‘ഇരുപത്തിയേഴാം രാവിലെ മീഡിയാ വൺ സംസ്കാരം ഞാനുമിങ്ങെടുത്തു!’; വിമർശനവുമായി കെ ടി ജലീൽ

k t jaleel
വെബ് ഡെസ്ക്

Published on Mar 28, 2025, 12:44 PM | 2 min read

മീഡിയ വൺ ചാനലിന്റെ ആക്ഷേപത്തെ വിമർശിച്ച്‌ ഡോ. കെ ടി ജലീൽ. ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ തനിക്കെതിരെ ഉയർത്തിയ ആക്ഷേപങ്ങൾക്കെതിതെ രൂക്ഷവിമർശനമാണ്‌ ജലീൽ ഫെയ്‌സ്‌ബുക്കുലൂടെ ഉയർത്തിയിരിക്കുന്നത്‌. ‘ഇരുപത്തിയേഴാം രാവിലെ മീഡിയാ വൺ സംസ്കാരം ഞാനുമിങ്ങെടുത്തു!’ എന്ന്‌ തുടങ്ങുന്നതാണ്‌ ജലീന്റെ പോസ്റ്റ്‌.


പോസ്റ്റിന്റെ പൂർണരൂപം


ഇരുപത്തിയേഴാം രാവിലെ മീഡിയാ വൺ സംസ്കാരം ഞാനുമിങ്ങെടുത്തു!


സി ദാവൂതെന്ന "വികൃത" ജീവിയെ ശൂറാ മെമ്പറാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ അധമത്വത്തെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ഇവൻ്റെ വ്യക്തിഹത്യക്ക് കേരളത്തിൽ ഏറ്റവുമധികം ഇരയായിട്ടുണ്ടാവുക സി.പി.ഐ (എം) നേതാക്കളാകും. "ഔട്ട് ഓഫ് ഫോക്കസ്" എന്ന മീഡിയ വൺ പ്രോഗ്രാം കമ്മ്യൂണിസ്റ്റ് പാർട്ടിയെ താറടിക്കാൻ മാത്രം ലക്ഷ്യമിട്ട് മൗദൂദിസ്റ്റുകൾ രൂപകൽപ്പന ചെയ്തതാണെന്ന് അതിൻ്റെ ഓരോ എപ്പിസോഡ് പരിശോധിച്ചാലും ബോദ്ധ്യമാകും. അവർക്ക് വിശുദ്ധനാകണമെങ്കിൽ പിണറായി വിജയനെ നാല് ചീത്ത വിളിക്കണം. സി.പി.എമ്മിനെ തള്ളിപ്പറയണം. മുമ്പ് കള്ളനെന്നും കൊള്ളക്കാരനെന്നും മുദ്രകുത്തിയ പലരെയും അവർ വിശുദ്ധരാക്കിയത് സമീപ കാലത്ത് നാം കണ്ടതാണ്. ഒരൊറ്റ കാര്യമേ അവർ ചെയ്തുള്ളൂ. പിണറായി വിജയനെ നാല് ചീത്ത വിളിച്ചു.


ഇന്നന്തേ 'സഹോദരമതസ്ഥരെ' ആരെയും കിട്ടിയില്ലെ അടുപ്പിൻ്റെ മൂലക്കല്ലാകാൻ. മൂന്ന് കല്ലിനും ഒരു നിറമായത് മീഡിയാ വൺ തന്ത്രത്തിൻ്റെ ലംഘനമാണല്ലോ? ഇന്ന് ഇരുപത്തിയേഴാം രാവായത് കൊണ്ടാകും സാധാരണ കാണാറുള്ളവരെ കാണാതിരുന്നത്! ജമാഅത്തെ ഇസ്ലാമി അവരുടെ തീവ്രവാദ അജണ്ട ഒളിച്ചു കടത്തുന്നത് ദാവൂദിലൂടെയാണ്. ലോകത്ത് തന്നെക്കാൾ വലിയ അറിവാളനില്ലാ എന്ന മട്ടിൽ "വികൃതൻ'' നടത്തുന്ന യാതൊരു കഴമ്പുമില്ലാത്ത തീർത്തും വർഗ്ഗീയവും വംശീയവുമായ നിരീക്ഷണങ്ങൾ നാല് മൗദൂദിക്കുട്ടികളെ രോമാഞ്ചം കൊള്ളിച്ചേക്കാം. നാട്ടുകാർ അതിന് പുല്ലുവിലയേ കൽപ്പിക്കൂ.

ഇത്രയും പറയാതെ ഇന്ന് കിടന്നുറങ്ങിയാൽ നാളെ രാവിലെ പടച്ചോൻ ചോദിക്കും ഈ "വികൃതന്" മറുപടി കൊടുക്കാതെ ഉറങ്ങിയതെന്തേ എന്ന്! മറ്റുള്ളവരെ അപഹസിച്ചു പറയാൻ ഈ ഇരുപത്തിയേഴാം രാവ് ദാവൂതെന്ന ജമാഅത്ത് ശൂറാ അംഗത്തിനും അജിംസ് എന്ന എരപ്പനും തടസ്സമായിട്ടില്ലെങ്കിൽ എനിക്കു മാത്രം എന്തിന് തടസ്സമാകണം? ഇവരൊക്കെ ഇസ്ലാം പഠിപ്പിക്കുന്നേടത്തോളവും മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകങ്ങൾ ആകുന്നേടത്തോളവും കാലം യുവതലമുറ വഴിപിഴച്ചു പോയില്ലെങ്കിലേ അൽഭുതമുള്ളൂ. മീഡിയാ വൺകാർ പറയുന്ന രാസമതത്തെക്കാൾ നല്ലത് രാസലഹരിയുടെ മായാലോകമാണെന്ന് ചെറുപ്പക്കാർ കരുതിയാൽ അവരെ മാത്രം എങ്ങിനെ കുറ്റം പറയും?



deshabhimani section

Related News

View More
0 comments
Sort by

Home