"കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ താലിബാൻ ഭീകരരെ വളര്‍ത്തി"; അമേരിക്ക അഫ്‌ഗാനോട്‌ ചെയ്‌തത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2021, 12:28 PM | 0 min read

അൽപ്പ നാളുകൾക്ക് മുന്നേ മുൻ അമേരിക്കൻ പ്രസിഡന്റ് കാന്റീഡേറ്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ഹിലരി ക്ലിന്റണ് നടത്തിയ തുറന്നു പറച്ചിൽ ഇന്നും യൂ ട്യൂബിലുണ്ട്. 'കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ യുദ്ധം ചെയ്യാൻ നമ്മൾ താലിബാനെ സഹായിച്ചു വളർത്തി,ഇന്നവർ നമുക്കും മറ്റു രാഷ്ട്രങ്ങൾക്ക് പോലും ഭീഷണിയായി മാറിയിരിക്കുന്നു എന്ന്'. ശ്രീകാന്ത്‌ പി കെ എഴുതുന്നു.

താലിബാൻ ഒടുവിൽ കാബൂൾ കീഴടക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ അഫ്‌ഗാൻ പതാക മാറ്റി താലിബാൻ പതാകയുയർത്തി.രാജ്യത്തിന്റെ പേര് 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാനെന്ന് ' ഉടൻ മാറ്റുമെന്ന് താലിബാൻ വാർത്താ കുറിപ്പിൽ അറിയിച്ചു. ഭീകരർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടു. കണ്മുന്നിൽ ഒരു ജനത ഇരുണ്ട കാലത്തിലേക്ക് വീണ്ടും കൂപ്പ് കുത്തി വീഴുന്നു.

ഗ്ലോബൽ സൗത്തിൽ ഒരുപക്ഷെ ഏറ്റവുമാദ്യം യൂറോപ്യൻ ഇമ്പീരിയലിസ്റ്റുകളിൽ നിന്ന് സ്വാതന്ത്രം നേടിയ രാജ്യമാകും അഫ്‌ഗാനിസ്ഥാൻ.സോവിയറ്റ് യൂണിയൻ ഉണ്ടായതിന് രണ്ട് വർഷങ്ങൾക്ക് ശേഷം 1919-ൽ തന്നെ ബ്രിട്ടന്റെ കോളനി വാഴ്ചയിൽ നിന്ന് അഫ്ഗാൻ സ്വാതന്ത്രം നേടി.സോവിയറ്റ് യൂണിയൻ ഉണ്ടായ കാലം മുതൽ അവസാനം വരെ അഫ്ഗാനുമായി അടുത്ത വ്യാപാര ബന്ധം പുലർത്തിയിരുന്നു.

സോർ വിപ്ലവാനന്തരം അഫ്ഗാനിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായിരുന്ന നൂർ മുഹമ്മദ് തരാക്കിയായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്‌ഗാനിസ്ഥാന്റെ ആദ്യ പ്രസിഡന്റ്.1978 മുതൽ 1992 വരെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ അഫ്ഗാൻ ഭരിച്ചു.ഏതൊരു സോഷ്യലിസ്റ്റ് സമൂഹങ്ങളിലേയും പോലെ പുരോഗമന പക്ഷത്ത് നിന്നു കൊണ്ടുള്ള വൻ പരിഷ്കാരങ്ങൾക്ക് ആ ഗവണ്മെന്റ് തുടക്കം കുറിച്ചു.

മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യ സംരക്ഷണം,എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ വിദ്യാഭ്യാസം,ആയിരത്തോളം സ്കൂളുകൾ പുതിയതായി നിർമ്മിച്ചു,തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുകയും സ്ത്രീപുരുഷ തുല്യത മുഴുവൻ മേഖലകളിലേക്കും കൊണ്ടുവരാനുള്ള നയങ്ങൾ കൈക്കൊള്ളുകയും ചെയ്തു,ശൈശവ വിവാഹ നിരോധനം,അഫ്ഗാൻ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് സർക്കാർജോലി തുടങ്ങി അന്നേവരെ അഫ്ഗാൻ ജനത കണ്ടിട്ടില്ലാത്തതരം തീരുമാനങ്ങളിലൂടെ സുവർണ്ണ കാലത്തിലേക്ക് കമ്യൂണിസ്റ്റ് സർക്കാർ നയിച്ചു.ഇതിലൊക്കെയുപരി കേരളത്തിലെന്ന പോലെ അഫ്‌ഗാനിലെയും വലത് പക്ഷ സമുദായ കക്ഷികളെ വിളറി പിടിപ്പിച്ചത് കമ്യൂണിസ്റ്റ് സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്കരണമായിരുന്നു. ഫ്യൂഡൽ സമുദായ ഗോത്രങ്ങൾ ഗവണ്മെന്റിനെതിരെ തിരിയാനുള്ള ഒരു പ്രധാന കാരണമായി അത് മാറി.

