‘തിയറ്ററുകൾ വിളിക്കുന്നു, ആവേശം ഹൃദയത്തിൽ നിറയുന്നു’ സിനിമാ ടിക്കറ്റ്‌ ശേഖരവുമായി ദീദി ദാമോദരന്‍റെ ആശംസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2021, 09:07 PM | 0 min read

കൊച്ചി > കോവിഡ്‌ രോഗവ്യാപനം കുറഞ്ഞ്‌ തിയറ്ററുകൾ വീണ്ടും തുറക്കുന്ന ഘട്ടത്തിൽ സിനിമാ ടിക്കറ്റ്‌ ശേഖരത്തിന്റെ ചിത്രത്തിനൊപ്പം ആശംസകൾ പങ്കുവെച്ച്‌ ടി ദാമോദരന്റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ.

ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌ തിയറ്റർ ഓർമകൾ ദീദി പങ്കുവെച്ചത്‌. തന്റെ സിനിമാ ടിക്കറ്റ്‌ ശേഖരത്തിന്റെ ചിത്രത്തിനെപ്പമാണ്‌ കുറിപ്പ്‌.  കോവിഡ്‌ പ്രതിസന്ധിയിൽ അടച്ചുപൂട്ടിയ തിയറ്റുറുകളേയും മരിച്ച പ്രതിഭകളേയും അനുസ്‌മരിക്കുന്ന കുറിപ്പ്‌ ‘സിനിമ വെളിച്ചം ഒരിക്കലും അണായാതിരിക്കട്ടെ’ എന്ന ആശംസയോടെയാണ്‌ സമാപിക്കുന്നത്‌.

കുറിപ്പിന്റെ പൂർണരൂപം


തിയറ്ററുകളിൽ  ഒച്ചയും അനക്കവും വീണ്ടുമുണരുമ്പോൾ ചിതൽ തിന്നു പോകാത്ത ഒരു കാലം കരുതിവച്ചിട്ടുണ്ട് സമ്പാദ്യമായിട്ട്.   

സിനിമാ ടിക്കറ്റുകളാണ് അതിന്റെ അടയാളമായി ബാക്കി നിൽക്കുന്നത്. ഗൃഹാതുരമായ കാലമാണതിൽ മുദ്രവച്ചിരിക്കുന്നത്. തീപ്പെട്ടി പിക്ച്ചറുകൾ പോലെ സിനിമാ ടിക്കറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്നതും ഒരോർമ്മയാണ്. ആരോടൊപ്പം എപ്പോൾ ഏത് സിനിമ ഏത് തിയറ്ററിൽ എന്ന കൊച്ചുകൊച്ചു വിവരണങ്ങൾ ടിക്കറ്റിന്റെ മറുപുറത്തെഴുതിയ കാലത്ത് അച്ഛനും അമ്മയും ഇന്നും  ഒപ്പമുണ്ട്.

അച്ഛന്റെ സിനിമകളും. അഹിംസ, അങ്ങാടി, ഈനാട്,  ഇന്നല്ലെങ്കിൽ നാളെ,  ഉണരൂ,  കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ,  ആവനാഴി,അബ്കാരി, 1921, കാലാപാനി......
ടിക്കറ്റെടുത്ത് തന്നെ സ്വന്തം സിനിമകൾ കാണണം എന്ന നിർബന്ധബുദ്ധി അച്ഛന് എന്നുമുണ്ടായിരുന്നത് കൊണ്ട് അത് സൂക്ഷിച്ചു വയ്ക്കുന്ന ശീലം എന്റെയും പതിവായി.

തിയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ഇല്ലാതായിപ്പോയ സംഗവും പുഷ്പയും ഡേവിസണും ബ്ലൂഡയമണ്ടുമെല്ലാം ടിക്കറ്റുകളായി ഓർമ്മയിൽ വീണ്ടും കയറിയിറങ്ങുന്നു. ടിക്കറ്റിങ് ഏർപ്പെടുത്തിയ ഗോവ ഫിലീം ഫെസ്റ്റിവൽ കാലം തൊട്ട് ഐ.എഫ്.എഫ്.ഐ-യുടെ അമ്പത്തിയൊന്നാം എഡീഷൻ വരെയുള്ള  മുഴുവൻ ടിക്കറ്റുകളും ഇപ്പോഴും ഒപ്പമുണ്ട്.

ചിരിയും കണ്ണീരും ആരവങ്ങളും നിറഞ്ഞ പതിറ്റാണ്ടുകൾ. അറ്റമില്ലാത്ത താരാപഥങൾ. ഭൂമി വിട്ടു പോയിട്ടും ഭൂമിയിൽ നിന്നും പോകാതെ  വെള്ളിത്തിരയിൽ ചിരിയും കരച്ചിലും പ്രാർത്ഥനയുമായി തിളങ്ങുന്നവരുടെ ഒരു നിരതന്നെ മുന്നിലുണ്ട്.

എസ് പി ബാലസുബ്രഹ്മണ്യം, കിം കീ ഡൂക്ക്, പ്രിയപ്പെട്ട  ശിവൻചേട്ടൻ... മഹാമാരിക്കാലത്ത് അപ്രത്യക്ഷരായ മഹാപ്രതിഭകളുടെ ആത്മാക്കൾ തണലേകുന്നു.
സിനിമ എന്ന  പ്രസ്ഥാനത്തെ നൂറ്റാണ്ടുകളായി ഇവിടെ നിലനിർത്തിപ്പോരുന്ന അഭയകൂടാരങ്ങൾ വെളിച്ചത്തിലേക്ക് മിഴി തുറക്കുന്നു.  

തിയറ്റററുകൾ വിളിക്കുന്നു. ടിക്കറ്റെടുത്ത് ആദ്യം  സിനിമക്ക് പോയ  അതേ ആവേശം  ഹൃദയത്തിൽ നിറയുന്നു.

സിനിമാവെളിച്ചം
അണയാതിരിക്കട്ടെ

 



deshabhimani section

Related News

View More
0 comments
Sort by

Home