'കഴിച്ചോ?, ഉത്തരമായി കളമശേരിയിലെ പോഷക പദ്ധതി'; കുറിപ്പുമായി മന്ത്രി പി രാജീവ്

കൊച്ചി: കളമശേരി മണ്ഡലത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന ‘പോഷകസമൃദ്ധം പ്രഭാതം' പദ്ധതി നാല് വർഷം പിന്നിട്ടു. ‘കഴിച്ചോ.?’ ഏറ്റവും സ്നേഹസമ്പന്നമായ ഈ ചോദ്യത്തിൻ്റെ ഉത്തരമാണ് പോഷക സമൃദ്ധം പ്രഭാതം പദ്ധതിയെന്ന് മന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ബിപിസിഎല്ലിന്റെ സാമ്പത്തികസഹകരണത്തോടെ മണ്ഡലത്തിലെ 39 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എണ്ണായിരത്തോളം കുട്ടികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്. കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത് ആദ്യമായാണെന്നും പിഴവുകളില്ലാതെ മികവോടെ പദ്ധതി നടപ്പിലാക്കാനും മുന്നോട്ടുകൊണ്ടുപോകാനും സാധിച്ചെന്നും മന്ത്രി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
‘കഴിച്ചോ.?’ ഏറ്റവും സ്നേഹസമ്പന്നമായ ഈ ചോദ്യത്തിൻ്റെ ഉത്തരമാണ് ‘പോഷക സമൃദ്ധം പ്രഭാതം’ പദ്ധതി. കളമശ്ശേരി മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നൽകണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രത്യേകമായ പദ്ധതി. ഇന്ന് പദ്ധതിയുടെ നാലാം വർഷ ഉദ്ഘാടനം നിർവ്വഹിച്ചു.
മണ്ഡലത്തിലെ 39 സർക്കാർ എയ്ഡഡ് സ്കൂളുകളിലായുള്ള എൽപി, യുപി വിദ്യാർഥികൾക്കായാണ് ഞങ്ങൾ ഈ പദ്ധതി വിഭാവനം ചെയ്തത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സഹകരണം ലഭ്യമായതോടെ ഓരോ ദിവസവും എട്ടായിരത്തോളം കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കഴിഞ്ഞ 3 വർഷങ്ങളിലും ഈ പദ്ധതിയിലൂടെ പ്രഭാത ഭക്ഷണം വിതരണം ചെയ്തു. ഈ വർഷവും ഞങ്ങൾ മുടക്കമില്ലാതെ പദ്ധതി നടപ്പിലാക്കും. ഇങ്ങനെ നാല് വർഷങ്ങൾ കൊണ്ട് 40 ലക്ഷം പ്രഭാത ഭക്ഷണ യൂണിറ്റുകൾ കുട്ടികൾക്ക് ലഭിക്കുകയാണ്. 32000 കുട്ടികൾ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുകയാണ്.
കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം പ്രധാന പങ്കുവഹിക്കുന്നതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീട്ടിൽനിന്ന് പല കാരണങ്ങളാൽ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാകും വിധത്തിൽ സാർവത്രിക പ്രഭാതഭക്ഷണ പരിപാടി നടപ്പിലാക്കിയത്. കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത് ആദ്യമായാണ്. പിഴവുകളില്ലാതെ മികവോടെ പദ്ധതി നടപ്പിലാക്കാനും മുന്നോട്ടുകൊണ്ടുപോകാനും ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് സാധിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ ഏകോപനവും ഈ പദ്ധതിക്ക് ലഭിച്ചു. നമ്മുടെ കുട്ടികളുടെ ചിന്തകൾക്ക് കൂടുതൽ തെളിച്ചം പകരാൻ ഈ പദ്ധതി സഹായകമാകുമെന്ന് എനിക്കുറപ്പുണ്ട്.









0 comments