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി– ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി.


ജർമൻ വോട്ടേഴ്‌സ് ലിസ്റ്റ്...

വോട്ടേഴ്‌സ് ലിസ്റ്റ് ആണല്ലോ ഇപ്പോഴത്തെ ചർച്ച, അതുകൊണ്ട് ഒരു ജർമൻ വോട്ടേഴ്‌സ് ലിസ്റ്റ് കഥ പറയാം. അടുത്ത മാസം ഇവിടുത്തെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പാണ്. അവിടെയും ഇവിടെയും ഒക്കെ സ്ഥാനാർത്ഥികളുടെ ഫ്ലക്സ് കാണുമ്പോഴാണ് തെരഞ്ഞെടുപ്പാകുന്ന കാര്യം അറിയുന്നത്. മൈക്ക് വച്ചുള്ള വാഹനങ്ങളും മൈതാന പ്രസംഗങ്ങളും ഒന്നുമില്ല. എന്റെ ഒരു സഹപ്രവർത്തക, അവർ മധ്യേഷ്യയിൽ നിന്നുള്ള ആളാണ്. അവർ എന്നോട് പറഞ്ഞു "ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട് എന്ന്". അവർ ജർമനിയിൽ പൗരത്വം ഒന്നും എടുത്തിട്ടില്ല.


യുഎൻ ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് കേരളത്തിൽ എംപിയും എംഎൽഎയും ഒക്കെ ആകുന്ന കാര്യം ആളുകൾ പറയുമ്പോൾ ഞാൻ പഞ്ചായത്തിന്റെ കാര്യം പറയാറുള്ളത്. ആളുകൾ തമാശയായി എടുക്കും, ഞാൻ കട്ട സീരിയസ്.


പക്ഷെ ജർമനിയിൽ പൗരത്വം ഇല്ലാതെ തന്നെ ഇവിടെ മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പിന് നിൽക്കാം എന്നുള്ളത് എനിക്ക് വാർത്തയായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും പൗരന്മാർ അല്ലെങ്കിലും പാർലമെന്റിലും പഞ്ചായത്തിലും ഒക്കെ വോട്ട് ചെയ്യാം എന്നെനിക്ക് അറിയാമായിരുന്നു. സ്വിറ്റ്‌സർലണ്ടിൽ താമസിക്കുന്ന ആളുകളിൽ ടാക്സ് കൊടുക്കുന്നവർക്ക് ഒക്കെ പഞ്ചായത്തിൽ വോട്ടവകാശം ഉണ്ട്. അത് ന്യായമാണെന്നാണ് എന്റെയും അഭിപ്രായം. ഓരോ പഞ്ചായത്തിലും താമസിക്കുന്നവർ ആണ് അവിടുത്തെ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത്. പക്ഷെ ഞാൻ ടാക്സ് കൊടുക്കാത്ത ആളായത് കൊണ്ട് സ്വിറ്റ്‌സർലണ്ടിൽ ഒരിക്കലും വോട്ട് ചെയ്യേണ്ടി വന്നിട്ടില്ല.


ഇങ്ങനെ ഒക്കെ ചിന്തിച്ചു വീട്ടിൽ ചെല്ലുമ്പോൾ ഒരു സിറ്റി കൗൺസിലിൽ നിന്നും ഒരു കടലാസ്സ് വന്നു കിടക്കുന്നു. ജർമനിൽ ആണ്. ഗൂഗിൾ ലെൻസ് വച്ചു വായിക്കാൻ നോക്കി. നിങ്ങളെ ഇവിടുത്തെ സിറ്റി കൗൺസിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ചേർത്തിരിക്കുന്നു. പതിനാലാം തിയതി ആണ് തെരഞ്ഞെടുപ്പ്. നിങ്ങളുടെ ജർമ്മൻ ഐഡി കാർഡും ആയി വന്നാൽ വോട്ട് ചെയ്യാം. അഥവാ മുൻ‌കൂർ പോസ്റ്റൽ വോട്ട് ചെയ്യണമെങ്കിൽ അതിനൊരു QR കോഡും കൊടുത്തിട്ടുണ്ട്.


