'മദർ മേരി കംസ് ടു മീ'; അമ്മയും മകളും തമ്മിൽ ഇങ്ങനെ ഒരു കിടമത്സരമോ ?

mother mary comes to me

അരുന്ധതി റോയിയുടെ പുസ്തകം 'മദർ മേരി കംസ് ടു മീ'യുടെ പുറംചട്ട(ഇടത്), അരുന്ധതി റോയിയും അമ്മ മേരി റോയിയും

avatar
എം അഖിൽ

Published on Sep 25, 2025, 11:28 AM | 3 min read

അമ്മയെ മറികടക്കാനുള്ള മകളുടെ ശ്രമങ്ങളും മകളെ ജയിക്കാനുള്ള അമ്മയുടെ പരിശ്രമങ്ങളുമാണ് അരുന്ധതി റോയ് യുടെ 'മദർ മേരി കം ടു മീ'- എന്ന പുസ്തകത്തിൻ്റെ കാതൽ. അമ്മയും മകളും തമ്മിൽ ഇങ്ങനെ ഒരു കിടമത്സരമോ ? - വളരെ വിസ്മയകരവും രസാവഹവും വേദനാജനകവുമായ ഒരു സമസ്യ. പക്ഷേ, അങ്ങനെ ഒരു സമസ്യ യാഥാർഥ്യമാണ്. ഏത് മികച്ച നോവലിനും ഉൾക്കൊള്ളാൻ വിഷമമുള്ള മേരി റോയ് എന്ന കഥാപാത്രത്തെ അംഗീകരിച്ചാൽ മാത്രമേ ആ യാഥാർഥ്യം അംഗീകരിക്കാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരമ്മയെ മറികടന്നാണ് ഞാൻ ഈ കാണുന്ന ഞാനായതെന്ന് സ്ഥാപിക്കാനാണ് അരുന്ധതി എഴുതുന്നത്.


'രാഗദ്വേഷ ബന്ധം ' - എന്ന് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ, ഈ സവിശേഷ ബന്ധത്തിൻ്റെ പൽചക്രങ്ങൾ, രാഗവും ദ്വേഷവും മാത്രമല്ല. വിധേയത്വവും വെറുപ്പും സ്നേഹവും കടപ്പാടും ആരാധനയും അവജ്ഞയും അസൂയയും അനുകമ്പയും ഈ ബന്ധത്തിൻ്റെ ഭീതിജനകമായ ചേരുവകളാണ്. അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമുള്ള വലിയ വിച്ഛേദങ്ങളാണ് ഒരു വ്യക്തിയെ താൻ ആഗ്രഹിക്കുന്നതോ ആഗ്രഹിക്കാത്തതോ ആയ അസ്തിത്വതലങ്ങളിലേക്ക് എത്തിക്കുന്നത്.


അരുന്ധതിയെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം അവരുടെ അമ്മയെ കുറിച്ചുള്ള വിരഹകാവ്യമോ സ്മാരക ശിലാ സ്ഥാപനമോ അല്ല. " മരിച്ചവർ മരിച്ചെന്നത് റിയാലിറ്റിയാണ്. പക്ഷേ, അവരും അവരുടെ ഓർമകളും ഇന്നും നമ്മോടൊപ്പമുണ്ട്. നമ്മുക്ക് അതുമായി ഡീൽ ചെയ്തേ പറ്റുള്ളു " - എന്ന് അരുന്ധതി പറഞ്ഞിട്ടുണ്ട്. അത്തരം ഒരു ഡീലാണ് ഈ പുസ്തകം . പക്ഷേ, ഈ പുസ്തകത്തിൽ മേരി റോയ് നായികയല്ല. മകളാണ് നായിക. അരുന്ധതി റോയ് യുടെ ആത്മകഥയാണ് 'മദർ മേരി കംസ് ടു മീ'. ബാല്യത്തിൽ നിന്നും യൗവ്വനത്തിലേക്കും മധ്യവയസിലേക്കുമുള്ള എഴുത്തുകാരിയുടെ ദുഷ്കരമായ പ്രയാണം ഈ പുസ്തകത്തിലുണ്ട്.


