കേന്ദ്ര ലേബർ കോഡുകൾ തൊഴിലാളി അവകാശങ്ങളുടെ ലംഘനം, നടപ്പാക്കുന്നത് കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വേണ്ടി: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: ലേബർ കോഡുകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം തൊഴിലാളി വർഗത്തിൻ്റെ അവകാശങ്ങൾക്കെതിരായ ആക്രമണമാണെന്ന് ഡോ. തോമസ് ഐസക്. ലേബർ കോഡുകൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5-6 വർഷക്കാലമായി കോൾഡ് സ്റ്റോറേജിൽ വെച്ചിരുന്ന നിയമങ്ങൾ നടപ്പാക്കുന്നത്, ബിജെപിക്ക് ബിഹാറില്‍ ലഭിച്ച വിജയത്തിൻ്റെ 'ഹുങ്കിൻ്റെ' തെളിവാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ലേബർ കോഡിനെതിരെ ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി എതിർക്കുകയും, മൂന്ന് ദേശീയ പണിമുടക്കുകളിലായി 25 കോടി ആളുകൾ പങ്കെടുക്കുകയും ചെയ്തതാണ്. എന്നിട്ടും ഇന്ത്യൻ ലേബർ കോൺഫറൻസിൽ ത്രികക്ഷി ചർച്ചകളോ സംസ്ഥാനങ്ങളുടെ സമവായമോ ഇല്ലാതെയാണ് നിയമങ്ങൾ നടപ്പാക്കുന്നതെന്ന് ഐസക് ചൂണ്ടിക്കാട്ടി. "ഇതുവരെ ഇന്ത്യൻ തൊഴിലാളിവർഗ്ഗം സമരങ്ങളിലൂടെ നേടിയ എല്ലാ നിയമങ്ങളും പിൻവലിച്ചു കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ ലേബർ കോഡുകൾക്ക് രൂപം നൽകി," അദ്ദേഹം പറയുന്നു.
ലേബർ കോഡുകളിലെ പ്രധാന ഭേദഗതികൾ:
● ദിവസം 12 മണിക്കൂറുവരെ പ്രവർത്തി സമയം അനുവദിക്കുന്നു.
● പരാതി പരിഹാര സംവിധാനങ്ങൾ ഒഴിവാക്കുവാനും, അനുവാദം ഇല്ലാതെ ലേ ഓഫ് ചെയ്യുവാനുമുള്ള പരിധി 100 ൽ നിന്ന് 300 ആയി ഉയർത്തുന്നു.
● 50-തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നഷ്ടപരിഹാരമില്ലാതെ പിരിച്ചുവിടാം.
● പിരിച്ചുവിടുന്ന തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം മൂന്ന് മാസത്തിൽ നിന്ന് ഒരു മാസം ആയി കുറയ്ക്കുന്നു.
● തൊഴിലാളികളുടെ 10% മോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയനുകൾ അനുവദിക്കേണ്ടതുള്ളൂ.
● ഇഎസ്ഐ സൗകര്യം അവകാശമാക്കുന്നതിനു പകരം 40 വയസിനു മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധനയ്ക്കുള്ള വ്യവസ്ഥ മാത്രമാണ് ഉള്ളത്.
● ഫിക്സഡ് കാലാവധിയിലേക്കുള്ള കോൺട്രാക്ട് നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അഥവാ സ്ഥിര നിയമനം ഒരു സ്വപ്നം മാത്രമാവുന്നു.
● മിനിമം കൂലി കോഡിലില്ല.
● അസംഘടിത മേഖലകൾക്ക് പരിരക്ഷ ഇല്ല. ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ നാമമാത്രം.
ഇതുപോലുള്ള മാറ്റങ്ങളുടെ ഫലമായി തൊഴിലാളികളുടെ വിലപേശ കഴിവ് ദുർബ്ബലപ്പെടും. മുതലാളിമാരുടെ തന്നിഷ്ടപ്രകാരമുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടും. തൊഴിലാളികളുടെ മിനിമം സുരക്ഷിതത്വം പോലും ഇല്ലാതെയാവും. ഇവയുടെ ഫലം ചൂഷണം വർധിക്കുകയായിരിക്കും.
ഇപ്പോൾത്തന്നെ ദേശീയ വരുമാനത്തിൽ തൊഴിലാളിയുടെയും മുതലാളിയുടെയും പങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് കണ്ടാൽ പുതിയ നിയമം കൂടി ആവുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ഏതൊരാൾക്കും മനസിലാവും. സംഘടിത വ്യവസായ മേഖലയിൽ 2000 ത്തിൽ തൊഴിലാളിയുടെ കൂലി വിഹിതം 19% ആയിരുന്നു. 2023 ആയപ്പോഴേയ്ക്കും ഇത് 15% ആയി താഴ്ന്നു. മൊത്തം ഔപചാരിക മേഖലയെടുത്താൽ ഇതേ കാലയളവിൽ തൊഴിലാളിയുടെ വിഹിതം 30% ത്തിൽ നിന്ന് 25% ആയി താഴ്ന്നു.
അതേസമയം ലാഭം, പലിശ, പാട്ടം എന്നിവയുടെ വിഹിതം സംഘടിത വ്യവസായ മേഖലയിൽ 2000-ത്തിൽ 81% ആയിരുന്നത് 2023-ൽ 85% ആയി ഉയർന്നു. മൊത്തം ഔപചാരിക മേഖലയെടുത്താൽ ഇതേ കാലയളവിൽ ലാഭം, പലിശ, പാട്ടം എന്നിവയുടെ വിഹിതം 70% ത്തിൽ നിന്ന് 75% ആയി ഉയർന്നു.
ഇതാണ് മോദിയുടെ വികസന തന്ത്രം. തൊഴിലാളിയുടെ വിഹിതം കുറയ്ക്കുക, മുതലാളിയുടെ വിഹിതം ഉയർത്തുക. ഇങ്ങനെ ചെയ്‌താൽ മുതലാളിമാർക്ക് നിക്ഷേപം കൂടുതൽ നടത്തുവാനുള്ള അഭിനിവേശം വർധിക്കുമെന്നും ഇന്ത്യൻ സമ്പദ്ഘടന കുതിച്ചുയരുമെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ. എന്നാൽ മോഡി മറന്നു പോവുന്നത് വർധിച്ചുവരുന്ന അസമത്വം ജനങ്ങളുടെ ക്രയശേഷിയെ തകർക്കുമെന്നും അത് വളർച്ചയ്ക്ക് പ്രതിബന്ധമായി തീരും എന്നുമുള്ള വസ്തുതയാണ്.
തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ അക്രമത്തെ പ്രതിരോധിക്കുന്നതിനാണ് നവംബർ 26-ലെ പണിമുടക്കും പ്രതിഷേധവുമെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.







0 comments