'മക്കളേ ഇടക്കെങ്കിലും ഒരു സത്യം പറഞ്ഞു കൂടെ എന്നു ചോദിക്കാൻ പറ്റില്ലല്ലോ മനോരമയല്ലേ'; വ്യാജവാർത്തക്കെതിരെ എം സ്വരാജ്

തിരുവനന്തപുരം: വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ ആധികാരികമെന്ന മട്ടിൽ മനോരമ അവതരിപ്പിച്ചതിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. മനോരമയുടെ വ്യാജവാർത്താ പ്രചരണത്തിനെതിരെ "മനോരമ 'ചരിത്ര'മെഴുതുമ്പോൾ ......' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പ്രതികരിച്ചത്.
'മൂപ്പോ, മികവോ?' എന്ന തലക്കെട്ടിൽ മനോരമ ബുധനാഴ്‌ച പ്രസിദ്ധീകരിച്ച ഭാവനാസൃഷ്‌ടിയാണ് അസംബന്ധമായത്. സ്വരാജ് 2018ലാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായതെന്ന പുതിയ കണ്ടുപിടുത്തവുമായാണ് നിലവിൽ മനോരമ രംഗത്തെത്തിയിരിക്കുന്നത്.
സിപിഐ എം സംസ്ഥാന സമ്മേളനത്തെപ്പറ്റി ചാനൽ മനോരമയും കടലാസ് മനോരമയും പരസ്പര വിരുദ്ധമായ കള്ളം പറഞ്ഞതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ട ഉടനേ ചാനൽ മനോരമ പകരം വീട്ടിയിരുന്നതായി സ്വരാജ് പറഞ്ഞു. സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ ഉണ്ടെന്നു കാട്ടിയായിരുന്നു ചാനൽ മനോരമയുടെ വ്യാജവാർത്താ പ്രചരണം.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
മനോരമ 'ചരിത്ര'മെഴുതുമ്പോൾ ......
സിപിഐ (എം) സംസ്ഥാന സമ്മേളനത്തെപ്പറ്റി ചാനൽ മനോരമയും കടലാസ് മനോരമയും പരസ്പര വിരുദ്ധമായ കള്ളം പറഞ്ഞതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ട ഉടനേ ചാനൽ മനോരമ പകരം വീട്ടിയിരുന്നു.
സമ്മേളന റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ ഉണ്ടെന്നു കാട്ടി വ്യക്തിപരമായി ആക്രമിച്ചു കൊണ്ടാണ് അന്ന് ചാനൽ മനോരമ പക വീട്ടിയത്. സമ്മേളന റിപ്പോർട്ടിൽ അങ്ങനെ ഇല്ലല്ലോ എന്ന ചോദ്യത്തിന്
"അത് വ്യാഖ്യാനമാണ്" എന്ന് രസികൻ മറുപടിയായിരുന്നു റിപ്പോർട്ടറുടേത് . വാർത്തകൾ എന്നാൽ വ്യാഖ്യാനങ്ങളും നുണകളുമാണെന്ന് പഠിച്ചിറങ്ങിയവരോട് എന്തു പറയാൻ. അതുകൊണ്ട് അരിശം തീരാഞ്ഞിട്ടാവാം ഇന്ന് കടലാസ് മനോരമ പുതിയ ചരിത്രരേഖയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഞാൻ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായത് 2018 ലാണ് എന്നാണ് മനോരമയുടെ കണ്ടുപിടുത്തം.!
കുറ്റം എന്റേതാണ്. മനോരമയുടെ കള്ളത്തരം കയ്യോടെ പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കേണ്ടതായിരുന്നു.
മക്കളേ ഇടക്കെങ്കിലും ഒരു സത്യം പറഞ്ഞു കൂടെ എന്നു ചോദിക്കാൻ പറ്റില്ലല്ലോ. മനോരമയല്ലേ.









0 comments