'ചർച്ചകൾ അട്ടിമറിക്കാൻ ശ്രമം; രണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വധശിക്ഷ നടപ്പാക്കണമെന്ന ആ​ഗ്രഹത്തോടെ'

Jawad Mustafawy fb post nimishapriya
വെബ് ഡെസ്ക്

Published on Jul 18, 2025, 12:54 PM | 3 min read

നിമിഷപ്രിയയുടെ മോചനത്തിനുള്ള മധ്യസ്ഥ ചർച്ചകൾ അട്ടിമറിക്കാൻ നീക്കങ്ങൾ നടക്കുന്നതായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യൻ ജവാദ് മുസ്തഫാവി. കാന്തപുരം എ പി അബൂബക്കൽ മുസ്ല്യാർ മോചനത്തിനായി ഇടപെടലുകൾ നടത്തിയെന്ന വാർത്തകൾ വന്നതിന് പിന്നാലെ മധ്യസ്ഥ ശ്രമങ്ങൾ തടയിടാൻ ചിലർ ശ്രമിക്കുന്നതായും ജവാദ് മുസ്തഫാവി പറഞ്ഞു. ഇതിന്റെ ഭാ​ഗമായാണ് യെമനി പൗരൻ മലയാളത്തിലുൾപ്പെടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടത്. നിമിഷപ്രിയയുടെ കേസിൽ മുമ്പ് ഇടപെടുകയും അരക്കോടിയോളം രൂപ നിയമ പോരാട്ടത്തിന് എന്ന പേരിൽ കൈപ്പറ്റുകയും ചെയ്തതിന്റെ പേരിൽ ആക്ഷൻ കൗൺസിലിന്റെ ആരോപണം നേരിടുന്നവരുടെ ടൂൾ ആയി പ്രവർത്തിക്കുന്ന മുബാറക്ക് റാവുത്തർ എന്നയാളാണ് യെമൻ സ്വദേശികളെ സോഷ്യൽ മീഡിയയിലൂടെ കണക്ട് ചെയ്ത് തെറ്റിധരിപ്പിച്ചത്. എന്നാൽ തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ യെമനികൾ നേരത്തെയിട്ട പോസ്റ്റുകൾ അവരുടെ വാളുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. മുബാറക്ക് റാവുത്തർ, സാമുവൽ ജെറോം, ദീപ ജോസഫ്, പ്രതീഷ് വിശ്വനാത്, താഹിർ ഹുദവി, ആരിഫ് ഹുസൈൻ, ജാനേ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ നടത്തുന്ന കുപ്രചരണങ്ങൾക്ക് ദൃശ്യത നൽകുകയാണ് മാധ്യമങ്ങൾ. കാന്തപുരം ഇടപെട്ട് തുടങ്ങിയതു മുതൽ മലയാളത്തിലെ രണ്ട് മാധ്യമങ്ങൾ എങ്ങനെയെങ്കിലും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കി കിട്ടണം എന്ന് ആഗ്രഹിക്കുന്നതുപോലെയാണ് റിപ്പോർട്ട് ചെയ്തതെന്നും ജവാദ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.


ജവാദ് മുസ്തഫാവിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം


നിമിഷ പ്രിയ കേസിൽ ആദരണീയരായ കാന്തപുരം ഉസ്താദ് ഇടപെടലുകൾ നടത്തിയ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് മുതൽ 'മുബാറക്ക് റാവുത്തർ' എന്ന വ്യക്തി അത് നിഷേധിച്ചും മറ്റും സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. തുടർന്ന് ഇരയുടെ നാട്ടുകാരായ ചിലരുടെ ഫേസ്ബുക്ക് വാളുകളിൽ മലയാളത്തിൽ ഉൾപ്പെടെ ഫേസ്ബുക്ക് പോസ്റ്റുകൾ വരികയും കാന്തപുരം ഉസ്താദിന്റെ ഇടപെടലിനെ തുടർന്നുണ്ടായ മധ്യസ്ഥ ചർച്ചകൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. നിലവിൽ പൂർണ്ണമായും ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലുള്ള ചർച്ചകളിൽ സഹകരിച്ചു കൊണ്ടിരിക്കുന്ന കുടുംബാംഗങ്ങളുടെ സഹായത്തോടെ ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുകയുണ്ടായി. അപ്പോഴാണ് യാതൊരു മാനുഷിക താൽപര്യങ്ങൾ പോലും ഇല്ലാത്ത ചതിയുടെയും വഞ്ചനയുടെയും വിവരങ്ങൾ അറിയാൻ സാധിച്ചത്.


