ചോര കുടിക്കുന്ന ബിജെപി ഭരണത്തെ മാത്രമല്ല വിചാരണ ചെയ്യേണ്ടത്; മാപ്പർഹിക്കാത്ത മാധ്യമ നിശബ്‌ദതയെ കൂടിയാണ്: എ എ റഹിം

തിരുവനന്തപുരം > ചോര കുടിക്കുന്ന ബിജെപി ഭരണത്തെ മാത്രമല്ല, മാപ്പർഹിക്കാത്ത മാധ്യമ നിശബ്‌ദതയെ കൂടിയാണ് വിചാരണ ചെയ്യേണ്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. യുപി ലഖീംപുരിലെ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മലയാള പത്രങ്ങളുടെ വാർത്തകളെ ചൂണ്ടിയായിരുന്നു റഹീമിന്റെ പ്രതികരണം. കർഷകവേട്ടയിൽ മറ്റ് പത്രങ്ങൾ സംഘർഷം എന്നെഴുതി ലഘൂകരിക്കാൻ ശ്രമിച്ചപ്പോൾ "കേന്ദ്രമന്ത്രിയുടെ മകൻ കാർ കയറ്റി കൊന്നു' എന്ന ദേശാഭിമാനി വാർത്ത നിലപാടുകൾ പറയാൻ ധൈര്യപ്പെടുന്നതിനെ സൂചിപ്പിക്കുന്നതായും റഹീം പറഞ്ഞു.
ബിജെപി ഭരണത്തിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ച് പറയാൻ മാധ്യമങ്ങൾക്ക് പേടിയാണെന്നും റഹീം ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്വാഭാവിക മരണമല്ല, ഏകപക്ഷീയമായ കൂട്ടക്കൊലകളാണ് രാജ്യത്ത് നടക്കുന്നത്. അത് പറയാനുള്ള നട്ടെല്ലുറപ്പു മാധ്യമങ്ങൾക്കില്ല. അങ്ങനെ പറയാനുള്ള ശക്‌തി അവരുടെ നാക്കിനുമില്ല. കഠിനമായ രാഷ്ട്രീയം പറയാൻ കെൽപ്പില്ലാതായെന്നും റഹീം കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ, ആസ്സാമിൽ, ഹരിയാനയിൽ നമ്മൾ കേട്ടതും കണ്ടതും സംഘപരിവാർ നേതൃത്വം നൽകുന്ന വിവിധ സർക്കാരുകൾ നടത്തുന്ന ക്രൂരമായ നരവേട്ടയാണ്.ഇതിനവർക്ക് ധൈര്യം പകരുന്നതാണ് മാധ്യമങ്ങളുടെ ജനാധിപത്യ വിരുദ്ധമായ ഈ മൗനം. നിങ്ങൾ ആർക്കൊപ്പം എന്ന ചോദ്യം ജനങ്ങൾ ചോദിക്കണം. നിർഭയമായി നിവർന്നു നിന്ന് സംസാരിക്കൂ... അത് അത്ര എളുപ്പമല്ല. മോശയുടെ അംശവടിയേയും യേശുവിനെ ഒറ്റിയ വെള്ളിക്കാശിനെ കുറിച്ചും സംസാരിക്കുന്നതു പോലെ അനായാസമല്ല.
വഷളന്മാർ വട്ടം കൂടി പിതൃത്വത്തെ ചോദ്യം ചെയ്യുന്നതല്ല മാധ്യമ പ്രവർത്തനം. ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്കായി ചെയ്‌സിങ് നടത്തുന്ന പാപ്പരാസി പ്രവർത്തനമല്ല നാടിന് ആവശ്യം. കഠിനമായ കാലത്ത് നിലപാടുകൾ പറയാൻ ധൈര്യമുണ്ടോ എന്ന് മാത്രമാണ് അറിയേണ്ടത്. മറ്റെല്ലാം ആർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. നിലപാടുകളിൽ നിങ്ങൾ ഏതു പക്ഷത്ത് എന്നാണ് ജനങ്ങൾക്ക് കേൾക്കേണ്ടത്.നിലപടുകൾ നിങ്ങൾക്കുണ്ടോ എന്നാണ് നാടിന് അറിയേണ്ടത് - റഹീം പറഞ്ഞു.
Related News

0 comments