63 വർഷങ്ങൾക്ക് മുമ്പ് ''മാതൃഭൂമി'' വ്യാജവാർത്തയിലൂടെ ''കൊലപ്പെടുത്തിയ '' എച്ച് കോനാരത്തിന്‌ ഇന്ന്‌ 84 ാം ജന്മദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 01, 2021, 03:23 PM | 0 min read

ചാവക്കാടിനടുത്ത് തിരുവത്രയിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരിക്കുന്നു..ഹമീദ് എന്ന ചെറുപ്പക്കാരനാണ് മൃഗീയമായി കൊല ചെയ്യപ്പെട്ടത്.കമ്മ്യൂണിസ്റ്റുകാരാണ് കൃത്യം നിർവ്വഹിച്ചതെന്നും പത്രം..മൃതദേഹം കഷണം കഷണമാക്കി പലയിടങ്ങളിലായി കുഴിച്ചിട്ടു.. കെ വി അബ്‌ദുൽ ഖാദർ എംഎൽഎയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

എച്ച് കോനാരത്തിന് 84-ാം ജന്മദിനാശംസകൾ നേരുന്നു..ഇനിയും നിരവധി വർഷങ്ങൾ അദ്ദേഹം മക്കൾക്കും പേരമക്കൾക്കും ഒപ്പം ക്ഷേമ ഐശ്വര്യങ്ങളോടെ ജീവിക്കട്ടെ.. ഇനി എച്ച് കോനാരത്ത് ആരെന്ന് വിശദീകരിക്കാം..ഹമീദ് എന്നാണ് പേര്. ചാവക്കാടിനടുത്ത് തിരുവത്ര സ്വദേശിയാണ്..കഥകൾ എഴുതുകയും നാടകം രചിക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്..

തൂലികാ നാമമാണ് എച്ച് കോനാരത്ത്. കേരള രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ ഉളവാക്കിയ വലിയ ഒരു വാർത്തയിലെ പ്രധാന കഥാപാത്രമായിരുന്നു ഹമീദ്. കമ്മ്യൂണിസ്റ്റ്കാരെ മാധ്യമങ്ങൾ നുണവാർത്തകളിലൂടെ വേട്ടയാടുന്ന കാലത്ത് ഏറെ പ്രസക്തമായ സംഭവകഥയിലെ നായകൻ.. 1957_59 ലെ ഇഎംഎസ് സർക്കാരിൻ്റെ ഭരണ കാലത്താണ് കോളിളക്കം ഉണ്ടാക്കിയ വാർത്ത ..
വിമോചന സമരം കൊടുമ്പിരി കൊണ്ട കാലം..

"മാതൃഭൂമി '' അന്ന് കോഴിക്കോടു നിന്ന് പ്രസിദ്ധീകരിക്കുന്നു..വിമോചന സമരത്തിന് എരിവു പകരാൻ ചൂടൻ വാർത്തകൾ മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിക്കുന്ന ഘട്ടം..മാതൃഭൂമിയിൽ 1958ലെ ഒരു നാൾ മുൻ പേജിൽ സ്ഫോടനാത്മകമായ വാർത്ത..

ചാവക്കാടിനടുത്ത് തിരുവത്രയിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരിക്കുന്നു..ഹമീദ് എന്ന ചെറുപ്പക്കാരനാണ് മൃഗീയമായി കൊല ചെയ്യപ്പെട്ടത്. കമ്മ്യൂണിസ്റ്റുകാരാണ് കൃത്യം നിർവ്വഹിച്ചതെന്നും പത്രം..മൃതദേഹം കഷ്‌ണം കഷ്‌ണമാക്കി പലയിടങ്ങളിലായി കുഴിച്ചിട്ടു..

ഒരു ഭാഗം കണ്ടെടുത്തു.പൊലിസ് അന്വേഷണം തുടരുന്നു.. ഇങ്ങിനെയൊരു വാർത്ത ഉണ്ടാക്കാനിടയുള്ള പുകിൽ ഊഹിക്കാവുന്നല്ലെ ഉള്ളു..അതു തന്നെ സംഭവിച്ചു..പ്രതിപക്ഷം സ്വാഭാവികമായും സർക്കാരിനെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും ബഹളം വച്ചു.സർക്കാരും പൊലിസും ഉണർന്നു പ്രവർത്തിച്ചു..അന്വേഷണം നടത്തി.പിറ്റെദിവസം പൊലിസ് ഐജി പറഞ്ഞു അങ്ങിനെ ഒരു സംഭവമെ തിരുവത്രയിൽ ഉണ്ടായിട്ടില്ല എന്ന്.പത്രം വ്യാജ വാർത്ത ചമയ്ക്കുകയായിരുന്നു എന്ന് വ്യക്തമായി..

'മാതൃഭൂമി ' പത്രം ഈ പ്രശ്നം ഗൗരവായി എടുത്തു..എഡിറ്റോറിയൽ ബോർഡ് അന്വേഷണം നടത്തി..വാർത്ത എങ്ങിനെ വന്നു എന്ന് പരിശോധിച്ചു..അപ്പോഴാണ് ഡെസ്ക്കിൽ ഒരു ലെറ്റർപാഡിൽ തയ്യാറാക്കി നൽകിയ വാർത്ത കണ്ടത്..അത് പൊന്നാനി ഫർക്ക\താലൂക്ക്  കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടിൻ്റെതായിരുന്നു..അദ്ദേഹം തിരുവത്ര സ്വദേശിയാണ്..അദ്ദേഹത്തെ പത്രം ഓഫീസിൽ നിന്ന് വിളിച്ചു..അദ്ദേഹവും പറഞ്ഞു..താനങ്ങിനെ ഒരു വാർത്ത നൽകിയിട്ടില്ല..പിന്നീട് വ്യക്തമാക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായ ആരോ ചെയ്തതാണ്..ഏതായാലും പത്രം സംഭവത്തിൽ നിർവ്യാജം ഖേദപ്രകടനം നടത്തി..

63 വർഷങ്ങൾക്ക് മുമ്പ് കൊലചെയ്യപ്പെട്ടെന്ന് പ്രമുഖ പത്രത്തിൽ വന്ന വാർത്തയിലെ  നായകൻ ഇന്ന് 84_ാം ജന്മദിനം ആഘോഷിക്കുമ്പോൾ അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.. കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ ഫലം  നാളെ പുറത്തുവരാൻ പോവുകയാണ്..അനേകം വിരുദ്ധവാർത്തകളാൽ ആക്രമിക്കപ്പെട്ടിട്ടും തളരാത്ത ഒരു മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി..വിമോചന സമരം കൊണ്ട് പിരിച്ചു വിടപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ദൃശ്യമാദ്ധ്യമങ്ങളുടെ കാലത്തിലേക്കുള്ള മാറ്റം.സമൂഹ മാധ്യമങ്ങളുടെ കാലത്തിലേക്കുള്ള മാറ്റം..കാതോർത്തിരിക്കാം ഫലത്തിനായി..ഒപ്പം കാല പ്രവാഹത്തിൽ കമ്മ്യൂണിസ്റ്റ് സഹയാത്രികനായി മാറിയ പ്രിയപ്പെട്ട എച്ച് കോനാരത്തിന് എൻ്റെ ചെമ്പനിനീർ പൂക്കൾ..



deshabhimani section

Related News

View More
0 comments
Sort by

Home