kick-drugs-say-yes-to-sports
ആദി ഹീറോയാടാ... ആറുവയസുകാരന്റെ മാരത്തൺ കുതിപ്പിൽ ആവേശം പങ്ക് വെച്ച് മന്ത്രി

സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേയെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശയാത്ര ക്ലിക്കഡ് ആയി. മയക്കുമരുന്നിനെതിരായ സന്ദേശം പങ്കുവെക്കുന്ന പരിപാടിയിൽ ഉടനീളം സ്പോർട്സ്മൻ സ്പിരിറ്റോടെ ഊർജം തുളുമ്പുന്ന പങ്കാളിത്തമാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കാമ്പയിന്റെ ഭാഗമായി മരത്തണിൽ പങ്കെടുത്ത് വിജയിയായത് ഒരു ആറു വയസുകാരനാണ്.
"പത്തു കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൻ്റെ അവസാനലാപ്പിൽ മുതിർന്ന കായികതാരങ്ങൾ പോലും കിതച്ചു നിന്നപ്പോൾ കരുത്തോടെ ഓടിക്കയറിയ ആദി ഈശ്വർ എന്ന ആറുവയസ്സുകാരനാണ് ആലപ്പുഴയുടെ ഹീറോ!." എന്നാണ് ഇതിനെ കായിക മന്ത്രി വി അബ്ദുറഹിമാൻ വിശേഷിപ്പിച്ചത്.
കിക്ക് ഡ്രഗ്സ്, സേയെസ് ടു സ്പോർട്സ് സന്ദേശ പരിപാടി സംബന്ധിച്ച മന്ത്രിയുടെ പോസ്റ്റുകളിൽ വ്യത്യസ്തമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഇവ കൌതുകങ്ങളും അപൂർവ്വതകളും നിറഞ്ഞ ന്യൂസ് സ്റ്റോറികളുമായി മാറുന്നു.

മന്ത്രിയുടെ എഫ് ബി കുറിപ്പ്
ആദി ഹീറോയാടാ..!
പത്തു കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൻ്റെ അവസാനലാപ്പിൽ മുതിർന്ന കായികതാരങ്ങൾ പോലും കിതച്ചു നിന്നപ്പോൾ കരുത്തോടെ ഓടിക്കയറിയ ആദി ഈശ്വർ എന്ന ആറുവയസ്സുകാരനാണ് ആലപ്പുഴയുടെ ഹീറോ!.
സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശയാത്രയിലാണ് ആദി കായികശേഷി കൊണ്ട് സർവരെയും വിസ്മയത്തിലാഴ്ത്തിയത്.
കളിമുറ്റത്തെ ലാഘവത്തോടെയാണ് ഈ മിടുക്കൻ മാരത്തൺ ഓടിയത്. കാരണം കായികവിനോദങ്ങൾ അത്രമേൽ ആ കുഞ്ഞു മനസിനെ രസിപ്പിക്കുന്നുണ്ട്. ഹരിപ്പാട് അമൃത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദി ഈശ്വറിന് ഫുട്ബോളാണ് ഇഷ്ടവിനോദം. വൈകുന്നേരങ്ങളിൽ മൈതാനത്തേക്ക് പന്തുമായി പായും. കഴിഞ്ഞ ഒരു മാസമായി അത്‌ലറ്റിക്സിലും പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന കുഞ്ഞു മനസ്സിന്റെ നിശ്ചയദാർഢ്യം ലഹരിക്ക് മുന്നിൽ ഭാവിതലമുറ തോൽക്കില്ലെന്ന വലിയ സന്ദേശമാണ് നൽകുന്നത്. യുഎസി സ്പോർട്സ് ക്ലബിൽ ഒരു മാസമായി പരിശീലനത്തിലാണ് ജ്യോതിഷ് കുമാർ - ആതിര ദമ്പതികളുടെ മകൻ. കായിക താരമാകാനാണ് ആഗ്രഹമെന്ന് പറയുന്ന ആദി മോന് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.
പങ്കാളിത്തം പകരുന്ന ഊർജ്ജം
കൊട്ടാരക്കരയിലെ പങ്കാളിത്തം മന്ത്രി എഫ് ബിയിൽ റിപ്പോർട് ചെയ്തത്-
'കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ് " ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിന് കൊട്ടാരക്കരയിൽ ആവേശോജ്ജ്വലമായ വരവേല്പ് ലഭിച്ചു. ജനസാഗരം ചുവടുവെച്ച വാക്കത്തൺ ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ മുഴുവൻ കരുത്തും വിളിച്ചോതി. ഒരേ മനസോടെ മുന്നോട്ടു നീങ്ങിയവരുടെ, നഗരത്തെ ഇളക്കിമറിച്ച പ്രയാണം കൊട്ടാരക്കരയ്ക്ക് പുത്തൻ അനുഭവമായി.

കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംങ്ഷനിൽ നിന്നാരംഭിച്ച് പുലമൺ ജംങ്ഷനിൽ സമാപിച്ച വാക്കത്തണിൽ വിദ്യാർഥികളും യുവാക്കളും വീട്ടമ്മമാരും അടക്കം ആബാലവൃദ്ധം അണിനിരന്നു. മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജെ. ചിഞ്ചു റാണിയും കൊടിക്കുന്നിൽ സുരേഷ് എം.പി., ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ തുടങ്ങിയവരും കായിക അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ആയിരക്കണക്കിന് താരങ്ങളും പങ്കെടുത്തു.
സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷയായി. രാവിലെ നിലമേൽ കേന്ദ്രീകരിച്ച് മാരത്തണും വാക്കത്തണും നടന്നിരുന്നു.
പ്രായം മറക്കുന്ന പ്രതിബദ്ധത
മന്ത്രിയുടെ കുറിപ്പ്
പ്രായം വെറുമൊരു അക്കമല്ലേ...
''72 വയസ്സൊക്കെ ഒരു വയസ്സാണോ... 30 വർഷമായി ദീർഘദൂരം ഓടുന്നു. വിദേശരാജ്യങ്ങളിൽ അടക്കം മാരത്തോണുകളിൽ പങ്കെടുത്തു. ഇനിയും ഓടും വർഷങ്ങളോളം... ''
ഈ ആത്മവിശ്വാസത്തിൻ്റെ, ഊർജ്ജസ്വലതയുടെ പേരാണ് ഡിക്സൺ.
കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച മാരത്തണിലാണ് 72 വയസുകാരനായ ഡിക്സൺ സക്കറിയ 10 കിലോമീറ്റർ ഫിനിഷ് ചെയ്തത്.
30 വർഷത്തിലധികമായി ദീർഘദൂര ഓട്ടത്തിൽ സജീവമായ ഡിക്സൺ ലണ്ടൻ, ബോസ്റ്റൻ, ഫിലാഡെൽഫിയ തുടങ്ങി അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച നിരവധി മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്. പ്രവാസിയായിരുന്ന ഡിക്സൻ ഇപ്പോൾ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. അതുകൊണ്ടു തന്നെ സ്പോർട്സിലും ലഹരി വിരുദ്ധ പോരാട്ടത്തിലും സജീവം.

ഡിക്സണെപ്പോലെ തന്നെ പ്രായം ഒരു പരിമിതിയല്ല എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ടാണ് 49 കാരനായ അജിത്ത്.കെ.ആർ മാരത്തൺ ഫിനിഷ് ചെയ്തത്. എട്ട് വർഷമായി മാരത്തൺ രംഗത്ത് സജീവമാണ് അജിത് കായിക അധ്യാപകൻ കൂടിയാണ്. തന്റെ വിദ്യാർത്ഥികൾക്കൊപ്പമാണ് പങ്കെടുത്തത്.
ദേശീയ ബോഡി ബിൽഡിങ് താരവും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനുമായ മനു നായർ, 54 കാരനായ പോലീസ് ഓഫീസർ രവീന്ദ്രൻ, ദീർഘദൂര ഓട്ടത്തിൽ സജീവമായ നേവി ഉദ്യോഗസ്ഥൻ ഷിജിൻ തുടങ്ങി നിരവധി മുതിർന്ന കായികതാരങ്ങൾ അണിനിരന്ന മാരത്തൺ, അക്ഷരാർത്ഥത്തിൽ ലഹരിക്കെതിരായ പത്തനംതിട്ടയുടെ യുദ്ധ കാഹളമായി.
കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്
കുട്ടികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കാനും, ലഹരി ഉപയോഗത്തിലേക്ക് നീങ്ങുന്നത് തടയാനും, അവബോധം സൃഷ്ടിക്കാൻ കായിക വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശ യാത്രയാണ് ‘കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
കേരളത്തിലെ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്നസ് ബോധവൽക്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്. കായിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ കുട്ടികളും യുവജനങ്ങളും ലഹരിപോലുള്ള തെറ്റായ വഴിയിലേക്ക് നീങ്ങുന്നത് തടയാനാകും. ആരോഗ്യമുള്ളവരായിരിക്കാൻ ഓരോരുത്തർക്കും അവബോധം ഉണ്ടാകണം, അതിനായി വിപുലമായ പ്രചാരണവും ബോധവത്കരണ പ്രവർത്തനങ്ങളും ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര. മെയ് 5 ന് കാസറഗോട് നിന്ന് ആരംഭിച്ചു. മെയ് 22 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. സംസ്ഥാന വ്യാപക ലഹരി വിരുദ്ധ സന്ദേശ യാത്ര കായികമന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും പര്യടനം നടത്തുന്നു.
യാത്രയ്ക്ക് മുന്നോടിയായി തദ്ദേശ സ്ഥാപന സ്പോർട്സ് കൗൺസിലുകളും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് ഓരോ ജില്ലയിലും പ്രചാരണ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും മിനി മാരത്തൺ, ജില്ലയിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ സൈക്ലത്തോൺ, വാക്കത്തോൺ, കായിക പ്രദർശനം എന്നിവ ഉണ്ടായി. എല്ലാ കായികസംഘടനകളും യാത്രയിൽ പങ്കാളികളാവുകയും വിവിധ കായിക ഇനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു.
കളിക്കളങ്ങൾ വീണ്ടെടുക്കുക എന്നത് ഈ ക്യാമ്പയിന്റെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങൾ പുനരുദ്ധാരണം ചെയ്ത് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. കേരളത്തിന്റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ഭാഗമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കായിക വകുപ്പ് നടപ്പാക്കുന്നത്.









0 comments