1980-ൽ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ നടത്തിയ ഒരു പ്രസംഗമുണ്ട്. "ഒരു സ്വതന്ത്ര ഇസ്ലാമിക ജനതയെ കീഴ്പ്പെടുത്താനുള്ള കമ്യൂണിസ്റ്റ് നിരീശ്വരവാദ ഗവൺമെന്റിന്റെ മനപൂർവമായ ശ്രമമാണിത്." അഫ്ഘാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്താനുള്ള മുജാഹിദ് തീവ്രവാദികളുടെ ശ്രമത്തെ നേരിടാൻ ആർമിയെ അയച്ച  സോവിയറ്റ് യൂണിയനെതിരെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ്.അവിടെ നിന്ന് തുടങ്ങി അഫ്ഗാൻ ജനതയുടെ ഇരുണ്ട കാലം. താലിബാന് ആയുധങ്ങളും,പണവും,കറുപ്പും, എന്തിന് സ്ത്രീകളെയടക്കം നൽകി വലുതാക്കി അഫ്ഗാൻ സർക്കാരിനും സോവിയറ്റുകൾക്കുമെതിരെ യുദ്ധം ചെയ്യിച്ച അമേരിക്കൻ മുതലാളിത്തം കേരളത്തിലെ മാധ്യമത്തിനും മുന്നേ അന്ന് താലിബാൻ ഭീകരരെ പോരാളികളായി കണ്ട് ഹോളിവുഡ് സിനിമകൾ വരെയിറക്കി.റാംബോ 3 എന്ന ഹോളിവുഡ് സിനിമയുടെ ഒടുവിൽ സിനിമ അഭിവാദ്യമർപ്പിക്കുന്നത് താലിബാൻ തീവ്രവാദികൾക്കാണ്.

കമ്യൂണിസ്റ്റ് ഗവണ്മെന്റിന് കീഴിൽ അഫ്ഗാൻ സാമൂഹ്യ-രാഷ്ട്രീയ മേഖലകളിൽ മാത്രമല്ല,വിദ്യാഭ്യാസ-വിവര സാങ്കേതിക രംഗങ്ങളിലും വളരെ മുന്നോട്ട് പോയ രാജ്യമായിരുന്നു.കമ്പ്യൂട്ടർ റെവല്യൂഷൻ കാലത്ത്  സോവിയറ്റ് സഹായത്തോടെ ട്രാൻസിസ്റ്റ്‌റുകൾ സ്വന്തമായി നിർമ്മിക്കുന്ന R&D പോലും അഫ്ഗാൻ വികസിപ്പിച്ചിരുന്നു.അമേരിക്ക ബാക് ചെയ്ത താലിബാന്റെ അട്ടിമറി ഇല്ലാതെ ആ ഗവണ്മെന്റ് മുന്നോട്ട് പോയിരുന്നുവെങ്കിൽ ഇന്ന് സൗത്ത് ഏഷ്യയിലെ ഏറ്റവും വികസിതവും പുരോഗതിയാർജിച്ചതുമായ രാജ്യമായി മാറുമായിരുന്നു ആ ജനത.അവരാണ് ദാരിദ്ര്യത്തിന്റെ പടുക്കുഴിയിൽ മത നിയമങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കേണ്ടി വരുന്നത്.