ആർക്കിടെക്റ്റ് വിദ്യാർഥിനി, കാമുകി, തിരക്കഥാകൃത്ത്, ജീവിതപങ്കാളി, ഭാര്യ, നോവലിസ്‌റ്റ്, ആക്റ്റിവിസ്റ്റ് തുടങ്ങി പല മുഖങ്ങളും നാം കാണുന്നു. 'ഗോഡ് ഓഫ് സ്മോൾ തിങ്ങ്സിൻ്റെ ' വിസ്മയകരമായ രചനാവഴികളിലൂടെ വായനക്കാരനും കടന്നുപോകുന്നു. ആദ്യം ഡൽഹിയിലേക്ക് വരുമ്പോൾ ഒരു കത്തിയുമായി വന്ന അരുന്ധതി അതേ കത്തി വിറ്റ് കഞ്ചാവ് വാങ്ങി അടിച്ച് മദം പൂണ്ട് ഡൽഹിയിലെ ഏതോ റോഡരികിലെ ശിൽപ്പത്തിൽ തൂങ്ങിക്കിടന്ന് ആകാശത്തെ കൗതുകപൂർവ്വം നോക്കിക്കാണുന്നത് പോലെ വളരെ സിനിമാറ്റിക്കായ ഒരു പാട് ദൃശ്യങ്ങൾ ഈ ഓർമക്കുറിപ്പിലുണ്ട്.


അവരുടെ ഹൃദ്യമായ ഭാഷയും അതിവിദഗ്ധമായ രചനാശൈലിയും ദുരന്തങ്ങളെ പോസ്റ്റ് മോർട്ടം ചെയ്യുന്ന ഹൃദ്യമായ നർമ്മബോധവും നിരന്തരം പേജുകൾ മറിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. നമ്മുടെ സാദാ സദാചാരത്തെ വിറപ്പിക്കുന്ന മിന്നലുകളും വെടിക്കെട്ടുകളും ഈ പുസ്തകത്തിൽ ഏറെയുണ്ട്. പക്ഷേ, അതിൻ്റെ ആഘാതങ്ങളിൽ അടിമുടി വിറച്ച് നമ്മൾ കൈകൂപ്പി നിൽക്കേണ്ടതില്ല. അവിടെ നിന്നുള്ള മുന്നോട്ടുള്ള സഞ്ചാരങ്ങളിലാണ് എൻ്റെ ശ്രദ്ധ പതിഞ്ഞത്.


ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് ചരിത്രം കുറിച്ചതും അപരാധ ബോധമുണ്ടാക്കുന്ന തരത്തിൽ അത് തന്നെ സമ്പന്നയാക്കിയതും അരുന്ധി വിവരിക്കുന്നു. കുട്ടിക്കാലത്ത്, മികച്ച ഗ്രേഡ് നേടിയ തനിക്ക് അനുമോദനവും മോശം ഗ്രേഡ് കിട്ടിയ സഹോദരന് മർദ്ദനവും കിട്ടിയ ഓർമകൾ അരുന്ധതിയിൽ എന്നും ഉൾക്കിടിലമുണ്ടാക്കുന്നു. " ഞാൻ അനുമോദിക്കപ്പെടുമ്പോൾ അപ്പുറത്ത് ഒരാൾ എന്നും നിശബ്ദമായി അടിച്ചമർത്തപ്പെടുന്നുവെന്ന " - ഉൾക്കാഴ്ച്ച ജനിക്കുന്നത് അങ്ങനെയാണ്. ഈ ദർശനമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ അടുത്ത ഘട്ടത്തിന് അടിസ്ഥാനമാകുന്നത്.


ബുക്കർ സമ്മാന ജേതാവായ, മുഴുവൻ രാജ്യത്തിനും അഭിമാന സ്തംഭമായ എഴുത്തുകാരിയെന്ന നിലയിൽ നിന്നും രാജ്യദ്രോഹിയായ അരാജകവാദിയായി മാറാനുള്ള നിർണായക തീരുമാനം അവർ എടുക്കുന്നു. വാജ്പേയ് സർക്കാരിൻ്റെ ആണവ പരീക്ഷണത്തെ നിർഭയമായി വിമർശിച്ചതോടെ അവർ രാജ്യസ്നേഹികളുടെ ഗുഡ് ബുക്കിൽ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെടുന്നു.


