ബിജെപിക്കാര്‍ ഉള്ളില്‍ അടക്കിപ്പിടിച്ച പ്രതിഷേധമാണ് അബദ്ധത്തിലെങ്കിലും ആ പ്രവര്‍ത്തക പ്രകടിപ്പിച്ചത്: തോമസ് ഐസക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 17, 2021, 11:36 AM | 0 min read

കൊച്ചി > ബിജെപിയുടെ സമരത്തില്‍ പ്രവര്‍ത്തക ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ് പിടിച്ചത് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ബുധനാഴ്ച രാവിലെ വനം കൊള്ളയ്ക്കെതിരെ എന്ന പേരില്‍ ബിജെപി ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് അമളി പിണഞ്ഞത്. 'പെട്രോളിന് സെഞ്ച്വറിയടിച്ചു -പ്രതിഷേധിക്കുക-ഡിവൈഎഫ്ഐ 'എന്ന പ്ലക്കാര്‍ഡായിരുന്നു നഗരസഭാ കൗണ്‍സിലര്‍ പിടിച്ചത്.

ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡേന്തിയ ബിജെപി പ്രവര്‍ത്തകയുടെ ചിത്രം ട്രോളുകളായും സോഷ്യല്‍മീഡയയില്‍ നിറഞ്ഞു. എന്നാല്‍ സംഭവത്തില്‍ കൗണ്‍സിലറെ ട്രോളുന്നതില്‍ അര്‍ത്ഥമില്ലെന്നും, രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന പ്രതിഷേധമാണ് അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. 'ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.'-ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ...
ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്‌ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?



deshabhimani section

Related News

View More
0 comments
Sort by

Home