ഈ കേസിൽ മുമ്പ് ഇടപെടുകയും അരക്കോടിയോളം രൂപ നിയമ പോരാട്ടത്തിന് എന്ന പേരിൽ കൈപ്പറ്റുകയും ചെയ്തതിന്റെ പേരിൽ ആക്ഷൻ കൗൺസിലിന്റെ ആരോപണം നേരിടുന്ന സാമുവൽ ജെറോം, ദീപ ജോസഫ് എന്നിവരുടെ ടൂൾ ആയി വിഷയത്തിൽ പ്രത്യേകിച്ച് ഒരു റോളും ഇല്ലാത്ത മുബാറക്ക് റാവുത്തർ എന്ന വ്യക്തി ഇടപെടുകയും യമൻ സ്വദേശികളായ ആളുകളെ സോഷ്യൽ മീഡിയയിലൂടെ കണക്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം ഉണ്ടാക്കാനും ശ്രമിക്കുകയാണ് ചെയ്തത്. എങ്ങനെയെങ്കിലും സുന്നി പണ്ഡിതരുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങൾ തടിയിടണം എന്നത് മാത്രമായിരുന്നു ഇവരുടെ താല്പര്യം. റാവുത്തറിന് പുറമേ പ്രമുഖരും അല്ലാത്തതുമായ മറ്റു ചിലരും ഇതേ താല്പര്യത്തിൽ മെസ്സേജിലും കോളിലുമായി ബന്ധപ്പെട്ടിട്ടുണ്ട്.


തങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും കബളിപ്പിക്കുകയും ചെയ്തതാണ് എന്ന് മനസ്സിലാക്കിയ അവർ ഇന്നലെ തന്നെ അത്തരത്തിലുള്ള പോസ്റ്റുകൾ അവരുടെ വാളുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്നലെ രാത്രി മുബാറക്ക് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന്റെയും കബളിപ്പിക്കലിന്റെയും കഥ അവർ തുറന്നു പറഞ്ഞിരിക്കുകയാണ്. ഈ കേസിൽ യമൻ സ്വദേശികൾക്ക് ഉണ്ടാകുന്ന സ്വാഭാവിക വികാരങ്ങളെ റാവുത്തറിന്റെ ദുരൂഹമായ താൽപര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്തു എന്നും പറയുന്നുണ്ട്. റാവുത്തറിന്റെ ചതിയിൽപ്പെട്ട് നടത്തിയ പ്രചരണങ്ങളിൽ ഇന്ത്യൻ ജനതയോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സ്വദേശിയായ സർഹാൻ ഫെയ്സ്ബുക്കിൽ വിശദീകരണ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അക്കൗണ്ട് ആയിരുന്നു വ്യാജ പ്രചാരണങ്ങൾക്ക് മുബാറക് പ്രധാനമായും ഉപയോഗിച്ചിരുന്നത്.


ദയവുചെയ്ത് മലയാളം മാധ്യമങ്ങൾ യാതൊരു സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാത്ത ഇത്തരം അല്പന്മാരായ വ്യക്തികൾക്ക് ദൃശ്യത നൽകരുത്. തലാലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വന്നിരുന്നു. ഏറ്റവും ചുരുങ്ങിയത് റാവുത്തർമാരും ദീപ ജോസഫുമാരും കൊണ്ടുവരുന്ന കുപ്രചാരണങ്ങൾക്കനുസരിച്ച് വാർത്തകൾ നൽക്കുന്നതിനു മുമ്പ് ഈ വിഷയത്തിൽ ആധികാരികമായി ഇടപെട്ടു കൊണ്ടിരിക്കുന്ന കാന്തപുരം ഉസ്താദിന്റെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സ്ഥിരീകരണങ്ങൾ എങ്കിലും നേടുന്നതാണ് മാധ്യമധർമ്മം എന്ന ഓർമിപ്പിക്കുന്നു. മലയാളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങൾ കാന്തപുരം ഉസ്താദ് ഇടപെട്ട് തുടങ്ങിയതു മുതൽ എങ്ങനെയെങ്കിലും വധശിക്ഷ നടപ്പിലാക്കി കിട്ടണം എന്ന് ആഗ്രഹിക്കുന്നതുപോലെയാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തത്.


റാവുത്തർ, ജാനേ, ദീപ, സാമൂവൽ, പ്രതീഷ് വിശ്വനാത്, താഹിർ ഹുദവി, ആരിഫ് ഹുസൈൻ തുടങ്ങിയവ ഏതാനും വ്യക്തികളുടെ പേരുകൾ അല്ല, സമനില തെറ്റിയ മാനസികാവസ്ഥകൾ കൂടിയാണ്. അത്തരം ചില റാവുത്തർമാരും ദീപമാരും ജാനേമാരും മാധ്യമപ്രവർത്തകരിലും രാഷ്ട്രീയക്കാരിലും എല്ലാമുണ്ട്. കഴിഞ്ഞദിവസം ഞാൻ മാതൃഭൂമി ന്യൂസിൽ പറഞ്ഞ ഒരു കാര്യം, കാന്തപുരം ഉസ്താദ് ഈ സമയത്ത് മലയാളി സമൂഹത്തെ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാക്കി വേർതിരിച്ച് നമുക്കു മുന്നിൽ ക്രിസ്റ്റൽ ക്ലിയർ ആയി കാണിച്ചു തന്നിരിക്കുന്നു എന്നു കൂടിയാണ്. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാഅത്ത് പ്രസ്ഥാനം 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ ക്യാമ്പയിൻ നടത്തുന്ന ഘട്ടത്തിൽ കൂടിയാണ് ഈ സംഭവങ്ങൾ എന്നത് കൗതുകകരമായ ഒരു നിമിത്തം കൂടിയാണ്.





deshabhimani section

Related News

View More
0 comments
Sort by

Home