കമ്യൂണിസ്റ്റ് പ്രസിഡന്റ് ഡോ. നജീബുള്ളയെ പരസ്യമായി തൂക്കിലേറ്റി താലിബാൻ അധികാര കൈമാറ്റം ചെയ്‌ത് പോയ ജനാധിപത്യത്തിന്റെ മൊത്ത കച്ചവടക്കാരായ അമേരിക്ക 96 മുതൽ 2001 വരെ അഗ്‌ഫാൻ ജനതയെ ഇരുണ്ട കാലത്തിലേക്ക് താലിബാൻ കുരുതി കൊടുത്തു. അൽപ്പ നാളുകൾക്ക് മുന്നേ മുൻ അമേരിക്കൻ പ്രസിഡന്റ് കാന്റീഡേറ്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ഹിലരി ക്ലിന്റണ് നടത്തിയ തുറന്നു പറച്ചിൽ ഇന്നും യൂ ട്യൂബിലുണ്ട്. 'കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ യുദ്ധം ചെയ്യാൻ നമ്മൾ താലിബാനെ സഹായിച്ചു വളർത്തി,ഇന്നവർ നമുക്കും മറ്റു രാഷ്ട്രങ്ങൾക്ക് പോലും ഭീഷണിയായി മാറിയിരിക്കുന്നു എന്ന്'.

ആ താലിബാൻ ഭീകരർക്ക്‌ അധികാരത്തിലേക്ക്‌ വീണ്ടും വഴിതുറന്നത് 2020 ഫെബ്രുവരിയിൽ അമേരിക്കയിലെ  ട്രംപ്‌ സർക്കാർ അവരുമായി ദോഹയിൽ വച്ച് കരാറിലെത്തിയതിലൂടെയാണ്. ഒന്നരവർഷം തികയുംമുമ്പ്‌ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. അമേരിക്ക അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ സേനാ പിന്മാറ്റം ആരംഭിച്ച മേയ്‌ അവസാനത്തോടെ പ്രദേശങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തുതുടങ്ങിയ താലിബാനു മുന്നിൽ തലസ്ഥാനമായ കാബൂളും ഒടുവിൽ വീണു.

ഏതൊരു മത രാഷ്ട്രത്തിലേയും പ്രാഥമിക ഇരകൾ സ്ത്രീകളാണെന്ന പോലെ താലിബാൻ വീണ്ടും കാടൻ നിയമങ്ങൾ അനുസരിക്കാൻ ശാസനം നൽകിയിരിക്കുകയാണ്.ഒരു കാലത്ത് സ്വതന്ത്രമായി യൂണിവേഴ്‌സിറ്റികളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു സന്തോഷത്തോടെ പഠനം നടത്തിയിരുന്ന പെണ് കുട്ടികളുള്ള അതേ അഫ്‌ഗാനിലാണ് അൽപ്പ ദിവസം മുന്നേ പർദ്ദ ധരിക്കാതെ പുറത്തിറങ്ങയതിന് താലിബാൻ ഭീകരൻ ഒരു പെണ് കുട്ടിയെ വെടിവച്ചു കൊന്നത്. പഴയ താലിബാൻ ഭരണത്തിൽ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തിരിച്ചു പോകണമെന്ന് അഫ്ഗാൻ ജനതയ്ക്ക് താലിബാൻ മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു.

നാല് നാൾ മുന്നേ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒരു പ്രസ്‌താവന നടത്തി. അഫ്‌ഗാനിലെ സേനാ പിന്മാറ്റത്തിൽ  പശ്ചാത്താപമില്ലെന്നും താലിബാൻ ഭരണം പിടിക്കുന്നതിനെ കുറിച്ചു ഒന്നും പറയാനില്ലെന്നും. എന്ത് പറയാൻ, ഇനി താലിബാനുമായി ആയുധ കച്ചവട കരാറിൽ ഏർപ്പെടാനുള്ള പണിയായിരിക്കും അമേരിക്ക നോക്കുന്നുണ്ടാകുക. കമ്യൂണിസ്റ്റുകളെ തുരത്തി അധികാരം അട്ടിമറിച്ച്‌ ഒരു ജനതയെ ഇരുണ്ട കാലത്തിലേക്ക് തള്ളി വിടാൻ കൂട്ടു നിന്ന കണ്ടു സന്തോഷിച്ച എല്ലാവർക്കും ഇന്ന് കള്ള കണ്ണീർ പൊഴിച്ച് സേവ് അഫ്‌ഗാനിസ്ഥാൻ ഹാഷ് ടാഗിൽഅഭിരമിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home