വ്യാജവാർത്തയുമായി ദീപികയും മാതൃഭൂമിയും; ഇതെന്ത് മാധ്യമപ്രവർത്തനമെന്ന് മന്ത്രി റോഷി

തിരുവനന്തപുരം: മന്ത്രി ഓഫീസ് നവീകണമെന്ന പേരിൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമിയ്ക്കും ദീപികയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഇങ്ങനെയൊരു തീരുമാനമില്ലെന്ന് വ്യക്തമാക്കിയിട്ടും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അയച്ചു കൊടുത്തിട്ടും ഈ മാധ്യമങ്ങള്‍ വ്യാജവാർത്ത നൽകുകയായിരുന്നെന്ന് മന്ത്രി വ്യക്തമാക്കി.
തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയെയുമാണ് ലേഖകൻ ഈ പ്രവർത്തിയിലൂടെ നശിപ്പിച്ചത്. മാധ്യമ പ്രവർത്തകർ ഇത്രയും നിരുത്തരവാദപരമായി വാർത്തകൾ നൽകുന്നത് ഖേദകരമാണ്. വാർത്ത തെറ്റാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇതു പ്രസിദ്ധീകരണത്തിന് നൽകുന്നതിനെ എന്തു തരത്തിലുള്ള മാധ്യമ പ്രവർത്തനം എന്നാണ് വിളിക്കേണ്ടതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഒരു മുത്തശ്ശിക്കഥ!
ഇന്ന് പ്രസിദ്ധീകരിച്ച ദീപികയിലും മാതൃഭൂമിയും വന്ന (വ്യാജ) വാർത്തയാണ്. ഇന്നലെ (28.05.25) നടന്ന ക്യാബിനറ്റ് യോഗത്തിൽ ഇങ്ങനെ ഒരു ഫയൽ ഞാൻ മുൻകൈ എടുത്ത് കൊണ്ടു ചെന്നിട്ടുമില്ല, ക്യാബിനറ്റ് പാസാക്കിയിട്ടുമില്ല. ദീപികയുടെ തിരുവനന്തപുരം ലേഖകൻ (പേര് ഒഴിവാക്കുന്നു) ഇതിന്റെ വിവരങ്ങൾ ആരാഞ്ഞ് എന്റെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അത്തരമൊരു തീരുമാനം ഇല്ലെന്ന് വ്യക്തമാക്കുകയും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും... ശമ്പളം തരുന്ന പ്രസിദ്ധീകരണത്തോട് അൽപം ആത്മാർത്ഥ വേണ്ടേ... എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റിയെയുമാണ് ആ ലേഖകൻ ഈ പ്രവർത്തിയിലൂടെ നശിപ്പിച്ചിരിക്കുന്നത്.
ക്യാബിനറ്റ് തീരുമാനങ്ങൾ എല്ലാ മാധ്യമ പ്രവർത്തകർക്കും ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെ ലഭ്യമാക്കുന്നതുമാണ്. അതു പരിശോധിച്ചിരുന്നു എങ്കിൽ പോലും ഈ വ്യാജ റിപ്പോർട്ടിങ് ഒഴിവാക്കാമായിരുന്നു. മാധ്യമ പ്രവർത്തകർ ഇത്രയും നിരത്തരവാദപരമായി വാർത്തകൾ നൽകുന്നത് ഖേദകരമാണ്. വാർത്ത തെറ്റാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇതു പ്രസിദ്ധീകരണത്തിന് നൽകുന്നതിനെ എന്തു തരത്തിലുള്ള മാധ്യമ പ്രവർത്തനം എന്നാണ് വിളിക്കേണ്ടത്.... സ്വയം വിലയിരുത്തുക.









0 comments