ഏതെങ്കിലും രീതിയിലുള്ള പബ്ലിസിറ്റി തന്ത്രമായി ഈ നീക്കത്തെ വിലയിരുത്തുന്നവർ, പുസ്തകത്തിൻ്റെ തുടക്കം മുതൽ അവർ പലവട്ടം ആവർത്തിച്ചിട്ടുള്ള ഈ പ്രസ്താവന ശ്രദ്ധിക്കണം - " ഏറ്റവും സുരക്ഷിതമെന്ന് നമ്മുക്ക് തോനുന്ന ജീവിതാവസ്ഥകളിൽ നിന്നും മറ്റുള്ളവരെ അമ്പരപ്പെടുത്തുന്ന ഇറങ്ങി പോക്കുകൾ നടത്തി ഏറ്റവും അപകടരമായ ജീവിതാവാസ്ഥകളിലേക്ക് സ്വയം ചേക്കേറാനുള്ള എൻ്റെ വാസനയാണ് എന്നെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് ".


നർമദാ ആന്ദോളൻ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ അണിനിരക്കാനും ദണ്ഡകാരണ്യത്തിൽ മാവോയിസ്റ്റുകൾക്കൊപ്പം പദയാത്ര നടത്താനും കോടതിയുടെ തിട്ടൂരങ്ങളെ അവഗണിച്ച് ജയിലിൽ കിടക്കാനും അവരെ പ്രേരിപ്പിച്ച ചേതോവികാരവും മറ്റൊന്നല്ല. അസൂയാവഹമായ ഭാഷയിലും ശൈലിയിലും സ്വയം ആവിഷ്കരിക്കാൻ പ്രാപ്തിയും കാര്യശേഷിയുമുള്ള ഈ എഴുത്തുകാരി എന്തിന് ആക്റ്റിവസത്തിൻ്റെ മുൾക്കിരീടം അണിഞ്ഞ് സർഗാത്മക ജീവിതം നശിപ്പിക്കുന്നുവെന്ന നിഷ്കളങ്കമായ ആകുലതകൾക്കുള്ള മറുപടിയും അരുന്ധതി ഈ പുസ്തകത്തിലൂടെ നൽകുന്നു.


ഏറ്റവും കാൽപ്പനികവും വന്യവും ഹൃദ്യവുമായ പ്രണയനാഭുവങ്ങളും ഈ പുസ്തകത്തിന് ചൈതന്യം അരുളുന്നു. " പുരുഷൻമാരെ സംബന്ധിച്ചിടത്തോളം, ഐ നോ ഹൗ ടു മാനേജ് ദെം....! " - എന്ന മറുപടി എത്ര മനോഹരമാണ്. തൻ്റെ എതിരാളി എല്ലാ ഹിംസ്ര ജന്തുക്കളും ഒത്തൊരുമിച്ച ഒരു വിചിത്ര സൃഷ്ടിയാണെന്നും അവന് എതിരായ പോരാട്ടങ്ങളാണ് ജൻമ സാഫല്യമെന്നുമുള്ള വാദങ്ങൾ ഊട്ടിഉറപ്പിക്കുന്ന നിലപാടുകൾ ഈ രചനയിൽ ഒരിടത്തും അരുന്ധതി സ്വീകരിച്ചിട്ടില്ല.


അച്ഛൻ 'മിക്കി റോയ് ', സഹോദരൻ എൽകെ സി, അമ്മാവൻ ജി ഐസക്ക്, കാമുകൻ ജെകെ, പങ്കാളി പ്രദീപ് തുടങ്ങി പുരുഷ ജൻമങ്ങളുടെ നിരുത്തരവാദിത്വവും സ്നേഹവും സ്വാർഥതയും സൗമനസ്യവും ഭീരുത്വവും ആസക്തിയും പരാജയ ഭീതിയും വ്യക്തമാക്കുന്ന എത്രയോ മിഴിവുറ്റ വ്യക്തിത്വങ്ങൾ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. ചരിത്രവും സമകാലീനതയും സർഗാത്മകതയും ഓർമകളും കലയും കാമവും കെട്ടു പിണയുന്ന ഈ പുസ്തകത്തെ കുറിച്ച് എത്രയോ ഇനിയും പറയാനുണ്ട്. മറ്റൊരവസരത്തിൽ അത് പറയാനാകുമെന്ന ശുഭപ്രതീക്ഷയോടെ നിർത്തുന്നു...


( എൻബി : ചിത്രത്തിന് ഒരടിക്കുറിപ്പ്: പുകവലി ആളെ മയ്യത്താക്കും..)



deshabhimani section

Related News

View More
0 comments
Sort by

Home