പാണക്കാട് തങ്ങൾമാരോട്; പാവങ്ങളെ പറ്റിക്കാൻ തട്ടിക്കൂട്ടുന്ന സംരംഭങ്ങളുടെ ചെയർമാൻ പദവികൾ ഏറ്റെടുക്കരുത് : കെ ടി ജലീൽ

സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റുകളുടെയും പ്രവാസികളെ പറ്റിക്കാൻ തട്ടിക്കൂട്ടുന്ന ഓഹരി പിരിച്ചുള്ള ബിസിനസ് സംരംഭങ്ങളുടെയും ചെയർമാൻ പദവികൾ പാണക്കാട്ടെ തങ്ങൾമാർ ഏറ്റെടുക്കരുതെന്ന് കെ ടി ജലീൽ. കൊടപ്പനക്കൽ തറവാട്ടിലെ സയ്യിദൻമാരെ മുന്നിൽ നിർത്തി ജനങ്ങളിൽ നിന്ന് ഓഹരി ശേഖരിച്ച് തടിച്ചു കൊഴുക്കുന്ന തട്ടിപ്പുവീരൻമാരുടെ വലയിൽ പൂക്കോയ തങ്ങളുടെ മക്കളും ചെറുമക്കളും വീണുപോകരുതെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കൂലിയും വേലയും ഇല്ലാതെ നടക്കുന്ന സാമ്പത്തിക ശേഷി ഇല്ലാത്തവർ സ്വന്തം സംഘടനയുടെ ഭാരവാഹി സ്ഥാനത്തിരുന്ന് കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ കോടീശ്വരൻമാരാകുന്നത് അന്വേഷിക്കാൻ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ തയാറാവണമെന്നും ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടത്തിനും പാണക്കാട്ടെ സയ്യിദൻമാർ നിമിത്തമാകരുതെന്നും കെ ടി ജലീൽ കുറിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നിക്ഷേപിച്ച പണം തിരിച്ചു ചോദിക്കാൻ ചെന്നാൽ കക്ഷികളെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പരാതി കൊടുത്താൽ തങ്ങൾമാർ സ്റ്റേഷനിൽ പോകേണ്ടി വരുമെന്നും അത് സമുദായത്തിന് ഉണ്ടാക്കുന്ന ദോഷങ്ങൾ വിവരിച്ചും പരാതിക്കാരെ നിരുത്സാഹപ്പെടുത്തുന്ന സംഭവങ്ങൾ നിരവധിയാണ്. തങ്ങൾക്കറിയില്ലേ ഉസ്മാനെ? കാറ്ററിംഗ് എന്നും പറഞ്ഞ് 40 കോടിയോളം രൂപയാണ് പല ലീഗ് പ്രവർത്തകരിൽ നിന്നായി അയാൾ സ്വരൂപിച്ചത്. ഇപ്പോൾ മുതലുമില്ല, ലാഭവുമില്ല. പ്രസ്തുത കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ചെയർമാൻ ആരാണ്? മുങ്ങുമെന്ന് ഉറപ്പുള്ള കപ്പലിലേക്കാണ് ഉസ്മാനെ പോലുള്ളവർ ആളുകളെ പിടിച്ചു കയറ്റുന്നത്. കപ്പിത്താൻ്റെ (ചെയർമാൻ്റെ) പേരു പറഞ്ഞു കൊണ്ടാണ് ഈ ചതിയെന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. പാവം നിക്ഷേപകരെ പച്ചക്ക് പറ്റിക്കാൻ എറിഞ്ഞു കൊടുക്കുന്ന ക്രൂര വിനോദത്തിന് പാണക്കാട് തങ്ങൻമാർ കൂട്ടുനിൽക്കരുത്. ലീഗ് നേതാക്കളെ വിശ്വസിച്ച് പല സംരഭങ്ങളിലും ഓഹരി നിക്ഷേപിച്ച സാധുക്കളായ ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണീരണിഞ്ഞ മുഖം കൊടപ്പനക്കൽ തറവാട്ടിലുള്ളവർ കാണാതെ പോകരുത്.
ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടത്തിനും പാണക്കാട്ടെ സയ്യിദൻമാർ നിമിത്തമാകരുത്. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഇന്നോളം മറ്റുള്ളവരെ സംബന്ധിച്ച പരാതി പറയാനല്ലാതെ ഒരാളും എത്തിയിട്ടില്ല. എന്നാൽ തങ്ങൾമാരെ സംബന്ധിച്ച് തന്നെ പരാതി പറയാൻ ആ പൂമുഖത്ത് ആളുകൾ വരാതിരിക്കാൻ വന്ദ്യനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ കുടുംബവും അനുജ സഹോദരൻമാരും അവരുടെ മക്കളും ശ്രദ്ധിക്കണം. പണക്കാരായ സ്വകാര്യ വ്യക്തികൾ രൂപം കൊടുക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റുകളുടെ നേതൃപദവി ഒരു കാരണവശാലും പാണക്കാട്ടുള്ളവർ ഏറ്റെടുക്കരുത്. അതിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ അവർ വേണ്ടെന്നു വെക്കണം. നാട് നന്നാക്കാനല്ല അവരാരും തങ്ങൾമാരെ മുന്നിൽ നിർത്തുന്നത്. അവർക്ക് ലാഭം കൊയ്യാനുള്ള പരിചയായിട്ടാണ് കൊടപ്പനക്കൽ തറവാട്ടിലെ ബഹുമാന്യരായ സയ്യിദൻമാരെ ലാഭക്കൊതിയൻമാർ ഉപയോഗിക്കുന്നത്.