ഞാൻ ഒന്ന് ഞെട്ടി. ഇന്ത്യയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വരുത്തിക്കിട്ടാൻ ഞാൻ കുറച്ചു കാലമായി ശ്രമിക്കുന്നു. ആധാർ കാർഡ് വേണം എന്നാണ് നാട്ടിലെ പോളിംഗ് ഏജന്റ് പറയുന്നത്. എനിക്കാണെങ്കിൽ ഇത് വരെ ആധാർ ഇല്ല. രണ്ടായിരത്തി ഇരുപത്തി ആറിലെ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് വരുത്തണമെന്നും ഒരു പ്ലാൻ ഉണ്ട്. അഥവാ ആരെങ്കിലും സീറ്റ് ഓഫർ ചെയ്താൽ വോട്ടർ പട്ടികയിൽ പേരില്ലാത്തത് കൊണ്ട് മത്സരിക്കാൻ പറ്റാതെ വരരുതല്ലോ!. അത് കൊണ്ട് ഇത്തവണ ആധാർ എടുത്തിട്ടേ ഉള്ളൂ കാര്യം.


പക്ഷെ അതല്ല ഞാൻ ഞെട്ടിയത്, ജർമ്മനിയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ഒരു അപേക്ഷയും നൽകിയിട്ടില്ല. അപ്പോഴാണ് ഈ-ഗവേര്ണൻസിലെ ഒരു അടിസ്ഥാന തത്വം ഓർത്തത്. സർക്കാർ ഒരു ഡേറ്റ ഒരാളുടെ അടുത്ത് നിന്നും ഒരു പ്രാവശ്യം മാത്രമേ ചോദിക്കൂ എന്ന്. സർക്കാർ വകുപ്പുകൾ ഒക്കെ പരസ്പരബന്ധിതമാണ്. ആരോഗ്യവകുപ്പിലെ ഡേറ്റ വിദ്യാഭ്യാസ വകുപ്പിന്റെ അടുത്തുണ്ട്.


അതായത് ഒരു കുട്ടി ജനിക്കുമ്പോൾ കുട്ടിയുടെ പേരും ഡേറ്റ് ഓഫ് ബർത്തും അച്ഛനമ്മമാരുടെ പേരും ആശുപത്രിയിൽ കൊടുത്താൽ പിന്നെ കുട്ടിക്ക് സ്‌കൂളിൽ പോകാൻ സമയമാകുമ്പോൾ വിദ്യഭ്യാസ വകുപ്പിൽ വേറെ അപേക്ഷ വേണ്ട, കുട്ടിക്ക് പതിനെട്ട് വയസ്സാകുമ്പോൾ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ വേറെ അപേക്ഷ വേണ്ട, ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാൻ അതിന് മുൻപുള്ള ഒരു സർട്ടിഫിക്കറ്റും വേണ്ട. ഞാൻ ഇവിടെ വന്നപ്പോൾ സിറ്റിയിൽ അഡ്ഡ്രസ്സ്‌ രെജിസ്റ്റർ ചെയ്തിരുന്നു. തെരഞ്ഞെടുപ്പായപ്പോൾ അവർ ആ വിവരം വച്ച് എന്നെ വോട്ടേഴ്‌സ് ലിസ്റ്റിൽ പെടുത്തി. അത്രേ ഉള്ളൂ കാര്യം.വോട്ടു ചെയ്യുന്നതും ചെയ്യാത്തതും ഒക്കെ റോസീടെ ഇഷ്ടം.


#സ്വപ്നംകാണുന്നകിനാശ്ശേരി


മുരളി തുമ്മാരുകുടി



deshabhimani section

Related News

View More
0 comments
Sort by

Home