അറഫയിൽ തടിച്ചു കൂടിയ ലക്ഷക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് തൻ്റെ അവസാനത്തെ പ്രസംഗത്തിൽ മുഹമ്മദ് നബി പ്രഖ്യാപിച്ചു: "ഇന്നേ ദിവസം എൻ്റെ പിതൃവ്യൻ അബ്ബാസിൻ്റെ പലിശ ഉൾപ്പടെ എല്ലാ പലിശകളും റദ്ദാക്കപ്പെട്ടിരിക്കുന്നു". സമാനമായ ഒരു പ്രഖ്യാപനം സാദിഖലി തങ്ങളും നടത്തണം. പാണക്കാട് കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് ഹയർസെക്കൻ്ററി സ്കൂളിൽ ഏറ്റവും ചുരുങ്ങിയത് പ്ലസ് ടു മാനേജ്മെൻ്റ് ക്വോട്ടയിലെ വിദ്യാർഥി പ്രവേശനത്തിനെങ്കിലും കോഴവാങ്ങില്ല എന്നുറക്കെ വിളിച്ചു പറഞ്ഞ് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കണം. അതിൽ പരം വലിയ നന്മ മറ്റൊന്നുണ്ടാവില്ല. മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ കച്ചവടക്കാർക്ക് അതൊരു വലിയ മുന്നറിയിപ്പാകും.
സ്വയം മാതൃകയായി മറ്റുള്ളവരോട് ആ പാത പിന്തുടരാൻ ആവശ്യപ്പെട്ടാൽ ആരും അതിനോട് പുറം തിരിഞ്ഞു നിൽക്കില്ല. സാധാരണ മനുഷ്യരുടെ പണം കീശയിലാക്കാൻ ലക്ഷ്യമിട്ട് രൂപം കൊടുക്കുന്ന ട്രസ്റ്റുകളുടെയും കമ്പനികളുടെയും ചെയർമാൻ പദവി ഏറ്റെടുക്കണമെന്ന ഓഫറുമായി ആരും പാണക്കാട്ടേക്ക് വരേണ്ടതില്ലെന്ന് സധൈര്യം നിലപാടെടുക്കുക. സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ യുദ്ധം നയിക്കാൻ കൊടപ്പനക്കലെ സയ്യിദൻമാർ മുന്നിൽ നിന്നാൽ രക്ഷപ്പെടുന്നത് നിഷ്കളങ്കരായ ഒരുപാട് മനുഷ്യരാകും.
കൂലിയും വേലയും ഇല്ലാതെ നടക്കുന്ന സാമ്പത്തിക ശേഷി ഇല്ലാത്തവർ സ്വന്തം സംഘടനയുടെ ഭാരവാഹി സ്ഥാനത്തിരുന്ന് കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ കോടീശ്വരൻമാരാകുന്നത് അന്വേഷിക്കാൻ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ തയ്യാറാവണം. യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചതായി പറയപ്പെടുന്ന വില്ലാ പ്രൊജക്ടിൻ്റെ ആദ്യ വിൽപ്പന കുഞ്ഞാലിക്കുട്ടി സാഹിബാണത്രെ നിർവഹിച്ചത്. ആ പ്രൊജക്ടിൻ്റെ പേരിൽ എത്ര ആളുകളാകും പറ്റിക്കപ്പെടുക എന്ന് കാത്തിരുന്ന് കാണാം! ഒരു സാമ്പത്തിക അടിത്തറയുമില്ലാത്ത ഒരാൾ ഇത്തരം സംരഭവുമായി ഇറങ്ങുമ്പോൾ എവിടെ നിന്നാണ് ഇതിന് പണം എന്നാരായാനുള്ള ബാദ്ധ്യത ഉത്തരവാദപ്പെട്ട നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടി സാഹിബിനില്ലെ? അതു ചോദിച്ചാൽ തത്തുല്ല്യമായ ചോദ്യങ്ങൾ ഇങ്ങോട്ടും ചോദിക്കും എന്ന ഭയമാണോ അതൊക്കെ അന്വേഷിക്കുന്നതിൽ നിന്ന് നേതാക്കളെ തടയുന്നത്!
സാമ്പത്തിക തട്ടിപ്പിന് വിധേയരാകുന്ന നല്ലൊരു ശതമാനം മുസ്ലിം സമുദായത്തിൽ പെടുന്നവരാണെന്ന് കാണാനാകും. അവരെ ചതിക്കുന്നത് ഇതര സമുദായക്കാരല്ല. സ്വന്തം സമുദായത്തിലെ രാഷ്ട്രീയ നേതാക്കളും പ്രമാണിമാരുമാണ്. മയക്കുമരുന്ന് കേസിൽ പ്രതികളായവരെയും, ആളുകളെ പറ്റിച്ച് കോടികൾ മുക്കിയവരെയും, ഫണ്ടുശേഖരണം നടത്തി മോഹസ്ഥലങ്ങൾ വാങ്ങി മണിമാളിക പണിതവരെയും, സാമ്പത്തിക അഴിമതി നടത്തുന്നവരെയും, നിഷ്കരുണം നേരിടാൻ ലീഗ് നേതൃനിരയിലെ പ്രധാനി എന്ന നിലയിൽ സാദിഖലി ശിഹാബ് തങ്ങൾ തൻ്റേടം കാണിക്കണം. എന്നാലേ പച്ചക്കൊടി പിടിക്കുന്നവർക്ക് "അർശിൻ്റെ തണൽ" ലഭിക്കൂ.









0 comments